Business

ഏപ്രിൽ 2ന് യുഎസ് പകരം നികുതി ചുമത്തില്ല; താരിഫ് വിഷയത്തിൽ കേന്ദ്രം

ദില്ലി: ഏപ്രിൽ രണ്ടിന് ഇന്ത്യക്ക് മേൽ ട്രംപ് പകരം തീരുവ ചുമത്താൻ സാധ്യതയില്ലെന്ന് കേന്ദ്രം. ഇറക്കുമതി തീരുവയിൽ ഇന്ത്യ അമേരിക്കക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇന്ത്യ താരിഫ് കുറയ്ക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ വിഷയത്തിൽ പ്രതികരണം. അമേരിക്കയുമായുള്ള ചർച്ചകൾ പൂർത്തിയാകാൻ സമയം എടുക്കുമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി സുനിൽ ബർത്വാൾ പറഞ്ഞു. വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

യുഎസിനോട് യാതൊരു പ്രതിജ്ഞാബദ്ധതയും സർക്കാർ നൽകിയിട്ടില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ച് ഉന്നയിക്കുന്ന പ്രശ്നം പരിഹരിക്കാൻ സെപ്റ്റംബർ വരെ സമയം തേടിയിട്ടുണ്ടെന്നും സർക്കാർ പാർലമെന്ററി പാനലിനോട് പറഞ്ഞു. ഇന്ത്യയും യുഎസും പരസ്പരം പ്രയോജനകരമായ ഉഭയകക്ഷി വ്യാപാര കരാറിനായി പ്രവർത്തിക്കുന്നുണ്ടെന്നും ഉടനടി താരിഫ് ക്രമീകരണങ്ങൾ തേടുന്നതിനുപകരം ദീർഘകാല വ്യാപാര സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.

ഇന്ത്യയ്‌ക്കെതിരായ താരിഫ് നടപടികളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനും ശ്രമിക്കുന്നുണ്ട്. ചൈന, കാനഡ, മെക്സിക്കോ എന്നിവയിൽ നിന്ന് തികച്ചും വ്യത്യസ്തമായി, ഇന്ത്യ വാഷിംഗ്ടണുമായി വ്യാപാര കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഏപ്രിൽ 2 മുതൽ ഉയർന്ന താരിഫ് ഉള്ള രാജ്യങ്ങൾക്കെതിരെ തിരിച്ചും നികുതി ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അസദുദ്ദീൻ ഒവൈസി, ദീപേന്ദർ ഹൂഡ, സാഗരിക ഘോഷ് തുടങ്ങിയ ചില പ്രതിപക്ഷ എംപിമാർ വാണിജ്യ സെക്രട്ടറിയോട് യുഎസിന്റെ നികുതി ഭീഷണിയെക്കുറിച്ച് ചോദ്യം ഉന്നയിച്ചിരുന്നു.

ഇന്ത്യ താരിഫ് കുറയ്ക്കാൻ സമ്മതിച്ചതായുള്ള മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം. കോൺഗ്രസ് എംപി ശശി തരൂർ നയിക്കുന്ന പാർലമെന്ററി പാനൽ വാണിജ്യ സെക്രട്ടറിയും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും തങ്ങളുടെ മുമ്പാകെ ഹാജരാകാനും സമീപകാല സംഭവവികാസങ്ങൾ വിശദീകരിക്കാനും ആവശ്യപ്പെട്ടിരുന്നു.

error: