വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: രണ്ടാംഘട്ട തെളിവെടുപ്പ് തുടരുന്നു
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ രണ്ടാംഘട്ട തെളിവെടുപ്പ് ആരംഭിച്ചു. അഫാനെ പിതൃസഹോദരന്റെ ചുള്ളാളത്തെ വീട്ടിലെത്തിച്ച് പ്രതിയെ തെളിവെടുപ്പ് നടത്തി. കുത്തുവാക്കുകളിൽ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി.
80000 രൂപ ലത്തീഫിന് നൽകാനുണ്ടായിരുന്നു. അഫാന്റെ ആർഭാട ജീവിതം കൊണ്ടാണ് ഇത്രയധികം സാമ്ബത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തി. ഇതിൽ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയത്. സോഫയിലിരുന്ന ലത്തീഫിനെ ആക്രമിക്കുന്നതിനിടയിൽ ലത്തീഫിന്റെ മൊബൈലിലേക്ക് കോൾ വന്നു. ഇതോടെ തുടർച്ചയായി ചുറ്റികകൊണ്ട് തലയ്ക്കടിച്ചു.
ഇതുകണ്ട ലത്തീഫിന്റെ ഭാര്യ സാജിത അടുക്കളയിലേക്ക് ഓടിയെന്നും പിറകെ ഓടിച്ചെന്ന് അവരെയും അടിച്ചുവീഴ്ത്തി. ഇതിനുശേഷം പുറത്തേക്കിറങ്ങി ലത്തീഫിന്റെ ഫോൺ എടുത്ത് വീടിന് സമീപത്തെ കുഴിയിലേക്ക് വലിച്ചെറിഞ്ഞെന്നും അഫാൻ മൊഴി നൽകി.
ഇന്ന് നടന്ന തെളിവെടുപ്പിൽ ലത്തീഫിന്റെ ഫോൺ ഉൾപ്പെടെ കണ്ടെടുത്തു. മൂന്നു ദിവസത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കിളിമാനൂർ പൊലീസാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.
ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ. മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ മരിച്ചെന്നായിരുന്നു അഫാൻ കരുതിയിരുന്നത്.
ഇതിന് പിന്നാലെ അഫാൻ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തിരുന്നു. മാതാവിനെ ആക്രമിച്ച ശേഷമായിരുന്നു അഞ്ച് കൊലപാതകങ്ങളും അഫാൻ നടത്തിയത്.