National

കന്നട നടി രന്യ റാവുവിന്റെ സ്വർണക്കടത്ത്; പ്രമുഖ ഹോട്ടൽ വ്യാപാരിയെ അറസ്റ്റ് ചെയ്ത് ഡിആർഐ

ബംഗളുരു: കന്നട നടി രന്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ബംഗളുരുവിൽ റസ്‌റ്റോറന്റ് ബിസിനസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തരുൺ രാജു എന്നയാളാണ് അറസ്റ്റിലായത്. എന്നാൽ ഇയാളുടെ കൃത്യമായ പശ്ചാത്തലം ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് അറിയിച്ചു.

അതേസമയം നഗരത്തിലേക്കുള്ള സ്വർണക്കടത്തിലെ സുപ്രധാന കണ്ണി രന്യ തന്നെ ആയിരുന്നുവെന്നാണ് ഡിആർഐ പറയുന്നത്. പ്രധാനമായും ദുബായിൽ നിന്നാണ് രന്യ സ്വർണം കടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മാർച്ച് മൂന്നിനാണ് രന്യയെ 14.2 കിലോഗ്രാം സ്വർണവുമായി ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്.

രന്യയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഒരാളെക്കൂടി അറസ്റ്റ് ചെയ്തത്. പ്രമുഖ ഹോട്ടൽ ശൃംഖലിയുടെ ഉടമയായ തരുൺ രാജുവിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. രന്യയുടെ മൊബൈൽ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നും ഇയാളുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ കിട്ടിയതായി ഡിആർഐ അറിയിച്ചു.

തരുൺ രാജു എങ്ങനെയാണ് സ്വർണക്കടത്തിൽ പങ്കാളിയായതെന്ന് ഡിആർഐ വെളിപ്പെടുത്തിയിട്ടില്ല. ഇത് അന്വേഷണത്തെ ബാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇയാൾ നിലവിൽ റവന്യൂ ഇന്റലിജൻസിന്റെ കസ്റ്റഡിയിലാണ്. രന്യയുടെ കോൾ റെക്കോർഡ്സ് വിവരങ്ങൾ പരിശോധിക്കുകയാണ്. പ്രമുഖരുമായി ബന്ധമുള്ളതിന്റെ തെളിവുകൾ കോൾ റെക്കോർഡ്സിൽ നിന്ന് കിട്ടിയതായും റിപ്പോർട്ടുകളുണ്ട്. തന്നെ കേസിൽ കുടുക്കിയതാണെന്നാണ് രന്യ നേരത്തെ ചോദ്യം ചെയ്യലിനിടെ വാദിച്ചത്.

ദുബായിൽ നിന്നാണ് രന്യ സ്വർണ്ണം കടത്തിയത്. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി ദുബായിൽ നിന്നെത്തിയ റന്യയെ ഡിആർഒ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. റന്യ റാവുവിനെ ഡിആർഒ ഓഫീസിൽ ചോദ്യം ചെയ്‍തുവരികയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‍തു. 15 ദിവസത്തിനിടെ നാല് തവണയാണ് നടി ദുബായ് യാത്ര നടത്തിയത്. ഈ യാത്രയുടെ വിവരങ്ങൾ അന്വേഷണ സംഘം തേടിയിട്ടുണ്ട്.

ദുബായിൽ നിന്നും ബെംഗളൂരു വിമാനത്താവളത്തിലെത്തുന്ന റന്യയെ പൊലീസുകാരാണ് വീട്ടിലേക്ക് കൊണ്ടുപോകാൻ എത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ എത്തുമ്പോൾ, റന്യ ഡിജിപിയുടെ മകളാണെന്ന് പറഞ്ഞ് വീട്ടിലേക്ക് എസ്കോർട്ട് ചെയ്യാൻ ലോക്കൽ പൊലീസിൽ നിന്നും ഉദ്യോഗസ്ഥരെ വിളിക്കും. ഇവരെത്തിയാണ് റന്യയെ കൊണ്ടുപോയിരുന്നത്. സ്വർണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് പ്രവർത്തനത്തിന് അറിയാതെ സഹായിച്ചതാണോ എന്നും ഡിആർഒ അന്വേഷിക്കുന്നുണ്ട്.

error: