Editorial

വാക്കുകൾ സ്വാഗതാർഹം; പക്ഷേ, വ്യക്തത വേണം

ആശാവർക്കർമാരുടെ സമരത്തിൽ രാജ്യസഭയിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ വേതനം വർധിപ്പിക്കുമെന്ന് പറഞ്ഞ വാക്കുകൾ ഏറെ പ്രതീക്ഷയോടെ സ്വാഗതം ചെയ്യുമ്പോളും അനുബന്ധമായി പുറത്ത് വരുന്നത് മന്ത്രിയുടെ വാക്കുകളുമായി പുലബന്ധംപ്പോലുമില്ലാത്തവയാണ്. കേരളത്തിന് ആശാ വർക്കേഴ്സിൻ്റെ കാര്യത്തിൽ പ്രാഥമിക ഉത്തരവാദിത്വം ശമ്പളം ഉയർത്തേണ്ട ധാർമികത സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാണ് എന്നൊക്കെയുള്ള വറോലാകൾ ഒട്ടേറെ അവ്യക്തകൾക്ക് വഴിതുറക്കുന്നു. പാർലിമെൻ്റിൻ്റെ രണ്ടാം ഘട്ട സമ്മേളനം തുടങ്ങിയ തിങ്കളാഴ്ച്ച കേരളത്തിൽ നിന്നുള്ള എം.പി.മാരായ കെ.സി വേണുഗോപാൽ, ഡോ. ശശിതരൂർ, വി.കെ. ശ്രീകണ്ഠൻ എന്നിവരാണ് അടിയന്തര പ്രമേയത്തിലൂടെ വിഷയത്തിലേക്ക് കേന്ദ്ര സർക്കാരിൻ്റെയും പാർലമെന്റിൻ്റെയും പരിപൂർണ്ണ ശ്രദ്ധക്ഷണിച്ചത്. സാധാരണ അടിയന്തര പ്രമേയത്തിന് തൽസമയ മറുപടിയാണ് ഉണ്ടാവേണ്ടിയിരുന്നത്. എന്നാൽ, അത് ഉണ്ടായില്ലെന്ന് മാത്രമല്ല; കേരള എം.പി മാരുടെ പ്രസംഗത്തെ യാതൊരു രീതിയിലും ഹൈജാക്ക് ചെയ്യാൻ ബി.ജെ.പി ക്കാർ ശ്രമിച്ചതുമില്ല.
സമരത്തിൻ്റെ മൂർധന്യത്തിൽ ജോർജ് കുര്യൻ ഉൾപ്പെടെയുള്ള കേന്ദ്ര മന്ത്രിമാർ, ഭാരത സർക്കാർ എല്ലാവിധ സാമ്പത്തിക പിന്തുണയും സംസ്ഥാനത്തിന് വിഷയത്തിൽ കൊടുത്തിട്ടുണ്ട്, കേരളം മനഃപ്പൂർവ്വം അത് ആശമാർക്ക് നൽകാത്തതാണെന്ന രീതിയിൽ പ്രസ്താവന നടത്തുകയുണ്ടായി. അതുകൊണ്ട് കൂടി സംസ്ഥാന സർക്കാരിനെതിരായ വികാരം ഇരട്ടിയായി ആഞ്ഞടിച്ചു. പക്ഷേ, വെറുമൊരു രാഷ്ട്രീയ പ്രസ്താവന മാത്രമായിരുന്നു അന്ന് നടത്തിയതെന്ന് വൈകാതെ തന്നെ വ്യക്തമായി. സൂത്രത്തിൽ കൂടി സ്വർഗത്തിൽ കയറാനുള്ള ശ്രമം പാളി. ലോക്സഭയിലെ തിങ്കളാഴ്ചത്തെ അഗാധ മൗനം ഇതിൻ്റെ പ്രകടമായ ഉദാഹരണമായിരുന്നു. തുടർന്നാണ് രാജ്യസഭയിൽ കേന്ദ്ര ആരോഗ്യ മന്ത്രി വൻ പ്രഖ്യാപനമായ വേതന വർധനവ് രാവിലെ ഉണ്ടായത്. നട്ടുച്ച തിരിഞ്ഞപ്പോൾ ഇൻസെൻ്റീവ് വർധനവായി പ്രസംഗത്തെയും പ്രഖ്യാപനത്തെയും പ്ലാസ്റ്റിക് സർജറി നടത്തി. കേരളത്തിൻ്റെ കടുംപിടിത്തമാണ് സമരം നീണ്ടു പോകാനും ആശമാർക്ക് തെരുവിൽ കഴിയാനും കാരണമെന്ന തരത്തിലേക്ക് കാര്യങ്ങൾ കീഴ്മേൽ മറക്കുന്നു. ന്യായമായ ആവശ്യങ്ങളുമായി സമരം നടത്തുന്നവരോട് തെല്ലെങ്കിലും ആത്മാർത്ഥയോടെ തരിമ്പ് അവശേഷിക്കുന്നുണ്ടെങ്കിൽ രാഷ്ട്രീയ ലാഭത്തിനല്ലാതെ മനുഷ്യത്വപരമായ സമീപനം കേന്ദ്രം കാണിക്കണം. ഒരു സംസ്ഥാനത്തിൻ്റെ മാത്രമല്ല അവർ രാജ്യത്തിന്റെ മുഴുവൻ കാവൽ മാലാഖമാരാണ്.
ഒരു മാസത്തോളമാകുന്നു തെരുവിലെ ആശാ വർക്കർമാരുടെ സഹന സമരം. അന്തിമ തീരുമാനം ഉടൻ ഉണ്ടാവണം. കേരളത്തിനു മാത്രമല്ല രാജ്യത്തിന് ഒന്നാകെ അപമാനമാണ് തലസ്ഥാനത്ത് അതിജീവനത്തിനായി ജനതയ്ക്ക് നടത്തേണ്ടി വരുന്ന പോരാട്ടം.

error: