Editorial

ഭരണകൂടങ്ങൾ നുണ പറയരുത്

അനന്തപുരിയുടെ ദേശീയ ഉത്സവമായ ആറ്റുകാൽ പൊങ്കാലയാണ് ഇന്ന്. ഭക്ത ലക്ഷങ്ങൾ ഉത്സവ ആവേശത്തോടെയും വ്രതശുദ്ധിയോടെയും ആറ്റുകാലമ്മയ്ക്ക് സമർപ്പിക്കുന്ന പൊങ്കാല അടുപ്പുകൾക്ക് ചാരെ എരിയുന്ന വയറും തോരാത്ത കണ്ണീരുമായി കേരളത്തിന്റെ  കാവൽ സേന അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കാൻ സമരം തുടങ്ങിയിട്ട് 33 ദിവസങ്ങൾ പിന്നിടുകയാണ്. ഇതിനകം തന്നെ രാജ്യശ്രദ്ധ തന്നെ പിടിച്ചടക്കിയ ആശാവർക്കർമാരുടെ സമരത്തിൽ രാഷ്ട്രീയപരമായ ഇടപെടലുകൾ സ്വാഭാവികമായി ഉണ്ടാവുന്നതാണ്.
കഴിഞ്ഞ ദിവസം രാജ്യസഭയിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ കേരളത്തിന് ആശാവർക്കർമാർക്ക് നൽകാൻ തുകയൊന്നുമില്ലെന്ന വിശദീകരണവും കേന്ദ്രം വിനിയോഗ വിശദാംശങ്ങളുടെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നുമുള്ള പ്രസ്താവനയും തൊട്ടുപിന്നാലെ സംസ്ഥാന ആരോഗ്യമന്ത്രി നിയമസഭയിൽ വിനിയോഗ വിശദാംശങ്ങളുടെ റിപ്പോർട്ട് നൽകിയതും എൻ.ആർ.എച്ച്.എം നൽകിയ മറുപടി രേഖകളും സഭയിൽവെച്ചപ്പോൾ രണ്ട് ഭരണകൂടങ്ങളുടെയും നിലപാടുകൾ വ്യത്യസ്തമായി.
രാഷ്ട്രീയ പോർവിളികൾക്കപ്പുറം പദവിയിലെത്തുന്നവർ സ്വീകരിക്കുന്ന സത്യപ്രതിജ്ഞയുണ്ട്. അത് സഭയെ കളങ്കപ്പെടുത്തില്ലെന്നും സത്യവിരുദ്ധത പറയില്ലെന്നുമാണ്. രണ്ട് സർക്കാരുകളുടെ വകുപ്പ് മന്ത്രിമാർ സഭകളിൽ നടത്തിയ വിശദീകരണങ്ങൾ വസ്തുതാപരമെങ്കിൽ എവിടെയോ എന്തോ കുഴപ്പമുണ്ട്. അല്ലെങ്കിൽ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.
ഭരണകൂടങ്ങൾ നുണപ്രചരിപ്പിച്ചാൽ ഒരു നാടിനെയും സമൂഹത്തിനെയുമാകെ ബാധിക്കും. രാജ്യസഭയിൽ കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ആശമാരുടെ വേതനം വർദ്ധിപ്പിക്കും എന്നുള്ള പ്രഖ്യാപനം ഏറെ സ്വാഗതാർഹമാണ്. എന്നാൽ അതിനെ തുടർന്നുള്ള വിശദീകരണത്തിൽ വ്യക്തത കുറവുണ്ട്. പിഴവ് ആർക്ക് സംഭവിച്ചതായാലും തുറന്ന് തന്നെ പറയുന്നതാണ് ശരി. സഭയിൽ ഒരു വാക്ക്, പുറത്തു മറ്റൊരു വാക്ക്. ഭരണകൂടങ്ങളുടെ വിശ്വാസ്യത പരസ്യമായി തെരുവിൽ കത്തിച്ചാമ്പലാക്കുകയാണ് കഴിഞ്ഞ രാത്രികൊണ്ട് ഉണ്ടായത്.  കേന്ദ്രം സംസ്ഥാനത്തിന് ആശാവർക്കർമാരുടെ വേതനവുമായി ബന്ധപ്പെട്ട് നൽകാൻ ബാക്കിയുള്ള സർവ്വ കുടിശ്ശികകളും തീർപ്പാക്കിയതായും കേരളമാണ് ഓണറേറിയം യഥാ സമയം വിതരണം ചെയ്യേണ്ടതെന്നുമാണ് കേന്ദ്ര നിലപാട്. എന്നാൽ കേന്ദ്ര ഹെൽത്ത് മിഷന് സമർപ്പിച്ച യൂട്ടിലൈസൈഷൻ സർട്ടിഫിക്കറ്റും ഇതിന് എൻ.ആർ.എച്ച്.എം നൽകിയ മറുപടിയും കൂട്ടി വായിക്കുമ്പോൾ കേന്ദ്രമന്ത്രി പറഞ്ഞതിൽ വ്യക്തത കുറവുണ്ടെന്നത് വ്യക്തം.
രാഷ്ട്രീയമായ നടപടികളേക്കാളുപരി ഒരു കൂട്ടം സ്ത്രീകൾ, ആശാവർക്കർമാർ ഒരു മാസത്തിലധികമായി തെരുവിലിരിക്കുകയാണ്. ആശയപരമായ വിയോജിപ്പുകൾ ജനാധിപത്യത്തിൻ്റെ ഭാഗമാണ്. എന്നാലൊരിക്കലും ഭരണപരമായ വിയോജിപ്പുകൾ നല്ലതിനല്ല. നാടിൻ്റെ ഉന്നമനത്തിന് വിലങ്ങു തടിയായി എല്ലാ കാര്യങ്ങളിൽ അത് മാർഗതടസ്സം സൃഷ്ടിക്കും.
2005-ൽ ഈ പദ്ധതി ആരംഭിച്ചത് മുതൽ കേന്ദ്രം തുടരുന്ന രീതിയിൽ നിന്ന് മോദിയുടെ ഒന്നും രണ്ടും ഗവൺമെൻ്റുകൾ അണുവിട തയ്യാറായിട്ടില്ല. ജനങ്ങളെ പരസ്യമായി പറ്റിക്കുകയാണ് കേന്ദ്രം. പാർലമെൻ്റിൻ്റെ പരമോന്നത സഭകൾ അതിനു വേണ്ടി ഉപയോഗിക്കുന്നത് നാണക്കേടാണ്. പുര കത്തുമ്പോൾ വാഴ വെട്ടാമെന്ന് കരുതുന്നത് അൽപ്പത്തരമാണ്. പാവപ്പെട്ട ആശമാരുടെ അധ്വാനത്തിൽ അൽപ്പമെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ ഇടപെടണം.

error: