മമ്മൂട്ടിയും ആസിഫും അല്ല, താരം കുഞ്ചാക്കോ ബോബൻ
മലയാളസിനിമയെ സംബന്ധിച്ച് മികച്ചൊരു വർഷമാണ് കടന്നുപോയത്. മികച്ച കണ്ടന്റുകളുള്ള സിനിമകളിലൂടെ ഇന്ത്യ മുഴുവൻ മോളിവുഡ് എന്ന ചെറിയ ഇൻഡസ്ട്രിയെക്കുറിച്ച് സംസാരിച്ചു. ബോക്‌സ് ഓഫീസിലും മലയാളസിനിമ അത്ഭുതങ്ങൾ കാണിച്ച വർഷമായിരുന്നു 2024. ആറ് സിനിമകളാണ് കഴിഞ്ഞവർഷം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. മിക്ക സിനിമകളും 50 കോടിക്കുമുകളിലും കളക്ട് ചെയ്തു.
എന്നാൽ കഴിഞ്ഞവർഷത്തെ നേട്ടം ഈ വർഷം ആവർത്തിക്കാൻ മലയാളസിനിമക്ക് സാധിക്കുന്നില്ല. 2025 ആരംഭിച്ച് മൂന്ന് മാസമാകുമ്പോൾ വെറും രണ്ട് ചിത്രങ്ങൾ മാത്രമാണ് 50 കോടി ക്ലബ്ബിൽ ഇടം നേടിയത്. വലിയ പ്രതീക്ഷയിലെത്തിയ ചിത്രങ്ങൾ പലതും ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.
ആസിഫ് അലി നായകനായ രേഖാചിത്രം, കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി എന്നീ ചിത്രങ്ങളാണ് ഈ വർഷം 50 കോടി കളക്ഷൻ നേടിയത്. കഴിഞ്ഞവർഷത്തെ വിജയക്കുതിപ്പ് ഈ വർഷവും ആസിഫ് അലി തുടർന്നപ്പോൾ വ്യത്യസ്ത കഥകൾ തെരഞ്ഞെടുത്ത് വിസ്മയിപ്പിക്കുന്ന കുഞ്ചാക്കോ ബോബൻ കരിയറിലെ ആദ്യ 50 കോടി ചിത്രം തന്റെ പേരിലാക്കിയിരിക്കുകയാണ്.
കേരള ബോക്‌സ് ഓഫീസിൽ ഈ വർഷം ഏറ്റവുമുയർന്ന കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ഓഫീസർ ഓൺ ഡ്യൂട്ടി. 27 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ആസിഫ് അലിയുടെ രേഖാചിത്രത്തെ മറികടന്നാണ് കുഞ്ചാക്കോ ബോബൻ ഒന്നാമതെത്തിയത്. 26.5 കോടിയായിരുന്നു രേഖാചിത്രത്തിന്റെ കേരള കളക്ഷൻ.
മമ്മൂട്ടി നായകനായെത്തിയ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സിന് വെറും 8.7 കോടി മാത്രമാണ് കേരളത്തിൽ നിന്ന് നേടാൻ സാധിച്ചത്. കഴിഞ്ഞവർഷം തിയേറ്ററിൽ പരാജയമായ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ കേരളത്തിൽ നിന്ന് നേടിയ കളക്ഷൻ മറികടക്കാൻ പോലും ഡൊമിനിക്കിന് സാധിച്ചില്ല. ലോ ഹൈപ്പും തിയേറ്ററുകളുടെ എണ്ണവുമാണ് ഡൊമിനിക്കിന് വിനയായത്. മമ്മൂട്ടിക്കമ്പനിയുടെ ആദ്യ തിയേറ്റർ ഫ്‌ളോപ്പ് കൂടിയാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്.
മോഹൻലാൽ നായകനായെത്തുന്ന എമ്പുരാനാണ് മലയാളത്തിൽ ഇനിയുള്ളതിൽ ഏറ്റവും വലിയ റിലീസ്. ഇൻഡസ്ട്രിയിലെ ഏറ്റവും ചിലവേറിയ ചിത്രമായാണ് എമ്പുരാൻ ഒരുങ്ങുന്നത്. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും ചിത്രം പ്രദർശനത്തിനെത്തും. എമ്പുരാന് പിന്നാലെ ഏപ്രിലിൽ ബസൂക്ക, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളും പുറത്തിറങ്ങുന്നുണ്ട്. നഷ്ടപ്പെട്ട പ്രതാപം ഇതിലൂടെ മലയാളം ഇൻഡസ്ട്രി തിരിച്ചുപിടിക്കുമെന്നാണ് കരുതുന്നത്.