Entertainment

സിനിമകൾ നല്ല സന്ദേശങ്ങൾ സമൂഹത്തിന് കൊടുക്കുന്നുണ്ട് അപ്പോൾ സമൂഹവും നന്നാകേണ്ടതല്ലേ: ദിലീഷ് പോത്തൻ

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നിങ്ങനെ വെറും മൂന്ന് ചിത്രങ്ങളിലൂടെ തന്നെ മലയാളത്തിലെ മികച്ച സംവിധായകനായി മാറിയ ആളാണ് ദിലീഷ് പോത്തൻ. തന്റെ ചിത്രങ്ങളിലൂടെ സിനിമകാണുന്നവരുടെ മനസിൽ എന്തെങ്കിലുമൊന്ന് ബാക്കി വെക്കാൻ അദ്ദേഹത്തിന് കഴിയാറുണ്ട്.
സംവിധാനത്തിന് പുറമേ അഭിനയത്തിലും ദിലീഷ് പോത്തൻ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്ത സാൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്ത് വന്നത്. നിർമാതാവെന്ന നിലയിലും അദ്ദേഹത്തിന് തന്റേതായ സ്ഥാനം മലയാള സിനിമയിലുണ്ട്.

ഇപ്പോഴിത കേരളത്തിലാകെ ചർച്ച വിഷയമായിരിക്കുന്ന സിനിമയിലെ വയലൻസിനെ പറ്റിയും, കുട്ടികളിൽ വയലൻസുണ്ടാകുന്നതിൽ സിനിമക്കെന്തെങ്കിലും പങ്കുണ്ടോ എന്നതിനെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം. കുട്ടികൾ കാണരുതെന്ന് പറഞ്ഞുകൊണ്ട് വരുന്ന സിനിമകൾ അവരെ കൊണ്ട് കാണിക്കരുതെന്നും അത്തരം കാര്യങ്ങൾ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ടതാണെന്നും അതിന് സിനിമകളേ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.

സന്ദേശമുള്ള നല്ല എത്രയെത്ര സിനിമകൾ വരുന്നുണ്ടെന്നും, എന്തുകൊണ്ട് അതൊന്നും ആരെയും സ്വാധീനിക്കുന്നില്ലെന്നും സിനിമകൾ മാത്രമാണ് എല്ലാവരെയും സ്വാധീനിക്കുന്നതെങ്കിൽ സമൂഹം എപ്പോഴേ നന്നാകേണ്ടതാണെന്നും അദ്ദേഹം പറയുന്നു. നല്ല സന്ദേശമുള്ള സിനിമകൾ തീയേറ്ററിൽ കാണിച്ചിട്ട് ആരും കാണാനില്ലാത്ത അവസ്ഥയാണ്.

കുട്ടികൾ കാണേണ്ട സിനിമകൾ കുട്ടികളെ കാണിക്കുക. കുട്ടികൾ കാണേണ്ടാത്ത സിനിമകൾ കുട്ടികളെ കാണിക്കാതിരിക്കുക. അത് രക്ഷിതാക്കളുടെകൂടെ ഉത്തരവാദിത്തമാണ്. അഡൾട്ട് സിനിമയാണെന്ന് പരസ്യം ചെയ്ത് പുറത്ത് വരുന്ന ചിത്രങ്ങൾ, രക്ഷിതാക്കൾ കുട്ടികളുമായി വന്ന് കണ്ടിട്ട് സിനിമയെ കുറ്റം പറയുന്നതിൽ അർഥമില്ലന്നാണ് എനിക്ക് തോന്നുന്നത്.

അങ്ങനെയാണെങ്കിൽ സിനിമയെന്തെല്ലാം നല്ല സന്ദേശങ്ങൾ സമൂഹത്തിന് കൊടുക്കുന്നു അപ്പോൾ സമൂഹമൊക്കെ എപ്പോഴേ നന്നാകണ്ടതാണ്. എത്രയോ നല്ല സിനിമകൾ വരുന്നു. മോശം സിനിമകൾ സ്വാധീനിക്കുന്നപോലെ തന്നെ നല്ലതും അപ്പോൾ സ്വാധീനിക്കുന്നില്ലേ. അതുകൊണ്ട് എനിക്കിതിൽ വലിയ വിശ്വാസമില്ല.

എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഞാൻ പറഞ്ഞത്. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അതും സ്വാധീനിക്കേണ്ടതല്ലേ. നല്ലൊരു സന്ദേശമുള്ള സിനിമ ചെയ്യുകയാണെങ്കിൽ അത് കാണാൻ തയേറ്ററിൽ ആളുകൾ പോലുമില്ല. അതാണ് അവസ്ഥ,’ദിലീഷ് പോത്തൻ പറഞ്ഞു.

error: