ചൂടിൽ ഇടിഞ്ഞ് റബർ ടാപ്പിംഗ്,കാപ്പി കർഷകർക്ക് ഇരട്ടി മധുരം
കർഷകർക്ക് പ്രതീക്ഷയേകി സംസ്ഥാനത്ത് നാണ്യവിളകളുടെ വില ഉയരുന്നു. കുരുമുളകിനും ഏലത്തിനും കൊക്കോയ്ക്കും തേങ്ങയ്ക്കുമെല്ലാം ഭേദപ്പെട്ട വില ലഭിക്കുന്നത് കാർഷികമേഖലയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി കാർഷികമേഖലയ്ക്ക് കാര്യമായ നേട്ടം ഉണ്ടായിരുന്നില്ല. എന്നാൽ വില കൂടുമ്പോഴും ഉത്പാദനം ഇടിയുന്നത് കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
വേനൽ കടുത്തതോടെ ടാപ്പിംഗ് മന്ദഗതിയിലായിട്ടുണ്ട്. ഉൽപാദനവും നേർപകുതിയായി. വിപണിയിലേക്കുള്ള ചരക്ക് വരവ് കുറഞ്ഞത് വിലയെയും സ്വാധീനിക്കുന്നുണ്ട്. രാജ്യാന്തര വില ഉയർന്നു നിൽക്കുന്നതും കണ്ടെയ്‌നർ നിരക്ക് കൂടിയതും ഇറക്കുമതി ലാഭകരമല്ലാതാക്കിയിട്ടുണ്ട്. ആഭ്യന്തര വിപണിയിൽ നിന്ന് കൂടുതൽ ചരക്ക് ശേഖരിക്കാൻ ടയർ നിർമാതാക്കളെ പ്രേരിപ്പിക്കുന്നത് വില ഉയരുന്നതിലേക്ക് നയിച്ചു.
ആർ.എസ്.എസ്4 ഗ്രേഡിന് 197 രൂപ വരെ കച്ചവടക്കാർ നൽകുന്നുണ്ട്. അന്താരാഷ്ട്ര വില 206 രൂപയ്ക്ക് മുകളിലാണ്. ഏപ്രിലിൽ വില ഇനിയും ഉയർന്നേക്കുമെന്ന പ്രതീക്ഷയിൽ ചരക്ക് പിടിച്ചു വയ്ക്കുന്നവരും കുറവല്ല. ലാറ്റക്‌സിനും റബർ പാലായി നൽകുന്നതിനും ഭേദപ്പെട്ട വില ലഭിക്കുന്നതിനാൽ ഷീറ്റ് ആക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
അതേസമയം, അടുത്ത കാലം വരെ കാര്യമായ നേട്ടം സമ്മാനിക്കാതിരുന്ന കാപ്പി ഇപ്പോൾ കർഷകർക്കിടയിൽ സ്റ്റാറാണ്. കാപ്പിക്കുരുവിന് കട്ടപ്പന മാർക്കറ്റിലെ വില കിലോയ്ക്ക് 265 രൂപയാണ്. കാപ്പി പരിപ്പിനാകട്ടെ 445 രൂപയും. കഴിഞ്ഞ വർഷം ഇതേസമയം പരിപ്പിന് 300 രൂപയിൽ താഴെ മാത്രമായിരുന്നു വില. പച്ചക്കായ്ക്ക് 60 രൂപയിൽ താഴെയും.
വില കൂടിയെങ്കിലും കർഷകരെ സംബന്ധിച്ച് കാര്യമായ സന്തോഷത്തിന് ഇത് വക നൽകുന്നില്ല. വില കുറഞ്ഞപ്പോൾ പലരും കാപ്പി വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് തിരിഞ്ഞിരുന്നു. അണ്ണാൻ, മരപ്പട്ടി, വവ്വാൽ എന്നിവയുടെ ശല്യം മൂലം ഉൽപാദനം കുറഞ്ഞിട്ടുണ്ട്. ഏലയ്ക്ക, കുരുമുളക്, നാളികേര വിലയും ഭേദപ്പെട്ട നിലയിലാണ്.