Special Stories

ജോസേട്ടന്റെ ജീവിതച്ചക്രത്തിന് 79 വയസ്

കെ.ആർ. അജിത

കണ്ട് പഠിക്കണം, മാതൃകയാക്കണം ജോസേട്ടനെ… ചെട്ടിയങ്ങാടി കിഴക്കേ മൂലയിലുള്ള ജീവൻ ടൈലേഴ്സ് ഉടമ പനമുക്ക് സ്വദേശി ജോസ് ആലപ്പാടൻ ഈ 89-ാം വയസിലും ജീവിതം തുന്നി മുന്നോട്ട് പോകുകയാണ്. 79 വർഷമായി ജോസേട്ടന്റെ ജീവിതതാളം തയ്യൽ ചക്രങ്ങളിലാണ്. പ്രായമായി മക്കൾ എന്നോട് ജോലിക്ക് പോവണ്ട എന്ന് പറയുന്നുണ്ട്. ‘എന്നെക്കൊണ്ട് പറ്റുന്നിടത്തോളം ഞാൻ തയ്ക്കും…’ എന്ന് ദ്യഢനി ശ്ചയത്തോടെയുള്ള വാക്കു കൾ. എന്നും രാവിലെ പതിനൊന്നോടെ പനമുക്കിൽ നിന്നും ബസിൽ തൃശൂരിലെത്തി കടയിലേക്ക്.

വൈകിട്ട് അഞ്ചര വരെ കടയിൽ തയ്ക്കും. പണ്ടു മുതലേയുള്ള കസ്‌റ്റമേഴ്‌സ് തന്നെയാണ് ഇപ്പോഴും ജോസേട്ടനെ തേടിയെത്തുന്നത്. റെഡിമെയ്ഡ് വസ്ത്രങ്ങളും ഫാഷനുകളും മാറി വരുന്നുണ്ടെങ്കിലും ജോസേട്ടന്റെ തുന്നലിൽ പ്രിയമുള്ളവരിപ്പോഴുമുണ്ട്. അവരുടെ ഷർട്ടും പാന്റും തുന്നി കൊടുക്കുമ്പോഴുള്ള ആത്മസംതൃപ്തി മാത്രം മതിയെന്നാണ് ജോസേട്ടന്റെ പക്ഷം. തുച്ഛമായ പണമാണ് തുന്നിയ വസ്ത്രങ്ങൾക്ക് വാങ്ങിക്കുന്നത്.

60 കൊല്ലം മുമ്പാണ് ജോസേട്ടൻ സുഹൃത്തുക്കളുടെയെല്ലാം സഹായം കൊണ്ട് ചെട്ടിയങ്ങാടിയിൽ കട സ്വന്തമാക്കുന്നത്. തുന്നൽ ജോലിയിൽ നിന്നുള്ള ഏക വരുമാനത്തിലാണ് നാല് മക്കളെ പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ച് അയച്ചതും. രണ്ട് പെൺമക്കളും രണ്ട് ആൺമക്കളുമാണ് ജോസേട്ടന്. ഭാര്യ മേരി ഏഴ് വർഷം മുമ്പ് മരിച്ചു. ഒരുവേള ജീവിത സ്വപ്നങ്ങൾക്ക് വേണ്ടി രണ്ട് വർഷം വിദേശത്തേക്ക് പോയെങ്കിലും പച്ചപിടിക്കാതെ ജോസേട്ടൻ മടങ്ങി. വീണ്ടും തൃശൂരിലെ തയ്യൽക്കാരനായി.

പത്താം വയസിലാണ് ജോസേട്ടൻ തുന്നൽ പഠിക്കാൻ പോയത്. നാലാംക്ലാസിൽ തോറ്റതോടെ പഠനത്തിന് സലാം പറയുകയായിരുന്നു. ഇന്നത്തെ ഫാഷനെകുറിച്ചൊന്നും ജോസേട്ടന് വല്യ നിശ്ചയമില്ല. പുരുഷന്മാർക്കുള്ള ഷർട്ടും പാന്റും സ്ത്രീ കൾക്കുള്ള ജാക്കറ്റും മാത്രമാണ് ഇന്നും ജോസേട്ടന്റെ കൊച്ചു കടയിൽ തുന്നുന്നത്. ആധുനിക ടൈലറിംഗ് ഷോപ്പിന്റെ ആർഭാടങ്ങളില്ലാതെ പ്രായം വെറും ഒരു നമ്പർ മാത്രമാക്കി ജോസേട്ടൻ തുന്നിയെടുക്കുകയാണ് നിറമുള്ള ജീവിതം…

error: