സഹതടവുകാരിയായ വിദേശ വനിതയെ മര്‍ദ്ദിച്ചു; കാരണവര്‍ വധക്കേസ് ഒന്നാം പ്രതി ഷെറിനെതിരെ വീണ്ടും കേസ്
കണ്ണൂര്‍: കാരണവര്‍ വധക്കേസ് ഒന്നാം പ്രതി ഷെറിനെതിരെ വീണ്ടും കേസ്. കണ്ണൂര്‍ വനിതാ ജയിലിലെ സഹതടവുകാരിയായ വിദേശ വനിതയെമര്ദ്ദിച്ചതിനാണ് കേസ്. ലഹരി കേസില്‍ ജയിലില്‍ കഴിയുന്ന നൈജീരിയ സ്വദേശിക്ക് നേരെയായിരുന്നു മര്‍ദ്ദനം. ഷെറിനും തടവുകാരിയായ സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിച്ചു എന്ന് എഫ്ഐആര്‍. ഈ മാസം 24നായിരുന്നു സംഭവം. ഇന്നലെയായിരുന്നു ഷെറിനെതിരെ കേസെടുത്തത്. ഷെറിന് ശിക്ഷായിളവ് നല്കാന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. മന്ത്രിസഭയുടെ ഉത്തരവ് ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് പുതിയ കേസ് വന്നിരിക്കുന്നത്.ജീവപര്യന്തം തടവിനാണ് ഷെറിന് ശിക്ഷിക്കപ്പെട്ടത്. ഇത് 14 വര്‍ഷമായി ഇളവ് ചെയ്യാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. 14 വര്‍ഷം തടവ് പൂര്‍ത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നല്‍കണമെന്ന് ഷെറിന് സമര്‍പ്പിച്ച അപേക്ഷയും പരിഗണിച്ചാണ് ശിക്ഷയില്‍ ഇളവു ചെയ്ത് ജയില്‍മോചനത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കിയത്.