പരിഷ്കാരം പട്ടിണിക്കിടാനാവരുത്
സാധാരണക്കാരന്റെ ചോറ്റുപാത്രമാണ് റേഷൻ കടകൾ. സാങ്കേതികമായ വേർതിരിവുകൾ ഒഴിച്ച് നിർത്തിയാൽ എല്ലാവരും ഈയിടങ്ങളിൽ തുല്യരാണ്. സാമൂഹിക ജീവിതത്തിന്റെ തന്നെ പരിച്ഛേദമാണ് റേഷൻ കടകൾ. സമീപകാലത്തായി കേരളത്തിലെ റേഷൻ സമ്പ്രദായം വലിയ വെല്ലുവിളികളുടെയാണ് കടന്നുപോകുന്നത് റേഷൻ കട തൊഴിലാളികളും റേഷൻ ഉടമകളും അതിലുപരിയായി ഉപഭോക്താക്കളും സാമാന്യം നല്ല ബുദ്ധിമുട്ട് അതുകൊണ്ടുതന്നെ അഭിമുഖീകരിക്കേണ്ട ഒരു സാഹചര്യം ഉണ്ട്. റേഷൻകടകളിൽ വലിയൊരു സാങ്കേതിക മാറ്റത്തിന് തുടക്കം കുറിച്ച ഈ പോസ് മിഷനാണ് പ്രധാന പ്രശ്നമായി തിരിഞ്ഞു വന്ന ഈ അടുത്തകാലത്തെ ആദ്യ സംഭവം. റേഞ്ചിന്റെയും മറ്റ് സാങ്കേതിക പ്രശ്നങ്ങളുടെയും ബുദ്ധിമുട്ടു കാരണം മണിക്കൂറുകളോളം ദിവസങ്ങളോളം അരി ഉൾപ്പെടെയുള്ള സാധനങ്ങൾ മേടിക്കാൻ കഴിയാതെ നിരാശരായി മടങ്ങിപ്പോകേണ്ട അനുഭവം എല്ലാവർക്കും ഉണ്ടായിട്ടുണ്ട്. റേഷൻ തൊഴിലാളികളുടെയും ഉടമകളുടെയും ശമ്പള വർദ്ധന ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉന്നയിച്ച സമരപരമ്പരയ്ക്ക് നാളുകൾക്കു മുമ്പാണ് തിരശ്ശീല വീണത് എന്ന് നമുക്കറിയാം.സർക്കാർ ആവശ്യങ്ങളെ പഠിക്കുന്നതിനും റേഷൻ മേഖലയിൽ കാര്യക്ഷമമായ മാറ്റങ്ങൾക്കും പുതിയൊരു സമിതിയെ രൂപീകരിച്ചിരുന്നു. അവരുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം സർക്കാരിനു ലഭിക്കുകയുണ്ടായി. നിലവിൽ സംസ്ഥാനത്തുള്ള 13872 റേഷൻ കടകളിൽ പ്രതിസന്ധി നേരിടുന്ന 3872 കടകൾ അടച്ചുപൂട്ടണമെന്നും സ്ഥലപരിമിതി നേരിടുന്ന റേഷൻ കടകളിൽ റേഷൻ സാധനങ്ങൾക്ക് പുറമേ കെ. സ്റ്റോർ ഉത്പന്നങ്ങൾ വിൽപ്പന നടത്താൻ സൗകര്യം ഒരുക്കണമെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്ന കടകൾക്ക് അധിക സമയം പ്രവർത്തനത്തിനായി അനുവദിക്കാനുമാണ് ശുപാർശ. കാർഡുകൾ കുറവായ റേഷൻ കടകളിൽ വരുമാനം ഗണ്യമായി കുറയുന്നതായുള്ള റേഷൻ ഉടമകളുടെ പരാതിയാണ് കമ്മീഷനെ ശുപാർശയിലേക്ക് നയിച്ചത്. തൽഫലമായി 3872 റേഷൻ കടകൾക്ക് സംസ്ഥാനത്ത് താഴ് വീഴും. 15 ക്വിൻ്റലിൽ താഴെ അരി വിതരണം നടത്തുന്ന 85 കടകൾ ഉണ്ടെന്നുള്ളതാണ് കണക്ക്. അതിനാൽ പുതിയ കടകൾക്ക് അനുമതി നൽക്കേണ്ടതില്ലായെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു. എന്നാൽ ഇത്തരം നിർദ്ദേശങ്ങൾ നാടിൻ്റെ സാമുഹിക സ്ഥിതിയ്ക്ക് എത്രത്തോളം അനുയോജ്യമാകുമെന്ന് കണ്ട് തന്നെ അറിയണം. കരിംചന്തയും പൂഴ്ത്തിവെയ്പ്പ് അടക്കം അഴിമതിയുടെ കറകൾ നിറഞ്ഞ ഈ സംവിധാനത്തിൽ കൊണ്ടുവരുന്ന പരിഷ്കാരങ്ങൾ സകല വശങ്ങളും ശ്രദ്ധിച്ചായാൽ നന്ന്. അന്നം മുട്ടിക്കുന്ന പണികളാക്കരുത്…