എ ആർ റഹ്‌മാന്റെ ആരോഗ്യനില തൃപ്തികരം; ആശുപത്രി വിട്ടു
നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഗീത സംവിധായകൻ എ ആർ റഹ്‌മാന്റെ ആരോഗ്യനില തൃപ്തികരം. റഹ്‌മാനെ അഡ്മിറ്റ് ചെയ്ത ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റൽ പുറത്തുവിട്ട വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിർജലീകരണം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യ്തു. ഇന്ന് രാവിലെയാണ് റഹ്‌മാനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. രാവിലെ ഏഴരയോടെ ആശുപത്രിയിൽ എത്തിച്ച റഹ്‌മാന് ഇസിജിയും എക്കോകാർഡിയോഗ്രാമും ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി.
റഹ്‌മാന്റെ ആരോഗ്യസ്ഥിതിയിൽ അദ്ദേഹത്തിന്റെ മകൻ എ ആർ അമീൻ പ്രതികരിച്ചു. ‘ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ട ആരാധകർക്കും, കുടുംബാംഗങ്ങൾക്കും, അഭ്യുദയകാംക്ഷികൾക്കും, നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. നിർജ്ജലീകരണം കാരണം എൻ്റെ പിതാവിന് അൽപ്പം അസ്വസ്ഥത അനുഭവപെട്ടതിനാൽ അദ്ദേഹത്തിന് ചില പതിവ് പരിശോധനകൾ നടത്തി. അദ്ദേഹം ഇപ്പോൾ സുഖമായിരിക്കുന്നു. നിങ്ങളുടെ നല്ല വാക്കുകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി’, എ ആർ അമീൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.