സുഹൃത്തിന് ലിഫ്റ്റ് നൽകിയില്ല, ബൈക്ക് യാത്രികനെ കുത്തിപ്പരിക്കേൽപ്പിച്ചു, പ്രതി അറസ്റ്റിൽ
തിരുവനന്തപുരം (Thiruvanandapuram): സുഹൃത്തിന് ലിഫ്റ്റ് നൽകാത്തതിലുള്ള വിരോധത്തിൽ ബൈക്ക് യാത്രികനെ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തിനുശേഷം രക്ഷപ്പെട്ട സംഘത്തിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിത്തടം ശാന്തിപുരം സ്വദേശി അനന്തുവിനെയാണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്.തിരുവല്ലം പുഞ്ചക്കരിക്കടുത്തുള്ള ചെമ്മണ്ണുവിള വീട്ടിൽ അഭി(18)ക്കാണ് കുത്തേറ്റത്. കഴിഞ്ഞ 13-ന് രാത്രിയാണ് സംഭവം.
വണ്ടിത്തടത്ത് നിന്ന് പാച്ചല്ലൂർ ദേവീക്ഷേത്രത്തിലെ തൂക്ക നേർച്ച കാണുന്നതിന് അനന്തുവും സുഹൃത്തുക്കളുമായി നടന്നുവരികയായിരുന്നു. ഈ സമയത്ത് എതിരെ ബൈക്കിൽവന്ന അഭിയോട് തൻറെ കൂടെയുണ്ടായിരുന്ന യുവതിക്ക് ലിഫ്റ്റ് നൽകണമെന്ന് അനന്തു ആവശ്യപ്പെട്ടു. പറ്റില്ലെന്ന് അഭി പറഞ്ഞതോടെ കൈയിലുണ്ടായിരുന്ന കത്രികയെടുത്ത് അനന്തു അഭിയുടെ പുറത്ത് നിരവധി തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
മൂന്ന് വട്ടം കുത്തിയ ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട അനന്തുവിനെ നഗരത്തിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോൾ അനന്തുവിനൊപ്പമുണ്ടായിരുന്നവർക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.