Entertainment

ഓസ്കര്‍ പോലുള്ള സില്ലി അവാർഡുകൾ അവർ കയ്യിൽ വെച്ചോട്ടെ, നമുക്ക് നാഷണൽ അവാർഡ്‌സ് ഉണ്ടല്ലോ: കങ്കണ റണൗട്ട്

കങ്കണ റണൗട്ട് സംവിധാനം ചെയ്ത് നായികയായെത്തുന്ന പൊളിറ്റിക്കൽ ഡ്രാമ ചിത്രമാണ് .1975-ൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. റിലീസിന് മുൻപ് തന്നെ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച സിനിമയാണ് എമർജൻസി. ജനുവരി 17 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുകയാണ്. ചിത്രം ഒടിടിയില്‍ വന്ന ശേഷമുള്ള പ്രതികരണങ്ങളും അവലോകനങ്ങളും ഇൻസ്റ്റാഗ്രാമിൽ നടി കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇതില്‍ ചിത്രം ഓസ്കര്‍ നേടണമായിരുന്നു എന്ന ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ ഷോട്ടിന് നടി തന്‍റെ ഇന്‍സ്റ്റ സ്റ്റോറിയില്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

‘അമേരിക്ക അവരുടെ യഥാർത്ഥ മുഖം അംഗീകരിക്കാൻ ഇഷ്ടപ്പെടുന്നില്ല, വികസ്വര രാജ്യങ്ങളെ അവർ എങ്ങനെ ഭീഷണിപ്പെടുത്തി അടിച്ചമർത്തുകയും വളച്ചൊടിക്കുകയും ചെയ്യുന്നു എന്നത് എമര്‍ജന്‍സിയില്‍ ഞങ്ങൾ തുറന്നുകാട്ടിയിട്ടുണ്ട്. അവരുടെ സില്ലി ഓസ്കര്‍ അവർ കൈയ്യില്‍ തന്നെ വച്ചോട്ടെ. നമുക്ക് നമ്മുടെ ദേശീയ അവാർഡുണ്ട്’ എന്നാണ് കങ്കണ മറുപടി നല്‍കിയത്.

സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് തിയേറ്ററിൽ നിന്നും ലഭിച്ചത്. അതേസമയം ചിത്രം ഒടിടിയിൽ എത്തിയപ്പോൾ കങ്കണയുടെ പ്രകടനത്തിന് മോശം അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. വളരെ വികലമായിട്ടാണ് കങ്കണ ഇന്ദിരാ ഗാന്ധിയെ അവതരിപ്പിച്ചതെന്നും നടിയുടെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണ് ഇതെന്നാണ് അഭിപ്രായങ്ങൾ. സിഖ് മതത്തെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു എന്ന പരാതിയെ തുടർന്ന് സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് ആദ്യം നിഷേധിച്ചിരുന്നു. പിന്നീട് സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമാണ് ചിത്രം റിലീസ് ചെയ്തത്. അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, ശ്രേയസ് തൽപാഡെ, വിശാഖ് നായർ, അന്തരിച്ച സതീഷ് കൗശിക് എന്നിവരാണ് ചിത്രത്തിൽ കങ്കണയ്ക്കൊപ്പം അഭിനയിക്കുന്നത്. സീ സ്റ്റുഡിയോസും കങ്കണയുടെ മണികർണിക ഫിലിംസും ചേർന്നാണ് എമർജൻസി നിർമിച്ചിരിക്കുന്നത്. മലയാളി താരമായ വിശാഖ് നായരുടെ പ്രകടനത്തിനും നല്ല അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്.

error: