പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു
കൊച്ചി: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഇന്ന് വൈകിട്ട് 4.55നായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ എട്ട് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
1947ൽ കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തിലാണ് ഗോപാലകൃഷ്ണന്റെ ജനനം. അച്ഛൻ ഗോവിന്ദൻ നായർ. ആദ്യ ചലച്ചിത്രം വിമോചനസമരം. 1975ൽ ഹരിഹരൻ സംവിധാനം ചെയ്ത അയലത്തെ സുന്ദരി എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചു. ഇതിലെ ‘ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ’എന്ന ഗാനം അദ്ധേഹത്തെ പ്രശസ്തനാക്കി. സംവിധായകൻ ഹരിഹരനുവേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ എറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്.
അദ്ദേഹത്തിന്റെ വരികൾക്ക് ഏറ്റവും കൂടുതൽ തവണ ഈണം പകർന്നത് എം.എസ്. വിശ്വനാഥൻ ആയിരുന്നു. കൂടാതെ പത്തോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റിയത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ്. ബാഹുബലി ഉൾപ്പെടെ 200 ചിത്രങ്ങളിൽ അദ്ദേഹം സഹകരിച്ചിട്ടുണ്ട്.