ശാസ്ത്രം ജയിച്ചു മനുഷ്യനും…
ദൃഢനിശ്ചയത്തിന്റെയും ആത്മധൈര്യത്തിന്റെയും ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ശക്തയായ വനിത ഇന്ത്യൻ വംശജയായ ശാസ്ത്രജ്ഞ സുനിതാ വില്യംസും സംഘവും എട്ടു മാസങ്ങൾ നീണ്ട ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് ബുധനാഴ്ച പുലർച്ചയോടെ ഭൂമിയിലേക്ക് വന്നണഞ്ഞു. സമാനതകളില്ലാത്ത ദൗത്യവും യാത്രയുമാണ് ചരിത്രത്തിന്റെ തങ്കത്താളുകളിൽ കുറിക്കപ്പെട്ടിരിക്കുന്നത്. ഒരു ശക്തിക്കും തകർക്കാൻ കഴിയാത്ത ശാസ്ത്രനേട്ടത്തിന്റെ ഔന്നിത്യത്തിലാണ് സുനിതാ വില്യംസിന്റെ സ്ഥാനം. 287 ദിവസമാണ് ബഹിരാകാശത്ത് സുനിതയും സംഘവും ചിലവഴിച്ചത്. ശാസ്ത്രം അല്ലെങ്കിൽ ശാസ്ത്രലോകം മനുഷ്യന്റെ ജിജ്ഞാസയുടെ പ്രതിഫലനങ്ങളുടെ പരിച്ഛേദമാണ്. വിസ്മയാവഹമായ കാഴ്ചകൾക്കും പരീക്ഷണങ്ങൾക്കും ഒരു കൊച്ചു കുട്ടിയുടെ മനസ്സോടെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മാനവകുലം ഒന്നാകെ സാക്ഷ്യം വഹിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് ബുധനാഴ്ച പുലർച്ചെ മെക്സിക്കൻ കടലിലേക്ക് സുനിതാ വില്യംസിനെയും വഹിച്ചുകൊണ്ടുള്ള പേടകം പാരച്ചൂട്ടുകളിൽ നിന്ന് വേർപെട്ട് കടൽ ജലത്തിലേക്ക് പതിക്കുന്നത് അത്യാവേശത്തോടെ കാത്തിരുന്നു മാധ്യമങ്ങൾക്കും സമൂഹമാധ്യമങ്ങൾക്കും മുന്നിലിരുന്ന് കണ്ട മനിതർ. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല മനുഷ്യന്റെ അറിവ് തേടിയുള്ള നിരന്തരമായ അന്വേഷണങ്ങളിൽ നിന്നും പരിശ്രമങ്ങളിൽ നിന്നും ഉൾതിരിഞ്ഞതാണ്. കല്ലുകൾ ഉരസി തീ ഉണ്ടായപ്പോൾ അത്ഭുതം കൊണ്ട മനുഷ്യൻ, ചക്രത്തിന്റെ കണ്ടുപിടുത്തം മുതൽ ചന്ദ്രനിൽ തൊട്ട് സ്പേസ് ടെക്നോളജിയിൽ വരെ ആകാംക്ഷ ഭരിതനായി ഇന്നും നിലനിൽക്കുന്നു. മനുഷ്യവർഗ്ഗത്തിന്റെ ചിന്തകൾക്കും ആശയങ്ങൾക്കും ശാസ്ത്രത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് സകല അതിർവരമ്പുകളെയും ഭേദിക്കാൻ ആകുമെന്ന് കാലത്തെ സാക്ഷിനിർത്തി സുനിതാ വില്യംസിന്റെ സാഹസിക യാത്ര സാക്ഷ്യം പറയുന്നു. ദശലക്ഷക്കണക്കിന് ആളുകൾക്ക് ചെറുതും വലുതുമായ ഒട്ടനവധി ജീവിത സാഹചര്യങ്ങളിൽ നിന്ന് സ്വപ്നം കാണുന്നവർക്ക് ഇനി പതിന്മടങ്ങാവേശത്തോടെ തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള വലിയ പ്രചോദനമാണ് ഈ ശാസ്ത്ര വിജയം. നക്ഷത്രങ്ങൾ പോലും കൈക്കുമ്പിളിൽ ഒതുങ്ങുന്നു. ലോകവും കാലവും അനുദിനം മാറുകയാണ്. ആശയവിനിമയരംഗത്ത് ഇന്റർനെറ്റ് തുറന്നിട്ട വലിയ സാധ്യതകൾ സ്മാർട്ട് ഫോണുകളിലേക്ക് ഇപ്പോൾ ആർട്ടിഫിഷൽ ഇന്റലിജൻസിൻ്റെ തുറന്ന ക്യാൻവാസിലേക്ക് എല്ലാവരെയും കൈപിടിച്ച് നയിക്കുന്നു. സൗരോർജ്ജം ഉൾപ്പെടെയുള്ള ഊർജ്ജ സ്രോതസുകൾ ക്രിയാത്മകമായി ഉപയോഗിക്കാൻ ശാസ്ത്ര സമൂഹം പുതിയ സാധ്യതകൾ തെളിയിച്ചു കഴിഞ്ഞു. സാധാരണക്കാരന്റെപോലും ജീവിതത്തെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയുന്ന വിപ്ലവാത്മകമായ നിരവധി ചുവടുവെപ്പുകൾക്ക് വരുംകാലങ്ങളിൽ സാധ്യതകൾ തെളിയുമ്പോൾ മറ്റു ചില ആശങ്കകൾ കൂടി നിഴലിച്ചു നിൽക്കുന്നുണ്ട്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വ്യഭിചാര മുറികളായി നാടിനെ മാറ്റാൻ സാക്ഷര സമ്പൂർണ്ണ മനുഷ്യൻ തന്നെ മുന്നിട്ടിറങ്ങുന്നത് ഈ കാലത്തും ഭയത്തോടെയും കടുത്ത വേദനയോടെയും മാത്രമേ പറയാനും ഉൾക്കൊള്ളാനും പങ്കുവെക്കാനും കഴിയൂ. ശാസ്ത്രം മനുഷ്യനെ ചൊവ്വയിലിറക്കുന്ന കാലത്ത് ചൊവ്വാദോഷവും അതിന്റെ പരിഹാരക്രിയകളും തേടുകയാണ് ഒരു കൂട്ടർ. ആൾദൈവങ്ങളെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന വിഡ്ഢിത്തം കാലത്തിന്റെ ഏറ്റവും വലിയ അപമാനമാണ് ശാപമാണ്. നഗരത്തിൽ ഗ്രാമത്തിൽ സമൂഹത്തിന്റെ വിവിധ ഇടങ്ങളിൽ ആത്മീയതയെ വിറ്റ് ശാസ്ത്രത്തെയും ബൗദ്ധികമായ മനുഷ്യന്റെ കഴിവുകളെയും പുച്ഛിച്ച് ജീവിക്കുന്ന ഇത്തരം സാമൂഹ്യ വിപത്തുകളെ എത്രയും വേഗം വാക്സിനേറ്റ് ചെയ്യേണ്ടതുണ്ട്. ശാസ്ത്രത്തിന്റെയും മനുഷ്യന്റെയും സ്ഥായിയായ വിജയത്തിന് അനന്തര തലമുറകളുടെ പുരോഗമന കാഴ്ചപ്പാടുകൾക്ക് അത്തരം തിരുത്തലുകൾ അടിയന്തരമായി നടപ്പിലാക്കേണ്ടതാണ്. മൂഢമായ കാഴ്ചപ്പാടുകളിൽ ആവശ്യമായ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ ഇന്ന് ജയിച്ചു നിൽക്കുന്ന ശാസ്ത്രവും മനുഷ്യനും വൈകാതെ അകാലചരമം പ്രാപിക്കും. മാറ്റങ്ങളിലേക്കുള്ള പ്രചോദനവും ആവേശവുമാണ് സുനിതാവില്യംസും സംഘവും നേരിട്ട് അനുഭവിപ്പിച്ച ശാസ്ത്രനേട്ടം.