Kerala

ഭക്തിസാന്ദ്രം! ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയിറങ്ങി

തൃശൂര്‍: പത്ത് ദിവസം നീണ്ടുനിന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ആറാട്ടോടെ കൊടിയിറങ്ങി. വൈകീട്ട് നാലരയോടെയാണ് ആറാട്ട് ചടങ്ങുകള്‍ക്ക് തുടക്കമായത്. മൂലവിഗ്രഹത്തിലുള്ള ചൈതന്യം മുഴുവന്‍ ആവാഹിച്ചെടുത്ത് പഞ്ചലോഹവിഗ്രഹം പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചുവച്ച ശേഷമായിരുന്നു കൊടിമരച്ചുവട്ടിലെ ദീപാരാധന. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്‌ക്കെഴുന്നള്ളിക്കുക.

ആറാട്ടിനും ഗ്രാമപ്രദക്ഷിണത്തിനുമായി പഞ്ചവാദ്യത്തിന്റെ നാദത്തിമര്‍പ്പില്‍ എഴുന്നള്ളിയ ഗുരുവായുരപ്പനെ ശര്‍ക്കര, പഴം അവില്‍, മലര്‍ എന്നിവയാല്‍ നിറപറയും, നിലവിളക്കും ഒരുക്കി  വരവേറ്റു. രുദ്രതീര്‍ഥക്കുളത്തിന് വടക്ക് ഭാഗത്ത് എഴുന്നള്ളിപ്പ് എത്തിയതോടെ  പഞ്ചവാദ്യം മേളത്തിന് വഴിമാറി.

പ്രദക്ഷിണം പൂര്‍ത്തിയാക്കി ഭഗവതിക്ഷേത്രത്തിലൂടെ എഴുന്നള്ളിപ്പ് ആറാട്ട് കടവിലെത്തിയതോടെ തന്ത്രിയുടെ കാര്‍മികത്വത്തില്‍ ഗംഗ, യമുന തുടങ്ങിയ പുണ്യതീര്‍ഥങ്ങളടക്കമുള്ള എല്ലാ തീര്‍ഥങ്ങളേയും രുദ്രതീര്‍ഥത്തിലേക്ക് ആവാഹിക്കുന്ന ചടങ്ങായിരുന്നു. തന്ത്രിയും ഓതിക്കന്‍മാരും കൂടി പുണ്യാഹത്തിനുശേഷം ഭഗവാന്റെ പഞ്ചലോഹത്തിടമ്പില്‍ ആദ്യം മഞ്ഞള്‍പ്പൊടിയാല്‍ അഭിഷേകം ചെയ്തശേഷം വലിയ കുട്ടകത്തില്‍ തയാറാക്കിയ ഇളനീര്‍കൊണ്ട് തുടരഭിഷേകം നടത്തി.

error: