Tech

വിസ് 32 ബില്യണ്‍ ഡോളറിന് സ്വന്തം; ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലുമായി ഗൂഗിള്‍

ന്യൂയോര്‍ക്ക്: ടെക് ലോകം കണ്ണുതള്ളിയ ദിനം, ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ നടത്തിയിരിക്കുകയാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സൈബര്‍ സെക്യൂരിറ്റി സ്ഥാപനം വിസിനെ (Wiz) 32 ബില്യണ്‍ യുഎസ് ഡോളറിനാണ് ഗൂഗിൾ സ്വന്തമാക്കിയിരിക്കുന്നത്. മാർച്ച് 19-നാണ് വിസിനെ ഗൂഗിൾ വാങ്ങുന്നതായി പ്രഖ്യാപിച്ചത്. ടെക് ഭീമന്മാരായ ഗൂഗിള്‍ ഇതുവരെ നടത്തിയ ഏറ്റവും വലിയ ഇടപാടായി അങ്ങനെ ഈ സ്വന്തമാക്കൽ മാറി. 2012ല്‍ മോട്ടോറോള മൊബിലിറ്റിയെ 12.5 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തതായിരുന്നു ഇതിന് മുമ്പ് ഗൂഗിളിന്‍റെ ഏറ്റവും വലിയ സ്വന്തമാക്കല്‍.

5.4 ബില്യൺ നൽകി സൈബർ സുരക്ഷാ കമ്പനിയായ മാൻഡിയന്‍റ് (Mandiant) ഏറ്റെടുത്തതായിരുന്നു ആല്‍ഫബറ്റ് അവസാനം നടത്തിയ ബിഗ് ഡീല്‍. 2022ലായിരുന്നു ഈ ഏറ്റെടുക്കല്‍. ഇതിന് പിന്നാലെയാണ് 32 ബില്യണ്‍ യുഎസ് ഡോളര്‍ മുടക്കി വിസിനെ ഗൂഗിള്‍ സ്വന്തമാക്കിയിരിക്കുന്നത്. ടെക് രംഗത്ത് ആമസോണിനെയും മൈക്രോസോഫ്റ്റിനെയും മറികടക്കാനും, ക്ലൗഡിന്‍റെ സുരക്ഷയും എഐ ശേഷിയും വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഗൂഗിളിന്‍റെ ഈ നീക്കം. ഇനി മുതൽ വിസ് ഗൂഗിളിന്‍റെ ക്ലൗഡ് സേവന വിഭാഗത്തിലേക്ക് മാത്രം ചുരുങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും പ്രധാന ക്ലൗഡ് പ്ലാറ്റ്ഫോമുകളില്‍ വിസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നത് തുടരും.

error: