കോൺഗ്രസിനെ തരൂർ ബ്ലാക്ക്മെയിൽ ചെയ്യുകയാണോ
സ്വർണ്ണം കായ്ക്കുന്ന മരം ആണെങ്കിലും പുരയ്ക്കു മീതെ വളർന്നാൽ വെട്ടണം. ഒരു നാടൻ പഴമൊഴിയാണെങ്കിലും ദേശീയ അന്തർദേശീയ തലത്തിൽ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. കാരണം, അത്രത്തോളം സന്ദർഭോചിതമാണ് നിലവിലെ സമകാലീന സാഹചര്യത്തിൽ ഈ പഴഞ്ചൊല്ല്.
റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ലോക മാതൃകയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച നിലപാട് എന്ന കോൺഗ്രസിന്റെ എംപിയും വർക്കിംഗ് കമ്മിറ്റി അംഗവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂർ പ്രധാനപ്പെട്ട ഒരു ചടങ്ങിൽ ഡൽഹിയിൽ വച്ച് പ്രസ്താവിച്ചതാണ് പുതിയ വാർത്തകൾക്ക് വഴി തുറന്നത്. തരൂരിന്റെ മോദി സ്തുതി ആദ്യ സംഭവമല്ല. 2014 ൽ ആദ്യ മന്ത്രിസഭയുടെ കാലം മുതൽ നരേന്ദ്രമോദിയുടെ സ്വച്ഛഭാരത ഉൾപ്പെടെ നിരവധിയായ പദ്ധതികളെ പരസ്യമായി പൊതുവിടങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും മാധ്യമ ഇന്റർവ്യൂകളിലും വാക്കുകൾ കൊണ്ട് അഭിനന്ദിക്കാൻ ശശി തരൂർ സദാ ജാഗരൂകനായി അതീവ താല്പര്യത്തോടെ പ്രവർത്തിച്ചിട്ടുണ്ട് പ്രതികരിച്ചിട്ടുണ്ട്.
ഈയിടെ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഇരു ഗവൺമെന്റുകളും സ്വീകരിക്കുന്ന വ്യാവസായിക സമീപനത്തെ അനുമോദിച്ചു കൊണ്ടായിരുന്നു ഇന്ത്യ ടുഡേ പോഡ് കാസ്റ്റിലെ തരൂരിന്റെ പ്രസ്താവന. വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയ ആ അഭിമുഖം കോൺഗ്രസ് പാർട്ടിയുടെ പ്രതിച്ഛായയെ തന്നെ തുലാസിലാക്കുന്ന തരത്തിൽ ബൂമറാങ്ങായി മാറിയപ്പോൾ, സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരിട്ട് ഡൽഹിയിലെ വസതിയിൽ തരൂരുമായി കൂടിക്കാഴ്ച നടത്തി താൽക്കാലിക വെടിനിർത്തൽ നടപടിയിലേക്ക് നയിച്ചതാണ്. പക്ഷേ, ദിവസങ്ങൾക്കുള്ളിൽ അഭിമുഖത്തിന്റെ പൂർണ്ണരൂപം പുറത്തുവന്നതോടെ വിവാദത്തിന് പുതിയ നിറവും ചൂടും കൈവന്നു. ശേഷം, നീണ്ട ഒരിടവേളയിലേക്ക് രാജ്യ, സംസ്ഥാന രാഷ്ട്രീയം കടന്നതോടെ അടഞ്ഞ അധ്യായമായി മാറിയ തരൂർ വാക്കുകൾ ഇതാ വീണ്ടും രാഷ്ട്രീയ മണ്ഡലത്തെ ചുറ്റിക്കറങ്ങുന്ന സൂര്യഗ്രഹണമായി പരിവർത്തനം ചെയ്യപ്പെടുന്നു.
പ്രതിപക്ഷത്തിന്റെ പൊതുമുഖമായി പാർലമെന്റിലും വേദികളിലും രാഷ്ട്രീയ രംഗത്തും അറിയപ്പെടുന്ന ശശി തരൂരിന്റെ ഇത്തരം നിലപാടുകളോട് കോൺഗ്രസ് പാർട്ടിയുടെ ദേശീയ സംസ്ഥാന നേതൃത്വങ്ങൾ കർശനമായ നിലപാട് സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്..? ഖാർഗെക്കും രാഹുലിനും സുധാകരനും സതീശനും ശശി തരൂരിലെ രാഷ്ട്രീയക്കാരനെയോ, ബ്യൂറോക്രാറ്റിനെയോ, എഴുത്തുകാരനെയോ, പ്രഭാഷകനെയോ, എന്തിനെയാണ് ഭയക്കുന്നത്. സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ കെ.വി തോമസിനെ സ്ഥാനഭ്രഷ്ടനാക്കി, ഇരിക്കപ്പിണ്ഡം വെച്ചപ്പോൾ വിറക്കാത്ത കൈകളും നാവും ഇപ്പോൾ ഉൾവലിയുന്നതിലൂടെ ജനം മനസ്സിലാക്കേണ്ടത് എന്താണ്.
ജനാധിപത്യ പാർട്ടിയാണ് കോൺഗ്രസ് അതുകൊണ്ട് ആർക്കും എന്തും പറയാം എന്നുള്ളതാണെങ്കിൽ. മുൻപ് ഇത്തരം തുറന്നുപറച്ചിലുകളെ നേരിട്ട് സമീപനത്തെയും രീതിയെയും തുറന്ന ചർച്ചകൾക്ക് വിധേയമാക്കേണ്ടി വരും. കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യത്ത് കോൺഗ്രസിന്റെ പ്രയാണം. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്ത പത്ത് വർഷങ്ങൾ കടന്നുപോകുമ്പോൾ തന്നെ അടിത്തറ അത്രമേൽ ശുഷ്കമാണ്.
കേന്ദ്രത്തിൽ നരേന്ദ്രമോദിയേയോ, കേരളത്തിൽ പിണറായിയെയോ നേരിടാനുള്ള ശക്തി നിലവിലെ നേതൃത്വത്തെ വെച്ച് കഴിയില്ലെന്ന് നാളുകൾക്ക് മുമ്പാണ് പ്രവർത്തക സമിതി വിലയിരുത്തിയത്. അങ്ങനെയാണ് പഴയ പടക്കുതിരകളെയടക്കം കളത്തിലിറക്കാനും സാമുദായിക സംഘടനകളുടെയടക്കം നഷ്ടപ്പെട്ട പിന്തുണ വീണ്ടെടുക്കാനുമുള്ള തീവ്രശ്രമത്തിലേക്ക് കടക്കാനുള്ള കുറുക്കുവഴികൾ തേടുന്നത്. ഇനി ഭരണം കിട്ടിയില്ലെങ്കിൽ യു.ഡി.എഫ് എന്ന സങ്കൽപം ഇല്ലാതാവുമെന്ന് മാത്രമല്ല, ഇപ്പോൾ പാർട്ടിക്കാർ എന്ന് പറയുന്നവർ തന്നെ എത്രപേർ അത് ഉപേക്ഷിച്ച് മറ്റ് ലാവണങ്ങളിൽ അഭയം പ്രാപിക്കുമെന്നതും നേതൃത്വത്തെ ആശങ്കപ്പെടുത്തുകയാണ്.
മിഷൻ 2025 വെച്ചുള്ള തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭയിലേക്കും ലക്ഷ്യമിട്ട് പ്രവർത്തനത്തിലേക്ക് കടക്കുമ്പോഴാണ് പാർട്ടിയെ കുരുക്കിലാക്കുന്ന പ്രസ്താവനകളുമായുള്ള ശശി തരൂരിന്റെ വരവ്. എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിച്ച് പരാജയപ്പെട്ടതും തനിക്ക് ജനങ്ങൾക്കും പ്രവർത്തകർക്കുമിടയിൽ സ്വാധീനമുണ്ടെന്ന് അറിയിക്കാനായെന്നതാണ് ശശിതരൂർ കണക്കാക്കുന്നത്. ബി.ജെ.പിക്കും സി.പി.എമ്മിനുമെതിരെ നേതാക്കൾ എല്ലാവരും ചേർന്ന് പണിയെടുത്തു കൊണ്ടിരിക്കുന്നതിനെ അസ്ഥാനത്തെ ഒറ്റവരി പ്രസ്താവനയിൽ തകർക്കുന്ന തരൂർ രാഷ്ട്രീയത്തിന് പിന്നിൽ എന്ത് അജണ്ടയാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത്.
വാക്ക് കൊണ്ടു പോലും ശാസിക്കാൻ കഴിയാതെ ദേശീയ നേതൃത്വത്തിനെ തരൂർ കുരുക്കിയിട്ടിരിക്കുന്നുവോയെന്നും സംശയിക്കണം. തറവാട്ടിലെ ചാരുകസേരയിലിരുന്ന മുറ്റത്തെ ഭംഗി ആസ്വാദിച്ചാൽ മാത്രം പേരെ അയൽക്കാരൻ്റെ കണ്ണീര് കൂടി ഒപ്പാനുള്ള വിശാലത കൂടി ഉണ്ടാവണമെന്ന് നേതാക്കളും പ്രവർത്തകരും പരസ്പരം പറഞ്ഞൊഴിയുകയാണ്. അധികാരം ഒരു ലഹരിയാണ്. ദീർഘകാലമായി അതിന് പുറത്ത് നിൽക്കുമ്പോഴുള്ള അസ്വസ്ഥതകൾ സ്വഭാവികം. പക്ഷേ, അതിനുമപ്പുറം തരൂർ ലക്ഷ്യമിടുന്നുണ്ടോ?