ആലപ്പുഴ: ഉസ്‌ബെക്കിസ്താനിൽ മെഡിക്കൽ പഠനം നടത്തുകയായിരുന്ന മലയാളി വിദ്യാർത്ഥിനി സഹപാഠിയുടെ ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ (22) ആണ് ബുഖാറയിൽ ദാരുണമായി മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ അനം (23) ഉസ്‌ബെക്കിസ്താനിൽ പോലീസിന്റെ പിടിയിലായിട്ടുണ്ട്.
ഇരുവരും ഉസ്‌ബെക്കിസ്ഥാനിലെ പ്രമുഖ സ്ഥാപനമായ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ്. സാവരിയയെ ഹോസ്റ്റൽ മുറിയിൽ വെച്ച് സദറുൽ അനം ലാപ്‌ടോപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞദിവസം പെൺകുട്ടിയെ ഫോണിൽ വിളിച്ച് കിട്ടാതായതിനെ തുടർന്ന് നാട്ടിലുള്ള വീട്ടുകാർ അവിടെയുള്ള സുഹൃത്തുക്കൾ വഴി അന്വേഷണം നടത്തിയപ്പോഴാണ് ഈ ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നത്.
തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലുകളിലൂടെ കൊല്ലപ്പെട്ട വിദ്യാർത്ഥിനിയുടെ മൃതദേഹം വ്യോമമാർഗ്ഗം ദില്ലിയിൽ എത്തിച്ചിട്ടുണ്ട്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഉടൻ തന്നെ ജന്മനാടായ ഹരിപ്പാടേക്ക് കൊണ്ടുവരുമെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. പ്രതിയെ കൂടുതൽ ചോദ്യം ചെയ്താലേ കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.

