Editorial

ആശ സമരം അവസാനിക്കരുതെന്ന് ആർക്കാണ് വാശി…?

സമരമൊരു ജനാധിപത്യ മാർഗമാണ്. ലോകത്തെ തന്നെ പിടിച്ചുലച്ച സമരപരമ്പരകളുടെ ചരിത്രം ഒരു തിരശീലയിൽ എന്നപോലെ മുന്നിലുണ്ട്. അവകാശങ്ങൾക്കു വേണ്ടിയും സാമൂഹികപരമായും സമരങ്ങൾക്ക് ഒന്നിനു പിറകെ ഒന്ന് എന്ന രീതിയിൽ കേരളം സാക്ഷിയാണ്. വിവിധങ്ങളായ അവകാശപ്പെട്ട ആവശ്യങ്ങളും അംഗീകാരങ്ങളും നേടിയെടുക്കാൻ രാപ്പകൽ പോർമുഖത്ത് ആശ വർക്കേഴ്സ് നിൽക്കാൻ തുടങ്ങിയിട്ട് 40 ദിവസം പിന്നിടുന്നു.
സർക്കാരുമായി കഴിഞ്ഞ ദിവസം നടന്ന ചർച്ച പരാജയപ്പെട്ടതോടെ സമരം നിരാഹാരമായി മാറിയിരിക്കുകയാണ്. പൊരിയുന്ന ചൂടിലും നാൾ തെറ്റി പെയ്യുന്ന പേമാരിയിലുമാണ് ഭരണസിരാകേന്ദ്രത്തിൻ്റെ മൂക്കിന് താഴെ നിരവധി ജീവനുകൾ നിലനിൽപ്പിനായി പോരാടുന്നത്. വർഗസമരങ്ങളുടെ മുന്നണി പേരാളികളായ ഇടതുപക്ഷം അധികാരം കയ്യാളുമ്പോഴാണ്, ഇത്തരം സമരം ദിനന്തോറും നീണ്ടു പോകുന്നു എന്നത് അങ്ങേയറ്റം വിചിത്രമായി തോന്നുന്നു. എല്ലാ സമരങ്ങളിലും അത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമുണ്ടാകും. രാഷ്ട്രീയപരമായി ഇതിന് ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്ക് ഒരവസരത്തിനും ഇട നൽകാതെ ആദ്യമെ തന്നെ സമരം ഒത്തു തീർപ്പാക്കാൻ സർക്കാർ സന്നദ്ധമാക്കേണ്ടതായിരുന്നു.
ഏത് സമരത്തിനും അംഗീകരിക്കാൻ കഴിയുന്നതും കഴിയാത്തതുമായ ആവശ്യങ്ങൾ ഉന്നയിക്കപ്പെടും, അത് സ്വഭാവികമാണ്. അതിനെ ഒരു നയചാതുര്യത്തോടെ കൈകാര്യം ചെയ്ത് സമവായത്തിലെത്തിച്ചാണ് ഭരണനേതൃത്വത്തിൻ്റെ കഴിവ് തെളിയിക്കേണ്ടത്.
കേരളത്തെ ലക്ഷ്യം വെച്ച് നിരന്തരം തുടരുന്ന വിമർശന ശരങ്ങളിൽ ഒന്നായി ആശാ സമരവും മാറിയത് യാദൃശ്ചികമല്ലെന്ന് വേണം കരുതാൻ. ആശ സമരം നാൽപത് നാളിലേക്ക് നീണ്ടതും, ഇപ്പോൾ പട്ടിണി കിടത്തിയിരിക്കുന്നതും കാണാതെ പോകാനാവില്ല. അതിലെ രാഷ്ട്രീയ താൽപര്യങ്ങളെ വേറൊരു കണ്ണിലൂടെ തന്നെ കാണണം. പക്ഷേ, തെരുവിൽ പട്ടിണി കിടക്കേണ്ടവരല്ല നമ്മുടെ ആശമാർ എന്നതാണ് യാഥാർഥ്യം.
നൂറ് ആവശ്യങ്ങൾ മുന്നോട്ട് വെയ്ക്കുമ്പോൾ അതിൽ പത്തെണ്ണമാവും അംഗീകരിക്കപ്പെടുക. എല്ലാ സമരങ്ങളും അത് അവസാനിച്ചിട്ടുള്ളതും അങ്ങനെ തന്നെയാണ്. സമര നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും പക്വതയാർന്ന സമീപനം ഉണ്ടാവേണ്ടതുണ്ട്. എന്നാൽ പ്രായോഗികമല്ലാത്ത ആവശ്യങ്ങൾ ഉയർത്തി ഇപ്പോൾ തന്നെ പരിഹരിക്കണമെന്ന വാദമുയർത്തുന്നത് ശരിയായ രീതിയല്ല. ഈ ഘട്ടത്തിൽ സമരത്തെ രാഷ്ട്രീയമായി സർക്കാരിനും അതിന്റെ ഭാഗമായി നിൽക്കുന്നവർക്കും തോന്നുന്നുവെങ്കിൽ തെറ്റ് പറയാനാവില്ല. കണ്ണിൽ പൊടിയിടുന്ന തരത്തിൽ ഇൻസെന്റീവ് വർധനവ് എന്ന പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ആശമാരെ കബളിപ്പിച്ചത് വേണ്ടത്ര ചർച്ച ചെയ്യാതെ പോയതും കാണാതിരിക്കാനാവില്ല.
പാവപ്പെട്ട ആശാ വർക്കേഴ്സിനെ ഇരകളാക്കിയുള്ള ഹീന പ്രവൃത്തി അംഗീകരിക്കാവുന്നതല്ല. അധികാരത്തിൻ്റെ അഹന്തയാൽ മനസാക്ഷി മരവിച്ചു പോയവരാണ് ഭരണകൂടങ്ങളെന്ന് സംശയിക്കേണ്ടി വരും.
ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി നാടിൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് പറയുന്ന പ്രഹസനമല്ല ഇവിടെയാവശ്യം, പരിഹാരമാണ്. അതിന് വിഘാതമാകുന്ന ആരുടെയെങ്കിലും മനസിലെ ഈഗോയുടെ ചുവപ്പ് ചരട് അഴിച്ചു വിടണം. ആരോഗ്യ രംഗത്തിന് കരുത്തുറ്റ സംഭാവനകൾ നൽകിയ സ്വന്തം സുരക്ഷ പോലും മറന്ന് നിസ്വാർത്ഥ സേവനം നടത്തുന്ന നമ്മുടെ രക്ഷാ സേനയെ ഇനിയും വെയിലെത്തും മഴയത്തും നിർത്തണോ? സമരം അവസാനിക്കരുതെന്ന് ആരുടേയോ പിടിവാശിയുണ്ടോ? ഉണ്ടെങ്കിൽ അവർക്ക് കൂടിയുള്ള മറുപടി നൽകേണ്ടതുണ്ട്. അവരെ തുറന്ന് കാണിക്കേണ്ടതുമുണ്ട്.
ഉചിതമായ നടപടി യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കപ്പെ‌ടണം. ഇത് കേരളമാണ്, പതിഥൻ്റെ സങ്കടങ്ങൾക്ക് അവനോടൊപ്പം ചേർന്നു നിന്ന് പരിഹാരം കാണുന്ന മനസും മനുഷ്യരുമുള്ളയിടം.

error: