Sports

ഐപിഎല്‍ ഉദ്ഘാടനപ്പോരാട്ടത്തിന് മഴ ഭീഷണി

കൊല്‍ക്കത്ത: മഴഭീഷണിയിൽ ഐപിഎൽ പതിനെട്ടാം സീസണ് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ഈഡൻ ഗാർഡൻസിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കൊൽക്കത്തയിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

പതിനേഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, റോയൽ ചലഞ്ചേഴ്സ് ബെംഗളരൂവും ഐപിഎല്ലിന്‍റെ ഉദ്ഘാടന മത്സരത്തിൽ മുഖാമുഖം. കൊൽക്കത്ത കിരീടം നിലനിർത്താൻ ഇറങ്ങുമ്പോൾ 2008ൽ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ തോറ്റുതുടങ്ങിയ ബെംഗളൂരുവിന്‍റെ ലക്ഷ്യം ആദ്യകിരീടം. മത്സരം മഴയിൽ ഒലിച്ചുപോകുമോയെന്ന പേടിയോടെയാണ് ടീമുകളും കാണികളും ഈഡൻ ഗാർഡൻസിലേക്ക് എത്തുക.

ഓറഞ്ച് അലർട്ടുള്ള കൊൽക്കത്ത നഗരത്തിൽ 97 ശതമാനമാണ് മഴസാധ്യത. പുതിയ നായകൻമാ‍ർക്ക് കീഴിൽ പുതിയ സ്വപ്നങ്ങളുമായി കൊൽക്കത്തയും ബെംഗളുരുവും. അജിങ്ക്യ രഹാനെയെ നേയിക്കുമ്പോൾ രജത്ത് പാട്ടീദാറാണ് ബെംഗളൂരു ക്യാപ്റ്റൻ. വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ ജോഡിയുടെ എട്ടോവർ വിരാട് കോലി നയിക്കുന്ന ആർസിബി എങ്ങനെ അതിജീവിക്കും എന്നതിനെ ആശ്രയിച്ചാവും മത്സരത്തിന്‍റെ ഗതി.


ഇവർക്ക് പകരം നിൽക്കുന്നൊരു സ്പിന്നറില്ല എന്നതും ആർസിബിയുടെ ദൗർബല്യം. കഴിഞ്ഞ സീസണിൽ കൊൽക്കത്തയുടെ ഇന്നിംഗ്സ് തുറന്ന ഫിൽ സോൾട്ട് ഇത്തവണ കോലിക്കൊപ്പം ആർസിബിയുടെ ഓപ്പണറാവും.ദേവ്ദത്ത് പടിക്കൽ, ജിതേശ് ശർമ്മ,ക്യാപ്റ്റൻ പത്തിദാർ, ലിയം ലിവിംഗ്സ്റ്റൺ ടിം ഡേവിഡ് എന്നിവരുടെ ബാറ്റുകളിലും ആർസിബിക്ക് പ്രതീക്ഷ.

ടീം വിട്ട മിച്ചൽ സ്റ്റാർക്കിന് പകരം ആൻറിച് നോർക്കിയയോ സ്പൻസർ ജോൺസനോ കൊൽക്കത്ത നിരയിൽ എത്തും. ഭുവേനേശ്വർ കുമാർ, ജോഷ് ഹെയ്സൽവുഡ്, യഷ് ദയാൽ, ക്രുനാൽ പണ്ഡ്യ എന്നിവരിലാണ് ആർസിബിയുടെ ബൗളിംഗ് പ്രതീക്ഷ. റിങ്കു സിംഗ്, വെങ്കിടേഷ് അയ്യർ, ആന്ദ്രേ റസൽ എന്നിവർക്കൊപ്പം ക്വിന്‍റൺ ഡികോക്കും അജിങ്ക്യ രഹാനെയും ചേരുമ്പോൾ കൊൽക്കത്തയുടെ ബാറ്റിംഗ് നിരയും ശക്തം.

error: