Viral

ബേസില്‍ യൂണിവേഴ്സില്‍ ഉള്‍പ്പെട്ട് വിരാട് കോലിയും, ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങില്‍ കിംഗിനെ ചതിച്ചത് റിങ്കു സിംഗ്

കൊല്‍ക്കത്ത(Kolkata): ബേസില്‍ യൂണിവേഴ്സിലേക്ക് ആദ്യമായി ഒരു കായിക താരം കൂടി. അതും ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാന്‍ഡ് മൂല്യമുള്ള കായിക താരമായ വിരാട് കോലി. സംശയിക്കേണ്ട ബേസില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കാര്യമല്ല പറഞ്ഞുവരുന്നത്. ഹസ്തദാനം നല്‍കാനായി കൈ നീട്ടുമ്പോള്‍ അത് കാണാതെ കടന്നുപോകുന്നവരെയാണ് ബേസില്‍ യൂണിവേഴ്സില്‍ ഉള്‍പ്പെടുത്താറുള്ളത്.

സൂപ്പർ ലീഗ് കേരള ഫുട്ബോൾ ടൂര്‍ണമെന്‍റിന്‍റെ സമ്മാനദാനച്ചടങ്ങിനിടെ കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കുമ്പോൾ ഫോഴ്സ കൊച്ചിയുടെ താരം പൃഥ്വി രാജിന് ഹസ്തദാനം ചെയ്തശേഷം ബേസിലിന് കൈ കൊടുക്കാതെ പോയതാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. പിന്നീട് ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്നവരെല്ലാം ബേസില്‍ യൂണിവേഴ്സിലെത്തി. മമ്മൂട്ടിയും സുരാജ് വെഞ്ഞാറമൂടും ഉണ്ണി മുകുന്ദനും മന്ത്രി വി ശിവന്‍കുട്ടിയുമെല്ലാം ബേസില്‍ യൂണിവേഴ്സില്‍ ഉള്‍പ്പെട്ടിരുന്നു.

ഇന്നലെ ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങിനിടെയാണ് വിരാട് കോലിയും ബേസില്‍ യൂണിവേഴ്സില്‍ ഉള്‍പ്പെട്ടത്. ഉദ്ഘാടനച്ചടങ്ങില്‍ ബോളിവുഡ് സൂപ്പര്‍താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം സഹ ഉടമയുമായ ഷാരൂഖ് ഖാന്‍ വേദിയിലേക്ക് ആദ്യം ആര്‍സിബി താരം വിരാട് കോലിയെ ക്ഷണിച്ചു. കോലിയുമായുള്ള തമാശ പങ്കിടലിന് ശേഷം റിങ്കു സിംഗിനെയും കിംഗ് ഖാന്‍ വേദിയിലേക്ക് ക്ഷണിച്ചു. വേദിയിലേക്ക് ഓടിക്കയറിയ റിങ്കു ഷാരൂഖ് ഖാന് കൈ കൊടുത്ത് ആലിംഗനം ചെയ്തശേഷം കോലിയുടെ അടുത്തു കൂടെ നടന്ന് പോയപ്പോള്‍ കോലി ഹസ്തദാനത്തിനായി കൈ നീട്ടിയെങ്കിലും റിങ്കു മൈന്‍ഡ് ചെയ്യാതെ പോയി.

ഇതാണ് കോലിയെയും ബേസില്‍ യൂണിവേഴ്സില്‍ ഉള്‍പ്പെടുത്തിയത്. കോലിയും റിങ്കുവും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവര‍ കൂടിയാണ്. മുമ്പ് കോലിയുടെ ബാറ്റ് തരാമോ എന്ന് ചോദിച്ച റിങ്കുവിനോട് കോലി തമാശയായി ദേഷ്യപ്പെടുന്ന വീഡിയോയും ആരാധകരും ഏറ്റെടുത്തിരുന്നു.

Highlights: virat kohli enters basil universe rinku singh avoids handshake with kingkohli

error: