Special Features

നാമാണ് മാറേണ്ടത്…

ശശികുമാര്‍ ചേളന്നൂര്‍
പരിസ്ഥിതി പ്രവര്‍ത്തകന്‍

പര്‍വതങ്ങളും ധ്രുവങ്ങളും വിയര്‍ത്തൊഴുകുകയാണ്. സമുദ്ര നിരപ്പ് കരകളെ കാര്‍ന്ന് തിന്നുന്നു. ഭൗമ കവചമായ ഓസോണ്‍ പാളികള്‍ അര്‍ബുദ ബാധിതരായി. ശുദ്ധജലം ലഭിക്കാതായി, മഴയുടെ അളവ് കുറഞ്ഞു, ആഗോള താപനത്തില്‍ വെന്ത് നീറുകയാണ് ലോകം. പ്രകൃതിയെ മുറിവേല്‍പ്പിച്ച മനുഷ്യന് തിരികെ ലഭിക്കുന്നത് അത്ര ശുഭസൂചക കാര്യങ്ങളല്ല. വരാന്‍ പോകുന്നത് വന്‍ദുരന്തമാണ് എന്ന മുന്നറിയിപ്പാണ് പ്രകൃതി നമുക്ക് നല്‍കുന്നത്.
ഐക്യരാഷ്ട്ര സംഘടന മുന്നോട്ടു വച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ പതിമൂന്നാമത്തെ ലക്ഷ്യമായ, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കണമെന്നുള്ള ആഹ്വാനം നടപ്പില്‍ വരുത്തുന്നതില്‍ ലോകത്തെ എല്ലാ രാജ്യങ്ങളും പരാജയപ്പെടുന്നതിന്റെ ഏറ്റവും പ്രധാന തെളിവാണ് ഇന്ന് അതീവ ഗുരുതരമായ കാലാവസ്ഥാ വ്യതിയാനം നമ്മുടെയൊക്കെ ഉറക്കം കെടുത്തുന്നു എന്ന നഗ്‌ന സത്യം.


2025 ലെ സന്ദേശം ‘നേരത്തെയുള്ള മുന്നറിയിപ്പ് വിടവ് ഒരുമിച്ച് അടയ്ക്കുക’ എന്നതാണ്. നേരത്തെയുള്ള മുന്നറിയിപ്പുകള്‍ എണ്ണമറ്റ ജീവന്‍ രക്ഷിക്കുന്നു, പക്ഷേ, നിര്‍ഭാഗ്യവശാല്‍, അവ എല്ലായ്‌പ്പോഴും സാധ്യമാകണമെന്നില്ല. ചില ദുരന്തങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് വന്‍ നാശം വിതയ്ക്കുന്നത്. ചിലപ്പോള്‍ വീണ്ടെടുക്കല്‍ മന്ദഗതിയിലാക്കുകയും ചെയ്യും. മുണ്ടക്കൈ ചൂരല്‍മല ഉദാഹരണം. ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്‍ അടുത്തിടെ പുറത്തിയാക്കിയ ‘ആഗോള കാലാവസ്ഥയുടെ അവസ്ഥ’ എന്ന റിപ്പോര്‍ട്ട് അല്പം ഗൗരവ സ്വഭാവമുള്ളതാണ്. ആഗോളതാപനം മൂലം ലോകം വലിയ ആപത്തിലേക്ക് പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ലോകം ഏറ്റവുമധികം കാര്‍ബണ്‍ വാതകം പുറത്തു വിട്ട വര്‍ഷങ്ങളിലൂടെയാണ് ഇപ്പോള്‍ നാം കടന്നു പോകുന്നതെന്ന പരാമര്‍ശമുണ്ടതില്‍. കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും നമുക്ക് വെറും രണ്ട് വാക്കുകള്‍ മാത്രമാകാം. എന്നാല്‍ അതിന്റെ കാഠിന്യം എത്രയെന്നോ, നാളെ അതുïാക്കാന്‍ പോകുന്ന ദുരന്തത്തെ കുറിച്ചോ നാം ഇപ്പോഴും ബോധവാന്മാരല്ല എന്നതാണ് വാസ്തവം.


കാലാവസ്ഥയിലെ മാറ്റങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തെ പല രീതിയിലാണ് ബാധിക്കുന്നത്. അനിയന്ത്രിതമായി ചൂട് കൂടുന്നത് ജീവിതം ദുസഹമാക്കുന്നു എന്നതിനൊപ്പം പ്രകൃതി ദുരന്തങ്ങള്‍ക്കു കൂടി വഴി വയ്ക്കുന്നു. ആഗോള താപനം മൂലം ധ്രുവങ്ങളിലെ മഞ്ഞുമലകള്‍ ഉരുകുകയും, അതുവഴി സമുദ്രങ്ങളിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്നത് നമുക്ക് ഭീഷണിയാണ്. കൂടാതെ, നമ്മുടെ നില
നില്‍പ്പിന്റെ നട്ടെല്ലായ കൃഷിയെയും കാലാവസ്ഥാമാറ്റം വലിയ നിലയില്‍ ബാധിക്കുന്നു. ലോക ഭക്ഷ്യോത്പാദനത്തില്‍ ഉണ്ടായിരിക്കുന്ന ഭീമമായ ഇടിവ് പരിശോധിച്ചാല്‍ അത് കൃത്യമായി മനസിലാക്കാന്‍ കഴിയും. ഇന്ത്യയിലെ മണ്‍സൂണ്‍ പാറ്റേണില്‍ മാറ്റമുണ്ടായി കൊണ്ടിരിക്കുന്നതായാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ഒരോ വേനല്‍ക്കാലവും വര്‍ധിച്ചു വരുന്ന വരള്‍ച്ചയുടെയും, അത്യുഷ്ണത്തിന്റെയും കാലമായി മാറുന്നു. മണ്‍സൂണ്‍ വൈകി എത്തുന്നു. മണ്‍സൂണിന്റെ തുടക്കത്തില്‍ മഴക്കുറവ് അനുഭവപ്പെടുന്നു. പിന്നീട് അതി ശക്തിയായ മഴയും അതിന്റെ ഭാഗമായുള്ള കാലാവസ്ഥാക്കെടുതികളും ഉïാവുന്നു. ഇന്ത്യയില്‍ ഓരോ പത്തുവര്‍ഷം കൂടുമ്പോഴും 17 മീറ്റര്‍ വീതം കടല്‍ കരയിലേക്ക് കയറാമെന്നാണ് ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐ.പി.സി.സി) പുതിയ പഠന (2021) റിപ്പോര്‍ട്ട് പറയുന്നത്. ഇത് തീരദേശത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുക. ആഗോളതാപനത്തെ തുടര്‍ന്ന് ഉത്തരധ്രുവത്തിലെ മഞ്ഞുപാളികള്‍ ക്ഷണത്തില്‍ ഉരുകിയാല്‍ സമുദ്രനിരപ്പിലെ ഉയര്‍ച്ച വേഗത്തിലാകും. കടല്‍നിരപ്പ് അരയടി മുതല്‍ 2.7 അടി വരെ ഉയര്‍ന്നാല്‍ കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ 12 നഗരം വെള്ളത്തിലാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ഈയിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ആഗോള താപനത്തിന്റെ തുടര്‍ച്ചയായി കേരളത്തില്‍ ചൂടുകാറ്റ് (ഹീറ്റ് വേവ് ) സാഹചര്യം തുടരാനുള്ള സാധ്യത കൂടുതലാണ്. ഏതാനും വര്‍ഷം മുമ്പു വരെ കേരളത്തില്‍ ഹീറ്റ് വേവ് സാഹചര്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ അത് കൂടി വരുന്നു. ശക്തമായ പ്രളയങ്ങളുണ്ടാകും.


കഴിഞ്ഞ 10 വര്‍ഷത്തെ കണക്കു നോക്കിയാല്‍ ചൂടുകാറ്റ്, പ്രളയം എന്നിവയെല്ലാം കൂടുകയാണ്. 20 വര്‍ഷത്തിനിടെ വെള്ളപ്പൊക്കം മൂലം കേരളത്തില്‍ മരണം വര്‍ധിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നുണ്ട്. നമ്മുടെ കേരളത്തിലാണെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയക്കെടുതികളും അതിനു മുമ്പുണ്ടായ ഓഖി കൊടുങ്കാറ്റുമെല്ലാം കാലാവസ്ഥയില്‍ വന്നു കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ ഫലമാണ്.
ഐ.പി.സി.സി റിപ്പോര്‍ട്ടിനെ കേരളം അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്.
ഭൂമിയില്‍ ചൂടു കൂടുമ്പോഴും, മഴയുടെ അളവ് കൂടുമ്പോഴും, കുന്നുകള്‍ ഇടിഞ്ഞു വീഴുമ്പോഴും നാം ഓര്‍ക്കേണ്ട കാര്യം ഉണ്ട് പ്രകൃതിയോടുള്ള മനുഷ്യന്റെ കടന്നുകയറ്റമാണ് ഇതിനെല്ലാം കാരണം. പ്രകൃതിയോടുള്ള നമ്മുടെ സമീപനത്തിലും മനോഭാവത്തിലും ആണ് മാറ്റങ്ങള്‍ വരേണ്ടത്.കാലാവസ്ഥ വിദഗ്ധരുടെ സേവനം പഞ്ചായത്തു തലത്തില്‍ തുടങ്ങി ദേശീയ തലത്തില്‍ വരെ വിവിധ മേഖലകളില്‍ ഉറപ്പു വരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. എല്ലാത്തിലും ഉപരി മനുഷ്യന്റെ കൈകടത്തലുകള്‍ ആണ് അന്തരീക്ഷ കാലാവസ്ഥ മാറ്റങ്ങളെ ഇത്ര കണ്ട് ത്വരിതപ്പെടുത്തുന്നതെന്ന് നാം തിരിച്ചറിയണം. ഇതിനെതിരെ പ്രതികരിക്കുന്ന ഒരു സമൂഹമാണ് ഉണ്ടാകേണ്ടത്. അതുകൊണ്ടു തന്നെ പ്രകൃതിയോടു പടവെട്ടാതെ, മുറിവേല്‍പ്പിക്കാതെ, സമരസപെട്ട് സൗഹൃദമായി, മണ്ണിന്റെ മക്കളായി നാം മാറണം.

Highlights:special feature- climate change

error: