ഇന്ന് ലോകക്ഷയരോഗദിനം: പ്രതിബദ്ധത, നിക്ഷേപം, വാതില്‍പടി സേവനം…
ഡോ. പി. സജീവ്കുമാര്‍
(നെഞ്ചുരോഗ വിദഗ്ധന്‍, ആരോഗ്യ വകുപ്പ്, ഡി.
പി.എം, ആരോഗ്യ കേരളം തൃശൂര്‍)
ക്ഷയരോഗത്തിന് നിദാനമായ ബാക്ടീരിയ, മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ് ആണെന്ന് കണ്ടെത്തിയത് ഡോ. റോബര്‍ട്ട് കോക്ക് എന്ന ജര്‍മ്മന്‍ മൈക്രോബയോളജിസ്റ്റാണ്. 882 മാര്‍ച്ച് 24 നാണ് ഈ കണ്ടെത്തല്‍ ശാസ്ത്ര ലോകത്തെ അറിയിച്ചത്.
ഈ ദിവസത്തിന്റെ ഓര്‍മ പുതുക്കലായും ക്ഷയരോഗ ബോധവല്‍കരണത്തിനുമായും എല്ലാ വര്‍ഷവും മാര്‍ച്ച്- 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നു. ‘അതെ… നമുക്ക് ക്ഷയരോഗത്തെ തുടച്ചുനീക്കാം… പ്രതിബദ്ധത… നിക്ഷേപം… വാതില്‍പടി സേവനം… എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ക്ഷയരോഗം കണ്ടെത്താനും ചികിത്സിക്കാനും രോഗികള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനും കൂടുതല്‍ ഊര്‍ജിതമായുള്ള പ്രവര്‍ത്തനങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തില്‍ ടി.ബി. എലിമിനേഷന്‍ പരിപാടി വളരെ നല്ല രീതിയില്‍ നടന്നു വരുന്നു.
ക്ഷയരോഗം അഥവാ ട്യൂബര്‍ക്കുലോസിസ്
മൈകോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന ക്ഷയരോഗം അഥവാ ടി.ബി, നൂറ്റാണ്ടുകളായി ലോകരാജ്യങ്ങളില്‍ ഉണ്ട്. ഒരൊറ്റ രോഗാണു മൂലം കൂടുതല്‍ മരണത്തിന് കാരണമാകുന്ന ഒന്നാണ് ഈ ബാക്ടീരിയ. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെ ടി.ബി രോഗത്തിന് ചികിത്സയും കണ്ടുപിടിക്കപ്പെട്ടു. ടി.ബി ഏതു പ്രായത്തിലുള്ളവരിലും ഉണ്ടാകാം. കൃത്യമായി, ചികിത്സിച്ചാല്‍ ഭേദമാക്കാവുന്ന ഒരു രോഗമാണത്. എങ്കിലും, ജനസംഖ്യ കൂടുതലുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഇപ്പോഴും നല്ലൊരു ശതമാനം ആളുകള്‍, വായുവിലൂടെ പകരുന്ന ഈ രോഗം മൂലം അവശത അനുഭവിക്കുന്നു. പ്രമേഹം, എച്ച്.ഐവി അണുബാധ, പോഷകാഹാരക്കുറവ്, രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മറ്റു രോഗങ്ങള്‍, പുകവലി, മദ്യപാനം എന്നീ ഘടകങ്ങളും ടി.ബി വരാനുള്ള സാധ്യത കൂട്ടുന്നു. 2023 ലെ കണക്കുകള്‍ പ്രകാരം ലോകത്താകെ ഒരു കോടി, എട്ട് ലക്ഷം പേര്‍ക്ക് ക്ഷയരോഗമുണ്ടായി. ഇതില്‍ 27 ലക്ഷം കേസുകള്‍ ഇന്ത്യയില്‍ നിന്നാണ്. അതായത് നാലില്‍ ഒരു ഭാഗം. അതു കൊണ്ടുതന്നെ ഇന്ത്യയില്‍ ക്ഷയരോഗം കണ്ടെത്തുന്നതും ചികിത്സിക്കുന്നതും തീവ്രമായി ചെയ്യേണ്ടതുണ്ട്.
ക്ഷയരോഗം, കണ്ടെത്തലും ചികിത്സയും
കഴിഞ്ഞ അഞ്ചു വര്‍ഷമായി ക്ഷയരോഗ നിവാരണ പരിപാടിയാണ് ഇന്ത്യയില്‍ നടക്കുന്നത്. 2025 ഓടെ ക്ഷയരോഗം ഗണ്യമായി കുറച്ചു ഇല്ലാതാക്കാന്‍ ഇതുവഴി ശ്രമിച്ചു വരുന്നു. നീണ്ടുനില്‍ക്കുന്ന പനി, ചുമ,കഫം, ഭാരക്കുറവ്, നെഞ്ചുവേദന,കിതപ്പ്, കഫത്തില്‍ രക്തം എന്നിങ്ങനെ ലക്ഷണമുള്ളവരെ, കഫ പരിശോധനക്കും, എക്‌സ്‌റേ പരിശോധനക്കും വിധേയമാക്കി രോഗം കണ്ടെത്തുന്നവരില്‍ ദിവസേന മരുന്നുകള്‍ നല്‍കി, ആറു മാസം ചെയ്യുന്ന ചികിത്സയാണ് നിലവില്‍ ഉള്ളത്. ശ്വാസകോശ ക്ഷയരോഗം, ശ്വാസകോശേതര ക്ഷയരോഗം എന്നിങ്ങനെ രണ്ടു തരത്തില്‍ ക്ഷയരോഗമുണ്ട്. രണ്ടു തരത്തിലുള്ള ക്ഷയരോഗവും കണ്ടെത്താന്‍ സി.ബി.നാറ്റ്, ട്രൂനാറ്റ് പരിശോധനകള്‍ ഉണ്ട്. ഈ പരിശോധകള്‍ സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ഉണ്ട്. ക്ഷയരോഗ മരുന്നുകളെ പ്രതിരോധിക്കുന്ന അണുക്കള്‍ ഉണ്ടാക്കുന്ന മള്‍ട്ടി ഡ്രഗ്ഗ് റെസിസ്റ്റന്റ് ടിബിക്കും, സൗജന്യ ചികിത്സയുണ്ട്. ശ്വാസകോശേതര ക്ഷയരോഗം കണ്ടു പിടിക്കാനും ടെസ്റ്റുകള്‍ ഉണ്ട്. രോഗലക്ഷണമുള്ളവര്‍ ആശുപത്രികളില്‍ എത്തി ടെസ്റ്റിനു വിധേയരാവണം. കിടപ്പു രോഗികളുടെ കഫപരിശോധന നടത്താനുള്ള കളക്ഷന്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംവിധാനവും ഉണ്ട്. എങ്കിലും ട്രൈബല്‍ വിഭാഗക്കാര്‍, മൈഗ്രന്റ് തൊഴിലാളികള്‍, ഷെല്‍ട്ടര്‍ ഹോമിലുള്ളവര്‍, എച്ച്.ഐ.വി ബാധിതര്‍, മറ്റുള്ള പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ എന്നിവരില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്.
രോഗം കണ്ടെത്താന്‍ നൂറുദിന തീവ്രപരിപാടി
സമൂഹത്തില്‍ വിവിധ ഇടങ്ങളില്‍ നിന്ന് പ്രായഭേദമില്ലാതെ രോഗസാധ്യത ഉള്ളവരെ കണ്ടെത്തി അവരെ സ്‌ക്രീനിംഗ് ചെയ്യുന്ന പരിപാടി സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് 2024-ഡിസംബര്‍ ഏഴിനു തുടങ്ങി. ഓരോ വാര്‍ഡുകളിലെയും ജനങ്ങളെ ആശ പ്രവര്‍ത്തകരും ആരോഗ്യ വകുപ്പ് ജീവനക്കാരും ചേര്‍ന്ന് രോഗ സാധ്യതയുള്ളവരെ കണ്ടെത്തി ലിസ്റ്റ് ഉണ്ടാക്കുന്നു. ഈ ലിസ്റ്റിലെ എല്ലാവരെയും തുടര്‍ പരിശോധനകള്‍ക്ക് വിധേയമാക്കുന്നു. റിസള്‍ട്ടിനനുസരിച്ച് ചികിത്സ ചെയ്യുന്നു. മാര്‍ച്ച് മാസത്തിനുള്ളില്‍ പരമാവധി പേരില്‍, രോഗ നിര്‍ണയം നടത്തി ചികിത്സ ചെയ്യുക എന്നതാണ് ലക്ഷ്യമിട്ടത്.ഇതു വഴി ലക്ഷക്കണക്കിന് ആളുകളില്‍ പരിശോധനകള്‍ നടത്തുകയുണ്ടായി. രോഗം കണ്ടെത്തിയവരില്‍ ചികിത്സയും തുടങ്ങി.
രോഗലക്ഷണമുള്ളവര്‍ ചെയ്യേണ്ടത്
മേല്‍ സൂചിപ്പിച്ച രോഗലക്ഷണമുള്ളവര്‍ ഉടനെ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ, ആശുപത്രിയിലെ ഡോക്ടറുമായോ കണ്‍സള്‍ട്ട് ചെയ്ത്, അവര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യണം. ക്ഷയരോഗം നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായി ചികിത്സിച്ചു മാറ്റാം. അതു വഴി വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യവും സമ്പത്തും സംരക്ഷിക്കാം. രോഗികള്‍ക്ക് ചികിത്സാ കാലയളവില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തികസഹായം, നിക്ഷയ് മിത്ര വഴി പോഷകാഹാരങ്ങള്‍ ലഭ്യമാക്കല്‍, എന്നിവയും ചെയ്യുന്നുണ്ട്. പൊതുജനങ്ങള്‍ ക്ഷയരോഗത്തെ പറ്റി മനസിലാക്കി, മുന്നോട്ട് വന്നാല്‍ നമുക്ക് ക്ഷയരോഗത്തെ താമസിയാതെ നമ്മുടെ നാട്ടില്‍ നിന്ന് ഒഴിവാക്കാം.
Highlights: Special features World TB Day–March 24