കേരള ബി.ജെ.പിയെ ആർ.സി നയിക്കുമ്പോൾ
സംസ്ഥാന ബി.ജെ.പിയുടെ പുതിയ അധ്യക്ഷനായി പരമ്പരാഗത മാമൂലുകളെ എല്ലാം തള്ളിക്കളഞ്ഞ് അപൂർവങ്ങളിൽ അപൂർവമായി മാത്രം നടന്നിട്ടുള്ള സ്ഥാനാരോഹണമായി രാജീവ് ചന്ദ്രശേഖറിന്റെ നിയമനം. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും താഴേക്കിടയിൽ നിന്ന് പടിപടിയായി ഉയർന്നുവന്ന നേതൃസ്ഥാനത്ത് എത്തുന്ന ശൈലിക്ക് വിഭിന്നമായിട്ടാണ് രാജീവ് ചന്ദ്രശേഖറിനെ അതും കേരളം പോലൊരു സംസ്ഥാനത്ത് പാർട്ടിയെ നയിക്കാൻ നിയോഗിക്കുന്നത്. അത്ഭുതം കൂറുന്നവരേറെയും രാഷ്ട്രീയ നിരീക്ഷകർ തന്നെയാണ്. മൂന്ന് പതിറ്റാണ്ടോളം മാത്രം കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയ പാർലമെന്ററി രംഗത്ത് പ്രവർത്തിച്ച് പരിചയമുള്ള മലയാളി ടെക്നോക്രാറ്റ് കൂടിയായ രാജീവ് ചന്ദ്രശേഖറിന് ബി.ജെ.പി പോലൊരു പാർട്ടിയെ നയിക്കാനാവുമോ?, മൂക്കത്ത് വിരൽ വെച്ച് ചോദിക്കുന്നവർക്ക് മുന്നിൽ ഉത്തരം പറയാൻ നിൽക്കുന്നില്ല, ഗോദയിൽ കാണിച്ചു തരാമെന്നാണ് ബി.ജെ.പി നേതൃത്വം മൗനമായി വിശദീകരിക്കുന്നത്. നരേന്ദ്രമോദിയും അമിത് ഷായും ആർ.എസ്.എസ് നേതൃത്വവും ഒന്നും കാണാതെ രാജീവ് ചന്ദ്രശേഖറിനെ പോലൊരാളെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിയോഗിക്കില്ലെന്ന് ഉറപ്പ്. പ്രത്യേകിച്ച് ബി.ജെ.പി ഏറെ പ്രതീക്ഷ വെച്ചു പുലർത്തുന്ന കേരളത്തിൽ.
സമീപകാല രാഷ്ട്രീയ രംഗത്ത് ലോകസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും വോട്ട് ശതമാനം ഉയർത്തലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാമമാത്രമെങ്കിലും സ്ഥാനാർത്ഥികളെ വിജയിപ്പിച്ച് ജനപ്രതിനിധി സഭകളുടെ ഭാഗമാക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസം പുതിയ സംസ്ഥാന അധ്യക്ഷന്റെ പ്രവർത്തന വീഥികളിലെ മുതൽക്കൂട്ടാണ്. ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായ കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ പുതിയ വിസ്മയമായി മാറിയ ലോകസഭാ തിരഞ്ഞെടുപ്പിലെ ചരിത്രത്തിലെ ആദ്യ അക്കൗണ്ട് തുറക്കൽ നടന്ന തൃശൂരിലെ ബി.ജെ.പിയുടെ വിജയം ഉൾപ്പെടെ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മേൽകൈ നേടാനുള്ള സാധ്യതകൾക്ക് രാഷ്ട്രീയപരമായ കരുത്തും ഊർജ്ജവും ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഉണ്ട് എന്ന് വ്യക്തമാക്കുന്നതാണ്. പല വെല്ലുവിളികളെയും സാധ്യതകളാക്കിയാണ് ബി.ജെ.പി വലിയ പതനങ്ങളുടെ താഴ്ചയിൽ നിന്ന് സമാനതകളില്ലാത്ത വിജയത്തിന്റെ ഉന്നത സോപാനങ്ങളിലേക്ക് നടന്നു കയറിയത്. തീവ്രമായ വർഗീയ നിലപാടുകളും സ്വജനപക്ഷ വാദവും അരാഷ്ട്രീയമായ രാഷ്ട്രീയ പ്രസ്താവനകളും വിലയിരുത്തലകളും നിരീക്ഷണങ്ങൾക്കുമപ്പുറം ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ ശബ്ദിക്കുന്ന ജനകീയ ജനാധിപത്യ പ്രസ്ഥാനങ്ങളെയാണ് പുതിയ കാലത്തിന്റെ രാഷ്ട്രീയ ഭൂമിക ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതെന്ന് ബോധ്യപ്പെടുത്തുന്ന കാലഘട്ടം കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ പരസ്യമായ രഹസ്യവും രഹസ്യമായ പരസ്യവുമായി മാറിയ ബി.ജെ.പിയുടെ ഗ്രൂപ്പ് രാഷ്ട്രീയം ഇതൊന്നും ഭാഗമല്ലാതെ ബൗദ്ധിക ജ്ഞാനത്തിന്റെയും സാങ്കേതിക ജ്ഞാനത്തിന്റെയും പ്രതിച്ഛായയിൽ വളർന്നുവന്ന പുതിയ സംസ്ഥാന അധ്യക്ഷന് തലവേദനയാകുമോയെന്നും ആശങ്കയുണ്ട്. രാഷ്ട്രീയമായ കേട്ടിറക്കങ്ങൾ സ്വാഭാവികമാണെങ്കിലും കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയിൽ സി.പി.എം നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിനോടും കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിനോടും പട പൊരുതുന്നതിൽ ബി.ജെ.പിയുടെ സംഘബലം കഴിഞ്ഞകാലങ്ങളിൽ നിന്ന് അനുദിനം മെച്ചപ്പെട്ടു വരുന്നുയെന്നുള്ളത് ശരിയായ രീതിയിൽ ഉപയോഗിക്കാനാണ് സംഘടന പ്രധാനമായും പ്രവർത്തിക്കേണ്ടത് ശ്രമിക്കേണ്ടത്. എത്ര വലിയ ഉന്നതനായാലും ഏതു വലിയ ഗ്രൂപ്പിന്റെ ഭാഗമാണെങ്കിലും രാഷ്ട്രീയപരമായ നിലപാടുകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും വ്യാഖ്യാധിഷ്ഠിതമായ നിലപാടുകളിലേക്കും പ്രവർത്തനങ്ങളിലേക്കും പാർട്ടിയുടെയും പാർട്ടി അണികളുടെയും വികാരവിചാരങ്ങളെ വഴിതിരിച്ചുവിടുന്നതിൽ ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നും രാജീവ് ചന്ദ്രശേഖറിന്റെ നിയമനം അടിവരയിടുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള വലിയൊരു തെരഞ്ഞെടുപ്പുകാലം ആസന്നമായിരിക്കെ അതെല്ലാം രാജീവ് ചന്ദ്രശേഖറിനു മുന്നിലെ പ്രധാന കടമ്പകളാണ്. ജില്ലകൾ തോറും മൂന്ന് സെക്ടറുകൾ ആയി തിരിച്ചിട്ടുള്ള പുതിയ സംഘടന സംവിധാനം സംസ്ഥാന ജില്ലാ ഭാരവാഹികളുടെ നിയമനത്തിൽ ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെ പൊതുവായമുള്ള പിന്തുണ ആർജിക്കൽ തുടങ്ങിയവ പുതിയ അധ്യക്ഷന് മുന്നിലെ പ്രധാന വെല്ലുവിളികളായി സംഘടനാ രംഗത്തുമുണ്ടെങ്കിലും വ്യാവസായിക രംഗത്ത് നിന്ന് പാർലമെന്ററി രംഗത്ത് കയ്യൊപ്പ് പതിപ്പിച്ച രാജീവ് ചന്ദ്രശേഖറിന് പാർട്ടി സംഘടനാരംഗത്തും മറികടക്കാനാവുമെന്ന് പ്രതീക്ഷിക്കാം.