സ്വകാര്യ സര്‍വകലാശാലകള്‍ കേരളത്തില്‍ എത്തുമ്പോള്‍ പ്രത്യാശയും ആശങ്കകളും
പ്രകാശ് നാരയണൻ
റിട്ട. ഉപജില്ല വിദ്യഭ്യാസ ഓഫീസർ
വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയിലായാലും ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും കേരളം നീതി അയോഗിന്റെ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്താണ്. ഉന്നത വിദ്യാഭ്യാസ രംഗത്തും കേരളത്തിലെ സര്‍വകലാശാലകള്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നുണ്ട്. എന്നിരുന്നാലും ഉന്നത വിദ്യാഭ്യാസം കൊണ്ട് നാം ഉദ്ദേശിക്കുന്ന തരത്തിലുള്ള പുരോഗതി പ്രത്യേകിച്ച് ഗവേഷണ രംഗത്തും മറ്റും ഉണ്ടായിട്ടുണ്ടോ എന്നത് സംശയാസ്പദമാണ്. കേരളത്തിലെ പുതുതലമുറ പഠനത്തിനായി വിദേശ സര്‍വകലാശാലകളെ ആശ്രയിക്കുന്നതിന്റെ ഒരു കാരണം ഇതായി കൂടെന്നില്ല. ഇത്തരം ഒരു സാഹചര്യത്തിലാണ് കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബ് ആക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ തയാറാക്കിയ സ്വകാര്യസര്‍വകലാശാല ബില്‍ പ്രസക്തമാകുന്നത്.
സര്‍ക്കാര്‍ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളാണ് സ്വകാര്യ സര്‍വകലാശാലകളെന്ന് പൊതുവേ വിളിക്കുന്നത്. സ്വകാര്യ സര്‍വകലാശാല ബില്‍ നിഷ്കര്‍ഷിക്കുന്നത് താഴെപ്പറയുന്ന വ്യവസ്ഥകളാണ്. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി ആവശ്യപ്പെടുമ്പോള്‍ 25 കോടി കോര്‍പസ് ഫണ്ടായി ട്രഷറിയില്‍ നിക്ഷേപിക്കണം. ഫീസില്‍ സര്‍ക്കാര്‍ നിയന്ത്രണമില്ല കേരളത്തിലെ സ്ഥിരതാമസക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഓരോ കോഴ്സിലും 40 ശതമാനം സംവരണം ഉണ്ടാകും. അതില്‍ പിന്നോക്ക സംവരണവും ഉണ്ടാകും. സര്‍വകലാശാലകള്‍ക്ക് വേണ്ടി റെഗുലേറ്ററിബോഡികള് അനുശാസിച്ചിട്ടുള്ള പ്രകാരം ഭൂമി കൈവശം വയ്ക്കണം. വിദ്യഭ്യാസ മേഖലയില്‍ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള വിദ്യഭ്യാസവും ഏജന്‍സിക്ക് സ്വകാര്യ സര്‍വകലാശാലയ്ക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന ഫീസിളവ്/സ്കോളര്‍ഷിപ്പ് നിലനിര്‍ത്തും.
നിയമത്തില്‍ പഠനവ്യവസ്ഥകള്‍ പ്രകാരം വിദഗ്ധ സമിതി വിലയിരുത്തും. വിദഗ്ധ സമിതിയില്‍ ഒരു അക്കാദമിഷ്യന്, സംസ്ഥാനസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഒരു വൈസ് ചാന്‍സിലര്‍, ഉന്നത വിദ്യഭ്യാസ സെക്രട്ടറി സ്വകാര്യ സര്‍വകലാശാല നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ജില്ലയിലെ കളക്ടര്‍, കേരള വിദ്യാഭ്യാസ കൗണ്‍സിലിന്റെ നോമിനി എന്നിവര്‍ അംഗങ്ങളായിരിക്കും. വിദഗ്ധസമിതി അപേക്ഷ വിലയിരുത്തി രണ്ടുമാസത്തിനകം തീരുമാനം സര്‍ക്കാരിന് സമര്‍പ്പിക്കണം. സര്‍ക്കാര്‍ തീരുമാനം സ്പോണ്‍സറിങ് ബോഡിയെ അറിയിക്കും. സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ഉണ്ടാകില്ല. പക്ഷേ ഫാക്കല്റ്റിക് ഏജന്‍സികള്‍ക്ക് ഗവേഷണങ്ങളിലെ കൗണ്‍സില്‍ ഏജന്‍സികളെ സമീപിക്കാം, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും, സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന മറ്റൊരു വകുപ്പ് സെക്രട്ടറിയും സ്വകാര്യ സര്‍വകലാശാലയുടെ ഗവേഷണ കൗണ്‍സിലര്‍ അംഗമായിരിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ മൂന്നു നോമിനികള്‍ സ്വകാര്യ സര്‍വകലാശാലയുടെ അക്കാദമി കൗണ്‍സിലില്‍ ഉണ്ടായിരിക്കും വിദ്യാര്‍ഥികളുടെയും അധ്യാപക- അനധ്യാപകരുടെയും ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും പരാതി പരിഹാര സംവിധാനങ്ങള്‍ ഉണ്ടായിരിക്കുകയും ചെയ്യും. പി.എഫ് ഉള്‍പ്പെടെ ജീവനക്കാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതാണ്. യു.ജി.സി സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ള നിയന്ത്രണ ഏജന്‍സികളുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. ഉന്നത വിദ്യാഭ്യാസത്തിനായി നമ്മുടെ യുവതലമുറ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഒരു പരിധിവരെ നിയന്ത്രിക്കാനാകുന്നതാണ് സ്വകാര്യ സര്‍വകലാശാല ബില്ലിന്റെ പ്രധാന നേട്ടം. അതിനുപുറമേ പുറത്തുനിന്ന് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ട്. ഇങ്ങനെ സമ്പത്ത് ഇവിടെ വിനിയോഗിക്കപ്പെടുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതു ധനസ്ഥിതി മെച്ചപ്പെടും.
ആശങ്കകള്‍
ഒന്നാമതായി സാമൂഹ്യനീതി ഉറപ്പാക്കാന്‍ കഴിയുമോ എന്നതാണ് 40ശതമാനം കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് സംവരണം നല്‍കുമെന്ന് അതില്‍ പിന്നോക്ക സംവരണം ഉണ്ടായിരിക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഫീസ്, സ്കോളര്‍ഷിപ്പ്, ഇവ നിലനിര്‍ത്തും എന്നും വ്യവസ്ഥ ചെയ്യുന്നുï്. ഇത് കൃത്യമായി പാലിക്കാന്‍ കഴിയണം.മറ്റൊരു വലിയ ആശങ്ക ജനാധിപത്യ അവകാശങ്ങളെ കുറിച്ചാണ്. വിദ്യാര്‍ഥികളുടെയും അധ്യാപക- അനധ്യാപകരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പറയുന്നുണ്ട്. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാകും എന്നത് പ്രശ്നമാണ്.
നിലവിലുള്ള അംഗീകൃത സ്കൂളുകള്‍, സ്വകാര്യ സ്വാശ്രയ കോളേജുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥി രാഷ്ട്രീയ സ്വാതന്ത്ര്യം, അധ്യാപക- അനധ്യാപക സംഘടന സ്വാതന്ത്ര്യം ഇവയില്ല, വിദ്യാര്‍ഥി രാഷ്ട്രീയം പടിയിറങ്ങിയാല്‍ കയറിവരുന്നത് വര്‍ഗീയതയായിരിക്കും. ഇപ്പോള്‍തന്നെ നമ്മുടെ യുവതലമുറ ലഹരിക്ക് അടിമപ്പെടുന്നതു മൂലം അരാഷ്ട്രീയവല്കരിക്കപ്പെടുകയും അക്രമം വര്ധിക്കാനിടയാകുന്നതും നിത്യവും നാം കാണുന്നതാണ്. വര്‍ഗീയ ചേരിതിരിവ് കൂടിവരുന്ന സാഹചര്യത്തില്‍ നാളെ അത് ഭീതിതമാകും.
സിലബസ് നിശ്ചയിക്കാനുള്ള അവകാശം കൂടി സര്വകലാശാലകള്ക്കാകുമ്പോള് അതുവഴിയും വര്‍ഗീയത കടന്നുവരും. കേരളത്തിലെ വിദ്യാഭ്യാസ ഏജന്‍സികള്‍ പലതും ജാതി-മത സംഘടന കളുടെതാണല്ലോ.
അക്കാദമി കൗണ്‍സിലില്‍ മൂന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഇവര്‍ക്ക് എത്രത്തോളം ഭീമന് ഏജന്‍സികളെ കടിഞ്ഞാണിടാന്‍ കഴിയും എന്നത് കാതലായ പ്രശ്നമാകും.
മറ്റൊരാശങ്ക സ്വകാര്യ സര്‍വകലാശാലകളുടെ നിലവാരത്തെ സംബന്ധിച്ചാണ് സര്‍വകലാശാലക്കു അനുമതി നല്കുന്ന വിദഗ്ധ സമിതി കര്‍ശന നിലപാടെടുത്താല്‍ അത് ഒരു പരിധിവരെ പരിഹരിക്കാം. സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നതോടുകൂടി നമ്മുടെ നിലവിലുള്ള സര്‍വകലാശാലകള്‍ അപ്രസക്തമാകാതെ ശാക്തീകരിക്കുന്നതിനുള്ള ബാധ്യതകൂടി സര്‍ക്കാരിനുണ്ട്.
Highlights: Hopes and concerns as private universities arrive in Kerala