Special Features

ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം

ഇന്ന്   ജോണ്‍സണ്‍ മാസ്റ്ററുടെ ജന്മദിനം

സുരേഷ് കോമ്പാത്ത്

ശുദ്ധ സംഗീതത്തെയും, നാടന്‍ പാട്ടുകളുടെ താള ലയങ്ങളെയും ഇഴച്ചേര്‍ത്ത് ഭാവസാന്ദ്രവും… അനശ്വരവുമായ ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംഗീത സംവിധായകനായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍. മനോഹരമായ ഈണങ്ങളിലൂടെ ആസ്വാദക മനസ്സുകള്‍ കീഴടക്കിയ അദ്ദേഹം എന്നെന്നും മനസ്സിന്റെ ഓര്‍മ്മച്ചെപ്പില്‍ കാത്തുവെക്കുവാന്‍  നിരവധി ഗാനങ്ങള്‍  സമ്മാനിച്ചിട്ടുണ്ട്. 

‘ദേവകന്യക സൂര്യതംബുരു മീട്ടിയപ്പോള്‍… ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകമായി…സിന്ദൂരം പെയ്തിറങ്ങിയ പോലെ…ദേവി ആത്മരാഗ മേകിയപ്പോള്‍…ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടമായി’ ആസ്വാദക ഹൃദയങ്ങളില്‍ ജോണ്‍സണ്‍ സംഗീതം ഒഴുകിയെത്തി.  അന്തിപ്പൂമാനം,  അനുരാഗിണി, അഴകേ നിന്‍, ആകാശമാകെ, ആടിവാകാറ്റേ, ആദ്യമായി കണ്ടനാള്‍, എത്രനേരമായി ഞാന്‍, രാജഹംസമേ, എന്തേ കണ്ണനു കറുപ്പു നിറം, ഒന്നു തൊടാനുള്ളില്‍, സ്വര്‍ണ്ണമുകിലെ, സ്വപ്‌നം വെറുമൊരു സ്വപ്‌നം തുടങ്ങിയ മലയാളികളുടെ നാവിന്‍ തുമ്പിലുള്ള എത്രയെത്ര ചലച്ചിത്ര ഗാനങ്ങള്‍ക്കാണ് ജോണ്‍സണ്‍ മാസ്റ്റര്‍ ഈണം പകര്‍ന്നത്.

മലയാള ചലച്ചിത്ര ഗാനലോകത്തെ ‘സംഗീത ചക്രവര്‍ത്തി’ ദേവരാജന്‍ മാഷുടെ ശിഷ്യനായി സിനിമയിലെത്തിയ അദ്ദേഹം…ദേവരാജന്‍ മാഷിന് ശേഷം ഏറ്റവും കൂടുതല്‍ മലയാള സിനിമക്ക് സംഗീതമൊരുക്കിയ സംഗീത സംവിധായകനാണ്. ഒരു പക്ഷെ മലയാള ചലച്ചിത്ര ഗാനലോകത്തെ ‘രണ്ടാം ദേവരാജന്‍’ എന്ന പദവിക്ക് അര്‍ഹനാണ് ജോണ്‍സണ്‍ മാഷ്. 

തൃശൂര്‍ ജില്ലയിലെ നെല്ലിക്കുന്നില്‍ 1953 മാര്‍ച്ച് 26 നാണ് അദ്ദേഹം ജനിച്ചത്. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചില്‍ ഗായകനായിരുന്നു. ചെറുപ്പകാലത്ത് തന്നെ ഗിത്താറിലും, ഹാര്‍മോണിയത്തിലും പ്രതിഭ തെളിയിച്ചു. 1968ല്‍  ചില സുഹൃത്തുക്കളുമായി ചേര്‍ന്ന് രൂപീകരിച്ച ‘വോയ്‌സ് ഓഫ് തൃശൂര്‍’ എന്ന ട്രൂപ്പിന്റെ കോ..ഓര്‍ഡിനേറ്ററായിരുന്നു അദ്ദേഹം. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും ബിരുദമെടുത്ത ശേഷം മദ്രാസില്‍ എത്തിയ ജോണ്‍സണ്‍ മാഷ് ദേവരാജന്‍ മാഷുടെ സഹായിയായി. സംഗീതം ശാസ്ത്രീയമായി  അഭ്യസിക്കാതിരുന്ന അദ്ദേഹം ദേവരാജന്‍ മാഷുടെ നിര്‍ദ്ദേശപ്രകാരമാണ് സംഗീതപഠനം തുടങ്ങിയത്. ഭരതന്റെ ‘ആരവം’ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ  സിനിമ ലോകത്തിലേക്കുള്ള കടന്നുവരവ് . ആന്റണി ഈസ്റ്റ്മാന്‍ സംവിധാനം ചെയ്ത ‘ഇണയെത്തേടി’ എന്ന ചിത്രത്തിന് സംഗീതം ഒരുക്കി അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായകനായി.

ആദ്യ ചിത്രത്തിലെ ഗാനങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് പുറത്തിറങ്ങിയ ജയില്‍, പാര്‍വതി, പ്രേമഗീതങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ ജോണ്‍സണ്‍ മാസ്റ്റര്‍ എന്ന പ്രതിഭയെ മലയാള ചലച്ചിത്ര ലോകം തിരിച്ചറിഞ്ഞു. യേശുദാസ്, ജയചന്ദ്രന്‍, ജി. വേണുഗോപാല്‍, ഉണ്ണിമേനോന്‍, എം. ജി. ശ്രീകുമാര്‍, മാധുരി, ജാനകി, സുശീല, വാണിജയറാം,  ചിത്ര, സുജാത, മിന്‍മിനി, ബോംബെ ജയശ്രീ തുടങ്ങി നിരവധി പ്രശസ്ത പിന്നണി ഗായകര്‍ അദ്ദേഹത്തിന്റെ സംഗീതത്തില്‍ പാടിയിട്ടുണ്ട്.

ജയചന്ദ്രനിലൂടെ ദേവരാജന്‍ മാസ്റ്ററെ പരിചയപ്പെട്ടതാണ് ജോണ്‍സണ്‍ മാഷിന് ചലച്ചിത്ര സംഗീത ലോകത്തേക്കുള്ള വഴി തുറന്നത്.  ഈ കാലയളവില്‍ തന്നെ അര്‍ജ്ജുനന്‍ മാസ്റ്റര്‍,എ.ടി ഉമ്മര്‍ എന്നീ സംഗീത സംവിധായകരോടൊത്തും പ്രവര്‍ത്തിച്ചു.  തുടര്‍ന്ന് മുന്നൂറിലധികം ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ചു. 1982ല്‍ ‘ഓര്‍മ്മക്കായ്’ 1989ല്‍ ‘മഴവില്‍ക്കാവടി’ ‘വടക്കുനോക്കിയന്ത്രം’, 1999ല്‍ ‘അങ്ങനെ ഒരവധിക്കാലത്ത് ‘ എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം നേടിക്കൊടുത്തു.1993ല്‍ ‘പൊന്തന്മാടയും’ ’94ല്‍ ‘സുകൃതവും’ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ അവാര്‍ഡുകളും നേടാന്‍ കാരണമായി. 1993ലെ ‘പൊന്തന്മാടക്ക് ‘മികച്ച പശ്ചാത്തല സംഗീതത്തിന് പുറമേ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ അവാര്‍ഡും ലഭ്യമായി.

കുറഞ്ഞ സമയത്തിനുള്ളില്‍ സിനിമകള്‍ക്ക് മികച്ച പശ്ചാത്തല സംഗീതമൊരുക്കുന്നതില്‍ ജോണ്‍സണ്‍ മാഷോളം മികവ് മറ്റൊരു സംഗീത സംവിധായകനും മലയാളത്തില്‍ പ്രകടിപ്പിച്ചിരുന്നില്ല. വ്യത്യസ്തമായ സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുവാനുള്ള പ്രാവീണ്യമാണ് സംഗീത സംവിധായകന്‍ എന്നതിന് പുറമേ മികച്ച മ്യൂസിക് കണ്ടക്റ്റര്‍-ഓര്‍ഗനൈസര്‍, ഓര്‍ക്കസ്‌ട്രേഷന്‍ വിദഗ്ധന്‍ എന്ന നിലകളില്‍ അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തത്.

പത്മരാജന്‍, ഭരതന്‍, സിബി മലയില്‍, ലോഹിതദാസ്, കമല്‍ എന്നിവരുടെ ചിത്രങ്ങളില്‍ സ്ഥിരം സംഗീത സംവിധായകനായിരുന്ന ജോണ്‍സണ്‍മാഷ് സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ ഗാനങ്ങളൊരുക്കിയത്.

കൈതപ്രം-ജോണ്‍സണ്‍ കൂട്ടുകെട്ടിന്റേതായി അനവധി ഹിറ്റ് ഗാനങ്ങള്‍ പുറത്തിറങ്ങി. കൂടാതെ ഒ. എന്‍. വി, പി. ഭാസ്‌കരന്‍, കാവാലം, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി, രമേശന്‍ നായര്‍, പൂവച്ചല്‍ ഖാദര്‍, ബിച്ചു തിരുമല, ഗിരീഷ് പുത്തഞ്ചേരി എന്നിവരുടെ വരികള്‍ക്കും അദ്ദേഹം സംഗീതം പകര്‍ന്നു.   വര്‍ഷത്തില്‍ മുപ്പതിലധികം സിനിമകള്‍ക്ക് സംഗീതമൊരുക്കിയിരുന്ന ജോണ്‍സണ്‍ മാഷ് തൊണ്ണൂറുകളുടെ അവസാനത്തോടെ സിനിമാ സംഗീത മേഖലയില്‍ നിന്ന് പതുക്കെ മാറി നിന്നിരുന്നു.

2004ല്‍ ”കണ്‍കളാല്‍ കൈത് സെയ് ‘ എന്ന ഭാരതിരാജാ ചിത്രത്തില്‍ എ.ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ ”തീക്കുരുവി” എന്ന ഗാനം ആലപിച്ചു. 2006ല്‍ ‘ഫോട്ടോഗ്രാഫര്‍ ‘എന്ന ചിത്രത്തിലൂടെ ഗംഭീരമായ ഒരു തിരിച്ചു വരവ് തന്നെ നടത്തിയെങ്കിലും തുടര്‍ന്നും സിനിമാ സംഗീതത്തിലെ മുഖ്യധാരയില്‍ നിന്ന് ബോധപൂര്‍വ്വമോ അല്ലാതെയോ മാറി നിന്നു. 2011 ഓഗസ്റ്റ് 18ന് തന്റെ  അമ്പത്തിയെട്ടാം വയസ്സില്‍ ഹൃദയാഘാതം മൂലം ചെന്നൈയിലെ വീട്ടില്‍വച്ച് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു.

Highlights: Special features, Today is Johnson Master’s birthday

error: