HighlightsKerala

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്: നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും



കൊച്ചി: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോട്ടയം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി പൊലീസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ജാമ്യത്തെ എതിർത്ത് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

നോബി ലൂക്കോസ് ഷൈനിയെ പിന്തുടർന്ന് പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജാമ്യത്തിനെതിരെ ഷൈനിയുടെ അച്ഛൻ കുര്യാക്കോസും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്. നേരത്തെ ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതി നോബിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു, ഇതിന് പിന്നാലെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്.

പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി 28ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനുസമീപം പാറോലിക്കൽ പ്രദേശത്ത് ഷൈനിയും മക്കളായ അലീനയും ഇവാനും ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. കോട്ടയം-നിലമ്പൂർ റോഡ് എക്സ്പ്രസ് ഇടിച്ചാണ് മൂവരും മരിച്ചത്. പള്ളിയിൽ പോകുന്നെന്നു പറഞ്ഞ് ഷൈനി മക്കളെ കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു.

തന്നൊരു ബിഎസ്സി നഴ്സായിട്ടും ജോലി ലഭിക്കാത്തത് ഉൾപ്പെടെയുള്ള മാനസിക സമ്മർദങ്ങൾ ഷൈനിക്ക് ഉണ്ടായിരുന്നു. ഭർത്താവിനോട് പിണങ്ങി 9 മാസമായി സ്വന്തം വീട്ടിൽ താമസിക്കുമ്പോഴാണ് സംഭവം. കുടുംബ കോടതിയിൽ ഡിവോഴ്സ് കേസ് നടക്കുന്നതിനിടെയാണ് ഷൈനിയുടെയും മക്കളുടെയും മരണവിവരം പുറത്ത് വന്നത്. മരണസമയത്ത് അലീനയ്ക്ക് 11 വയസ്സും ഇവാനിന് 10 വയസ്സുമായിരുന്നു.

Highlights: The Kottayam District Sessions Court will consider the bail plea of Noby Lukose

error: