അരങ്ങിടത്തിന് എല്ലാവരും അവകാശികളാണ്
കെ.വി ഗണേഷ്
നാടക അഭിനയത്തിൽ തുടങ്ങി പിന്നണി പ്രവർത്തകനായി (രംഗശിൽപം ഒരുക്കൽ, വസ്ത്രാലങ്കാരം മെയ്ക്കപ്പ് മാൻ,ദീപ വിതാനം,) സംവിധായകൻ രചയിതാവ് എന്നിങ്ങനെ നാടകത്തിനെ ജീവിതം കൊണ്ടും, ജീവിതത്തെ നാടകം കൊണ്ടും ഉഴുതുമറിച്ച പ്രതിഭാധനനായ നാടക കലാകാരനാണ് കെ.വി ഗണേഷ്.
അരങ്ങിലേക്ക്….
കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൻ്റെ ഒരു വിളിപ്പാടകലെ കാര്യാട്ടുകരയിലാണ് താമസം. വായനശാലകളും, സാംസ്കാരിക സംഘങ്ങളും ഉൽസവ പറമ്പുകളിലും, ക്ലബ്ബിലുമൊക്കെയായി വർഷത്തിൽ ഒന്നോ രണ്ടോ നാടകങ്ങൾ ചെയ്യുന്നതാണ് ഞങ്ങളുടെ കുട്ടിക്കാലം. മുതിർന്ന ആളുകളുടെ നാടകങ്ങൾ കളിക്കുമ്പോൾ കുട്ടികളുടെ ഒരു ചെറിയ നാടകം അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നു. അങ്ങനെ ആറാം ക്ലാസിൽ പഠിയ്ക്കുന്ന സമയത്താണ് ആദ്യമായി നാടകാഭിനയത്തിന് ആരംഭം കുറിച്ചത്.
കെ.വി ഗണേഷിന് നാടക അരങ്ങിലെത്തുന്നത് ഒരു ഹരമായി മാറിയിരുന്നു സ്കൂൾ കുട്ടികാലത്ത് അടുത്തുള്ള ദേവിക്ഷേത്രത്തിൽ ഉൽസവത്തോടനുബന്ധിച്ച് ഏഴു ദിവസം നീണ്ടു നിൽക്കുന്ന നാടക മത്സരം നടന്നിരുന്നു. നാട്ടിലുള്ളവരും, തൊട്ടടുത്ത ഗ്രാമത്തിലുള്ള നാടകസംഘങ്ങളും മൽസരത്തിനെത്തും. അന്ന് പോൾസൺ നാണിക്കലിൻ്റെ നേതൃത്വത്തിലുള്ളേ ഞങ്ങളുടെ കുട്ടികളുടെ നാടക സംഘം അവതരിപ്പിച്ച നാടകങ്ങൾക്ക് പല തവണ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.. മറ്റെന്തിനേക്കാളുമുപരി ഒരു നാടകക്കാരനായി അറിയപ്പെടുക എന്നതായിരുന്നു മനസ്സിലെ ആഗ്രഹം.
വിശ്രമമില്ലാതെ അലഞ്ഞു എവിടെയൊക്കെ നാടകങ്ങളുണ്ടോ അവിടെയൊക്കെ പോയി.. നാടകം കണ്ടു വീടിനടുത്താണ് സ്കൂൾ ഓഫ് ഡ്രാമ, അതുകൊണ്ട് തന്നെ അവിടെ നടക്കുന്ന നാടകാവതരങ്ങൾ ഗണേഷിനൊരു പാഠശാലയായിരുന്നു. പുതിയ തലമുറയെ പഠിയ്ക്കാനായ് ആ നടത്തം ഇന്നും തുടരുന്നു…
പ്രചോദനങ്ങൾ…..
നാട്ടിലെ അഭിനയ പ്രതിഭകൾ അരങ്ങിൽ വന്ന് വിസ്മയിപ്പിക്കുകയും, കാണികൾ അവരെ തന്നെ നോക്കി നിൽക്കുകയും ചെയ്യുന്നു. “ഇങ്ങനെ വെട്ടിത്തിളങ്ങി നിൽക്കുന്ന അരങ്ങിൽ ഒരു നാൾ ഞാനും വന്നു നിൽക്കും.” നാടകം സിരകളിൽ പടർന്ന ഏതൊരു കുട്ടിക്കും തോന്നാവുന്ന ഒരാഗ്രഹം. കെ.വി ഗണേഷ് എന്ന കുട്ടിയിലും പ്രചോദനത്തിൻ്റെ നാമ്പുകൾ അതിവേഗം പടർന്നു… നാട്ടിലെ പതിവ് കാഴ്ചകൾക്കപ്പുറം മറ്റനേകം നാടക വിശേഷങ്ങളുണ്ടെന്നു പഠിപ്പിച്ചത് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലേക്കുള്ള നാടക കാഴ്ചക്കു വേണ്ടിയുള്ള നടത്തങ്ങളാണ്.
രംഗചേതന….
നാടകത്തെ അറിയാനുള്ള യാത്രയിൽ തന്നെയാണ് രംഗചേതനയുടെ തെരുവിലെ നാടകങ്ങൾ (ഏകദേശം നാൽപ്പതു വർഷം മുൻപ്) കാണാനിടയാകുന്നത്. ഇ.ടി. വർഗ്ഗീസ് മാഷും സംഘവും അവതരിപ്പിക്കുന്ന ആദ്യകാല തെരുവുനാടകങ്ങൾ വളരെ സവിശേഷമായിരുന്നു. സൈക്കിളിൽ ചെണ്ട വെച്ച് കെട്ടി നിരത്തിലൂടെ, അടുത്ത ഗ്രാമ പ്രദേശങ്ങളിലും, നഗരവീഥികളിലും സഞ്ചരിച്ച് നാടകം അവതരിപ്പിക്കും. തുറന്നയിടത്തിൽ സൈക്കിൾ നിർത്തി ചെണ്ട കൊട്ടി ആളെ കൂട്ടി നാടകം അവതരിപ്പിക്കും. ഒളരി പള്ളിക്കു മുൻപിലുള്ള ചെറിയ പാർക്കിൽ വലിയ ജനക്കൂട്ടത്തിനു മുൻപിൽ ഒരു തെരുവുനാടകം അവതരിപ്പിക്കുന്നതാണ് ഗണേഷ് ആദ്യമായി കണ്ട രംഗചേതനയുടെ നാടകം. നാടകവുമായി പ്രേക്ഷകനെ തേടി പോകുന്നത് ഒരു രാഷ്ട്രീയ പ്രവർത്തനമാണ് രംഗചേതനയുമായുള്ള രാഷ്ട്രീയ നാടകത്തിനുള്ള അരങ്ങൊരുക്കം തുടങ്ങുന്നത് ഇവിടെ നിന്നാണ്.
ഇപ്പോൾ രംഗചേതനയുടെ മുഴുവൻ സമയ പ്രവർത്തകനാണ്. രംഗചേതനയുടെ പ്രവർത്തനത്തിൻറ ഭാഗമായി കുട്ടികൾക്ക് വേണ്ടിയുള്ള നാടകങ്ങൾ ചെയ്യുന്നു. സൺഡേ തിയേറ്റർ എന്ന, ഡോ. വയലാ വാസുദേവൻ പിള്ള സാർ രണ്ടായിരത്തിൽ തുടങ്ങിവെച്ച സംവിധാനമുണ്ട്. അതിൻ്റെ തുടർപ്രവർത്തനത്തിലും ഇ.റ്റി. വർഗ്ഗീസ് മാഷിനൊപ്പം പ്രവർത്തിയ്ക്കുന്നു.
സംവിധാന കലയുടെ വേറിട്ട വഴികൾ..
ജി.ശങ്കരപ്പിള്ളയുടെ ‘പാവകൂത്ത് ‘എന്ന നാടകമാണ് ആദ്യമായി സംവിധാനം ചെയ്യുന്നത്. രണ്ടാമതായി ചെയ്തത് ഇംഗ്ലീഷ് കവിതയെ യുഗോലിനോയുടെ വിശപ്പ്. പിന്നീട് ഡോ. വയല വാസുദേവൻ പിള്ളയുടെ ‘കിരീടം ‘എന്ന നാടകം അടക്കം 200 ൽ അധികം നാടകങ്ങൾ… തൃശൂരിൽ കഴിഞ്ഞ മുപ്പത്തിയാറ് വർഷമായി രംഗചേതന നടത്തുന്ന കുട്ടികൾക്കുള്ള കളിവെട്ടം എന്ന വേനലവധികാല ക്യാമ്പിൻ്റെ ഡറക്ടറാണ്.
രചനാ രംഗത്തേക്ക് ….
രംഗചേതന കുട്ടികളുടെ നാടക സംഘം ആദ്യകാല പ്രശസ്തരായവരുടെ കുട്ടികൾക്ക് വേണ്ടിയുള്ള നാടകങ്ങൾ അവതരിപ്പിച്ച് കഴിഞ്ഞപ്പോൾ പുതിയ നാടകം തേടിയുള്ള യാത്രയിൽ കുട്ടികൾക്ക് പാകത്തിനുള്ള രചനകൾ കിട്ടാതെ വന്നപ്പോഴാണ് ഞാൻ നാടക രചന ആരംഭിക്കുന്നത്. അന്ന് രംഗചേതന പ്രവർത്തിച്ചിരുന്ന വിൽവട്ടം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കുട്ടികളുടെ നാടകസംഘങ്ങൾ രൂപീകരിച്ചു. ‘സ്വർണ്ണ കലശം’ ‘പൊക്കാരം”മാന്ത്രിക കണ്ണാടി”തുടങ്ങീ അമ്പതോളം നാടകങ്ങൾ കുട്ടികൾക്ക് വേണ്ടി തന്നെ എഴുതി. മൂന്ന് ബാല സാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചു. ഒരു പുസ്തകത്തിന് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് ലഭിച്ചു. തുടർന്ന് വ്യത്യസ്ത മേഖലകളിൽ വ്യത്യസ്ത ശൈലികളിൽ അനേകം തെരിവുനാടകങ്ങളടക്കം രചിക്കുകയുണ്ടായി.
വിൻസൻ്റ് വാൻഗോഗിൻ്റെ ജീവചരിത്രംപഠിച്ചപ്പോഴാണ് വളരെ വ്യതസ്തമായ ജീവിതത്തെ അടയാളപ്പെടുത്തിയ സുരാസുവിലെക്കെത്തുന്നത്. അദ്ദേഹം ചായ കുടിക്കാൻ പോകുമ്പോൾ നിത്യവും ഒരു ചെരുപ്പുകുത്തിയുമായി സംസാരിച്ചിരിക്കും. ചെരുപ്പു കുത്തിക്കറിയില്ല തൻ്റെടുത്ത് ഇരിക്കുന്നത് മലയാള സിനിമയിലെ നാടകരംഗഞ്ഞ പ്രശസ്തനായ ഒരാളാണെന്ന്. സുരാസു മരിച്ചതിൻ്റെ വാർത്ത വന്നതിനു ശേഷമാണ് അയാളിതറിയുന്നത് എന്നൊടൊപ്പം വന്നിരുന്ന് കളിച്ച് ചിരിച്ച് സംസാരിച്ചിരുന്ന ചങ്ങാതി പ്രശസ്തനായ കലാകാരനായിരുന്നു എന്ന തിരിച്ചറിവിന്റെ കഥയാണ് ‘സുരാസുവും ചെരുപ്പുകുത്തിയും’ എന്ന നാടകത്തിൽ പറയുന്നത്. സുരാസുവിൽ ഏറ്റവും താഴെത്തട്ടിൽ കിടക്കുന്ന സാധാരണക്കാരനുണ്ട്, അതോടൊപ്പം നാടറിയുന്ന വലിയ ഒരു കലാകാരനുമുണ്ട്. സുരാസുവെന്ന കലാകാരൻ പൂർണ്ണനാകണമെങ്കിൽ ഏറ്റവും താഴെത്തട്ടിലുള്ള ചെരുപ്പു കുത്തിയും നടനും കൂടി ചേരുമ്പോഴാണ് എന്ന് നാടകത്തിലൂടെ പറയാൻ ശ്രമിച്ചത് എനിക്കു മുമ്പേ കടന്നുപോയ ഒരു കലാകാരനോടുള്ള ആദരവാണ് ആ നാടകം എഴുതാൻ പ്രചോദനമായത്.
മികച്ച രംഗാവതരണത്തിലേക്ക് …..
രംഗ പ്രയോഗത്തിലേക്ക് പ്രവേശിക്കുമ്പോൾ ഞാൻ മറ്റേതെങ്കിലും ശൈലികളെ സ്വീകരിക്കാറില്ല. എനിക്ക് പറയാനുള്ള വിഷയം ആരിലൂടെ, ആർക്കു വേണ്ടി പറയണം എന്ന ചിന്തയാണ് എൻ്റെ രംഗപ്രയോഗത്തിൻ്റെ ഡിസൈൻ നിശ്ഛയിക്കുന്നത്. സൈലൻസർ’ നാടകം ഏറെ ചർച്ച ചെയ്യപ്പെട്ട നാടകമാണ്. ചെറുകഥാകൃത്ത് വൈശാഖൻ മാഷിൻ്റെ കഥയുടെ രംഗാവിഷ്കാരം തൃശൂരിലെ കൃസ്തീയ പാശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ്.
കയ്യിലുള്ള സാമ്പത്തികം സീറോ ബഡ്ജറ്റ് ആയാലും വലിയ പണം ചെലവാക്കിയും നാടകം സാധ്യമാകും എന്നു തെളിയിച്ച നാടകക്കാരനാണ് ഗണേഷ്. ആർക്കു വേണ്ടി ചെയ്യുന്നു, ആരോടൊപ്പം നിൽക്കുന്നു എന്നിങ്ങനെ സാധ്യതക്കനുസരിച്ച് പ്രമേയത്തിൻ്റെ സ്വഭാവത്തിനനുസരിച്ചാണ് രംഗ പ്രയോഗങ്ങളെ ആവിഷ്കാര രീതിയെ അദ്ദേഹം സമീപിക്കുന്നത്. “എൻ്റെ മുൻപിൽ നിൽക്കുന്നവരും എന്നോടൊപ്പം പ്രയത്നിക്കുന്നവരും എൻ്റെ ഗുരുക്കന്മാരാണ്. ഓരോരുത്തരിൽ നിന്നും ഞാനെന്തെങ്കിലും ഒന്ന് പഠിക്കുന്നുണ്ട്. എനിക്ക് എല്ലാവരും പാഠപുസ്തകമാണ്. സത്യത്തിൽ എല്ലായിടത്തും എല്ലാവർക്കു മുൻപിലും ശിഷ്യനായിട്ട് ആരെങ്കിലും ഉണ്ടെങ്കിൽ അത് ഞാനായിരിക്കും.”ഇത് പറയുന്നത് മറ്റാരുമല്ല നാടകത്തിനെ ജീവിതമായി കണ്ട അതുല്യ പ്രതിഭ കെ വി ഗണേഷാണ്.
” ഞാൻ നാടകത്തിലെത്തിയത് ഒന്നും അടയാളപ്പെടുത്താനല്ല. അത് എൻ്റെയൊരു മോഹമായിരുന്നു. അതുകൊണ്ട് തന്നെ നടന്നു പോയ വഴികളെ അടയാളപ്പെടുത്തിവെച്ചിട്ടില്ല.കെ.വി ഗണേഷ് എന്നു കേൾക്കുമ്പോൾ നാടകക്കാരൻ എന്ന് ആളുകൾ പറയണം.” അതാണ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ആഗ്രഹം.
ഇരുന്നൂറിൽപരം നാടകങ്ങൾ അരങ്ങിലെത്തിക്കാൻ കഴിഞ്ഞു. സ്ത്രീകളെ, മെൻ്റലി ചലഞ്ച്ടായിട്ടുള്ള ജനവിഭാഗങ്ങളെ , ആദിവാസികളെ കുട്ടികളെ അരികുവൽകരിക്കപ്പെട്ടവരെ… ഇങ്ങനെ പല മേഖലയിലുള്ളവരെ കുറിച്ചാണ് എൻ്റെ നാടകം നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്നത്. അതെല്ലാം എൻ്റെ നാടകത്തിലൂടെയുള്ള രാഷ്ട്രീയ ഇടപെടലാണ്.
കഴിഞ്ഞ മുപ്പത്തേഴ് വർഷമായി എന്നെയും എൻ്റെ കുടുംബത്തേയും മുന്നോട്ട് കൊണ്ടു പോകുന്നത് നാടകമാണ്. നാടകം ജീവിതത്തിൽ വലിയ സന്തോഷങ്ങളാണ് നൽകിയിട്ടുള്ളത്. ഒരു പാട് സ്ഥലങ്ങളിൽ യാത്ര ചെയ്തു. തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ നിന്നും കടന്ന് വന്ന് നാടകത്തെ പ്രണയിച്ച്, പിന്നിട്ട വഴികൾ അതൊക്കെ നാടകം നൽകിയ സമ്മാനങ്ങളാണ്.
ഇത്രയും കാലത്തെ നാടക പ്രവർത്തനം എന്നെ പഠിപ്പിച്ചത് എന്താണ് എന്ന് ചോദിച്ചാൽ കെ.വി ഗണേഷ് അഭിമാനത്തോടെ പറയും “അരങ്ങിടത്തിന് എല്ലാവരും അവകാശികളാണ്” ആ മുദ്രാവാക്യമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. ഉള്ളതുകൊണ്ട് ജീവിക്കുകയെന്ന ഒരു രീതി പ്രാക്ടീസ് ചെയ്തിട്ടുള്ള ആളാണ് ഞാൻ. അത് അതിമനോഹരമായി പ്രാക്ടീസ് ചെയ്യുവാൻ എൻ്റെ ജീവിത പങ്കാളി സഹയാത്രിക വിനിയും, മക്കളായ അപ്പുവും, അച്ചുവും എന്നോടൊപ്പം നിന്നു എന്നുള്ളതാണ് എൻ്റെ ജീവിതത്തിൻ്റെയും, നാടകത്തിൻ്റെയും വിജയം.