Kerala

പാതിവില തട്ടിപ്പ് കേസ്: മുഖ്യപ്രതി അനന്തു കൃഷ്ണനെ രണ്ട് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

ഇടുക്കി(IDUKKI): പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡി. കട്ടപ്പന, തങ്കമണി എന്നീ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ചോദ്യം ചെയ്യാൻ ആണ് കസ്റ്റഡി. കട്ടപ്പന കോടതി ആണ് കസ്റ്റഡിയിൽ വിട്ടത്.
രണ്ടാഴ്ച്ച മുൻപ്, സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നടന്ന പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നു. 231 കോടിയുടെ തട്ടിപ്പ് നടന്നതിൽ ഇതുവരെ 1343 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 665 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറും.

48,384 പേരാണ് തട്ടിപ്പിനിരയായെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കേസിലെ മുഖ്യപ്രതികളെല്ലാം അറസ്റ്റിലായി. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. സീഡ് വഴിയും എൻജിഒ കോൺഫഡേഷനും വഴിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കോഡിനേറ്റർമാർക്ക് കമ്മീഷൻ അടക്കം നൽകിയാണ് തട്ടിപ്പ് നടത്തിയത്. രാഷ്ട്രീയ നേതാക്കളാരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് അന്വേഷണ കേസ് അന്വേഷണ ഘട്ടത്തിലാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അന്വേഷണത്തിന്റെ ഭാഗമായി ഇനിയും കുറെയധികം വിവരങ്ങൾ പുറത്തുവരാൻ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രമുഖ വ്യക്തികളുടെ ഒപ്പം നിൽക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് വിശ്വാസ്യത നേടിയായിരുന്നു തട്ടിപ്പ് നടത്തിയത്. വിശ്വാസ്യത നേടിയെടുക്കാൻ ഫീൽഡ് തലത്തിൽ കോഡിനേറ്റർമാരെ നിയമിച്ചു. ആദ്യഘട്ടത്തിൽ പദ്ധതിയിൽ ചേർന്ന ആളുകൾക്ക് പകുതി വിലയ്ക്ക് സ്കൂട്ടറുകൾ നൽകി. പിന്നീട് പദ്ധതിയിൽ ചേർന്നവർക്ക് സ്കൂട്ടറുകൾ നൽകിയില്ല. ഇരകളുടെ താൽപര്യത്തിനൊപ്പമാണ് സർക്കാരെന്നും നിയമപരമായ കാര്യങ്ങൾ പൂർത്തിയായാൽ മാത്രമേ തുക തിരിച്ച് നൽകുന്ന കാര്യങ്ങളിലേക്ക് കടക്കാൻ കഴിയൂവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചിരുന്നു.

Highlights: Half-price fraud case: Main accused Ananthu Krishnan remanded in Crime Branch custody for two days

error: