Special Features

അവരുടെ നിറം കറുപ്പായിരുന്നു

ഫൈസി മന്ദലാംകുന്ന്

വർഗ്ഗ വർണ്ണ വ്യത്യസങ്ങൾ കൊണ്ട് മനുഷ്യർ മനുഷ്യനെ തരം തിരിക്കാൻ തുടങ്ങിയത് ഏത് കാലം മുതലാണ് എന്നത് അജ്ഞാതമാണ്. പലപ്പോഴും അമേരിക്കയിലെ വംശീയ വർണ്ണവെറിയുടെ വാർത്തകൾ ഒരു പാട് കേട്ടിട്ടുണ്ട്..തോക്ക് കൊണ്ട് കഥ പറയുന്ന വർണ്ണ വെറിയുടെ കഥകൾ .. തൊലി കറുത്തു പോയി എന്നതാണ് കുറ്റം. ആഫ്രിക്കയിലും അമേരിക്കയിലും ഇംഗ്ളണ്ടിലും ഒക്കെ സർവ്വ സാധാരണം ആണ് ഇക്കഥകൾ…ഇതിനെ സാമാന്യ വൽക്കരിക്കുകയല്ല മറിച്ച് നൂറ്റാണ്ടുകൾ ഏറെ കഴിഞ്ഞിട്ടും ഇന്നും അത് പലയിടത്തും നില നിൽക്കുന്നു എന്ന വസ്തുതയെ ഓർമ്മപ്പെടുത്തുകയാണ്.

ഏറ്റവും പുതിയ വാർത്ത നമ്മുടെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് അവരുടെ തൊഴിലിടത്തിൽ നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടു എന്നതാണ് ഇന്നലെ അവർ അത് ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു. വിദ്യാഭ്യാസവും സംസ്‍കാരവും ഏറെയുള്ള പശ്ചാത്യൻ നാടുകളിൽ പോലും ഈ കറ ഇപ്പോഴും നില നിൽക്കുന്നു എന്നതാണ് വസ്തുത.

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് നിറത്തിൻറെ പേരിൽ മലപ്പുറത്ത്‌ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്‍തത്. അടിസ്ഥാനപരമായി ഇന്ത്യക്കാർ കറുത്ത നിറക്കാരാണ് പ്രത്യേകിച്ച് ഇന്ത്യ ആഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ സൂര്യ പ്രകാശം കൂടുതൽ ലഭിക്കുന്നു. ഇത്തരം ഇടങ്ങളിൽ അൾട്രാ വൈലറ്റ് രശ്മികളിൽ നിന്നും മറ്റും സംരക്ഷണം നേടുന്നതിനു വേണ്ടി ശരീരം കൂടുതൽ മെലാനിൻ ഉൽപാധിപ്പിക്കുന്നു. ഇത് ശരീരത്തിന് കൂടുതൽ കറുപ്പ് നിറം നൽകുന്നു എന്നതാണ് ശാസ്ത്രീയ വിശദീകരണം. അത് കൊണ്ടാണ് കറുപ്പ് നിറമുള്ളവർക്ക് ആരോഗ്യം കൂടുതൽ ആണെന്ന് സാധാരണ പറയുന്നത്.

സാംസ്‌കാരികപരമായും സാമൂഹിക പരമായും വിദ്യഭ്യാസത്തിന്റെ ഉന്നതിയിലുംഉയർന്നു നിൽക്കുന്ന ഒരു സമൂഹത്തിൽ നിന്ന് ദൈവീകതയുടെ പാരമ്യത്തിലും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും ഏറെ മുന്നിൽ നിൽക്കുന്ന നമ്മുടെ ഇടയിൽ നിന്ന് നിറത്തിന്റെ പേരിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തു എന്നത് നടുക്കവും വേദനയും ഉണ്ടാക്കുന്നു. ആത്മഹത്യ എന്നത് നിവർത്തികേടിന്റ അങ്ങേ അറ്റം ആയിരിക്കും, ആ പെൺകുട്ടിയെ സംബന്ധിച്ച് സഹിക്കാവുന്നതിലും അപ്പുറം അവൾ സഹിച്ചിരിക്കും, മറ്റൊരു വഴി പറഞ്ഞു കൊടുക്കാൻ ഒരു സൗഹൃദം ഉണ്ടായിരുന്നില്ലേ പൊന്നുമോളെ നിനക്ക് അതും ഒരു പത്തൊമ്പതു വയസ്സുള്ള പെൺകുട്ടി.

ചേർത്ത് പിടിക്കാൻ ഒരാൾ ഉണ്ടായിരുന്നുവെങ്കിൽ. കളഞ്ഞിട്ട് പോകായിരുന്നില്ലേ പൊന്നുമോളെ നിനക്ക് എന്നൊരു ആർത്തനാദം ഇതെഴുതുമ്പോൾ എന്റെ ചങ്കിൽ കിടന്നു പിടിക്കുന്നുണ്ട്. അപലപിക്കുന്നവർ ഒക്കെയും ഒരു പെണ്ണ് കാണാൻ പോയാൽ നോക്കുന്നത് കളർ തന്നെ എന്ന വിരോധാഭാസം നമ്മുടെ ഇടയിലുണ്ട് എന്നത് ഉൾക്കൊണ്ട്‌ കൊണ്ട് തന്നെ പറയട്ടെ ‘അത് പോരാ കളർ കുറവാണ് ഇരുനിറം ആണ് എന്നിങ്ങനെ എത്ര കേട്ടിരിക്കുന്നു നമ്മൾ. കളറില്ലാത്തതിന്റെ പേരിൽ ഇഷ്ടപ്പെടാതെ ഇരുന്നിട്ടില്ല എന്ന് നെഞ്ചത്ത് കൈ വെച്ച് പറയാൻ കഴിയുന്ന എത്ര പേരുണ്ടാകും നമ്മുടെ ഇടയിൽ..

പ്രസവിക്കുന്ന കുട്ടി വെളുക്കാൻ വേണ്ടി സാഫ്രോൺ പാലിലിട്ട് കുടിക്കുന്നവരാണ് നമ്മൾ എന്ന് കൂടി ഓർക്കണം. കറുപ്പിന് എന്തൊരു വെറുപ്പാണ് നമുക്ക്. ഫെയർ ആൻഡ് ലൗലിയും വെളുത്തു പാറുന്ന ക്രീംമും മാർക്കറ്റ് പിടിച്ചത് കറുപ്പിനോടുള്ള നമ്മുടെ മനോഭാവം കൊണ്ട് തന്നെയാണ്.
സ്കൂളിൽ നിന്നും വീട്ടിൽ നിന്നും തുടങ്ങണം ഇതിനെതിരെയുള്ള ബോധവൽക്കരണം. എല്ലാവരും മനുഷ്യരാണ് എന്ന് കുട്ടികളെ പഠിപ്പിക്കണം നിറം കൊണ്ട് ഒരാളും മഹാൻ ആകുന്നില്ല നിറമുള്ളവൾക്ക് സ്നേഹവും കൂടുന്നില്ല ഒരു അപകടത്തിലോ ഒരു മരുന്ന് മാറി കഴിക്കുന്നത് കൊണ്ടോ സംഭവിക്കാവുന്ന തൊലിപ്പുറത്തെ മാറ്റങ്ങൾ..മനസ്സിലാക്കേണ്ടത് മനസ്സ് ആണ്.. അതിനാണ് സൗന്ദര്യം.

കറുത്തവനെയോ കറുത്തവളെയോ അപേക്ഷിച്ചു വെളുത്തവനോ വെളുത്തവളോ കൂടുതൽ കാലം ജീവിക്കുകയോ മരണപ്പെട്ടാൽ അവൻറെ ശരീരത്തിന് ദുർഗന്ധം ഇല്ലാതിരിക്കുകയോ അവന്റെ ശരീരം പുഴുക്കൾ തിന്നാതിരിക്കുകയോ ചെയ്യുന്നില്ല. ആ മരണത്തെ സംബന്ധിച്ചു ആണെങ്കിൽ ഏറെ ചോദിക്കാനുണ്ട് അവരുടെ വീട്ടിലെ ആണും പെണ്ണും കണ്ടു ഇഷ്ടപെട്ടല്ലേ ആ കുട്ടിയെ കല്യാണം കഴിച്ചത് അല്ലാതെ പാതിരാക്ക് വീട് കയറി വന്ന ഒരുവളെ പാവം തോന്നി കെട്ടിയത് ഒന്നും അല്ലല്ലോ… ദിവസങ്ങൾ കഴിഞ്ഞപ്പോൾ സൗന്ദര്യത്തിൽ ഇടിവ് വരുന്നു കളർ മങ്ങി പോകുന്നു. യഥാർത്ഥത്തിൽ ഇവിടെ ഇടുങ്ങി പോയത് അവന്റെ മനസ്സാണ്. അവന്റെ മാത്രമല്ല ആ വീട്ടുകാരുടെതും വീണ്ടും ആ വാക്ക് തന്നെയാണ് പറയാൻ തോന്നുന്നത്… ഒന്ന് ചേർത്തു പിടിച്ചിരുന്നെങ്കിൽ… കളഞ്ഞിട്ട് വാ മോളെ നിനക്കായി ഒരു പായും തലയിണയും ഇവിടെ ഉണ്ടാകും എന്ന് പറയാനോ അത് കേൾക്കാനോ ഒരു അവസരം ഉണ്ടായിരുന്നെങ്കിൽ..

കൊലപാതകം തന്നെയാണ് ആദ്യം അവർ ഒരു കൊച്ചു മനസ്സിനെ കൊന്നു.. പിന്നെ അവൾ ശരീരത്തെ ഉപേക്ഷിച്ചു.. ഈ ആത്‍മഹത്യയെ ഇങ്ങനെ പറയാനാണ് തോന്നുന്നത്. ഒരു ദയയും ദാക്ഷിണ്യവും നിയമം കാണിക്കാൻ പാടില്ല എന്നാണ് പറയാനുള്ളത്. ശക്തമായ പ്രധിഷേധവും ദുഃഖവും രേഖപെടുത്തുന്നു. അവൾക്ക് നീതി ലഭിക്കുക തന്നെ വേണം. ഇനിയൊരു പെൺകുട്ടിയും ഇത്തരം ദുരന്തങ്ങളുടെ കയ്യിൽ അകപ്പെടാതിരിക്കട്ടെ… മൂല്യബോധമുള്ള ഒരു സമൂഹത്തിന് നിറം ഒരു ഘടകമായി വേർതിരിക്കാനോ അംഗീകരിക്കാനോ ഒരു നിലക്കും കഴിയില്ല.

Highlights: Their color was black # saradha muraleedharan

error: