മയക്ക് മരുന്ന് കുത്തിവച്ച് എച്ച്ഐവി പടർന്ന സംഭവം; രക്തപരിശോധന നടത്തും, ആദ്യം അതിഥി തൊഴിലാളികളുടെ പരിശോധന
മലപ്പുറം: മയക്ക് മരുന്ന് കുത്തിവച്ചതിലൂടെ പത്ത് പേര്‍ക്ക് എച്ച്ഐവി പടർന്ന സംഭവത്തെ തുടര്‍ന്ന് മലപ്പുറം വളാഞ്ചേരിയില്‍ ആരോഗ്യ വകുപ്പ് രക്തപരിശോധന നടത്താന്‍ ഒരുങ്ങുന്നു. പ്രാഥമിക ഘട്ടത്തില്‍ അതിഥി തൊഴിലാളികളുടേയും മറ്റ് അപകടസാധ്യതയുള്ളവരുടേയും രക്തപരിശോധനയ്ക്ക് മുന്‍ഗണന നല്‍കും.
കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. സ്ക്രീനിംഗിനിടെ ഒരാള്‍ക്ക് രോഗബാധ കണ്ടെത്തിയതോടെയാണ് ഇയാള്‍ ഉള്‍പ്പെട്ട ലഹരി സംഘത്തേയും മറ്റ് സംശയാസ്പദരായവരേയും പരിശോധിച്ചത്. തുടർന്നുള്ള പരിശോധനയില്‍ ഒമ്പത് പേര്‍ക്ക് കൂടി എച്ച്ഐവി സ്ഥിരീകരിച്ചു.
ആരോഗ്യവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്കു കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. എച്ച്ഐവി സ്ഥിരീകരിച്ച പത്ത് പേരും പ്രത്യേക നിരീക്ഷണത്തിലാണ്. മറ്റു പ്രദേശങ്ങളിലേക്കും രോഗവ്യാപനം ഉണ്ടോ എന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിവരികയാണ്. ലഹരിക്കെതിരായ ബോധവത്ക്കരണം ശക്തിപ്പെടുത്തുമെന്നും നഗരസഭ ചെയര്‍മാന്‍ അറിയിച്ചു.
Highlights: Drug Injection Leads to HIV Spread; Blood Tests to Be Conducted, Migrant Workers to Be Tested First