എമ്പുരാന്‍ റീ സെന്‍സറിങ്ങിന്, വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്
ന്യൂഡല്‍ഹി(New Delhi): മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ വിവാദ ഭാഗങ്ങൾ സെന്‍സര്‍ ബോര്‍ഡ് പരിശോധിക്കും. സിനിമക്കെതിരെ ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് റീ സെന്‍സറിങ് സാധ്യത ചർച്ചയാകുന്നത്. വിവാദ ഭാഗങ്ങൾ നീക്കിയേക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
വ്യാഴാഴ്ച തിയറ്ററുകളിൽ എത്തിയ എമ്പുരാന്‍ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദങ്ങൾ ശക്തമായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടി സംഘപരിവാര്‍ സിനിമയ്‌ക്കെതിരെ ബഹിഷ്കരണഹ്വാനവുമായി രംഗത്തെത്തി. ടിക്കറ്റുകൾ റദ്ദാക്കുന്നതിനും ആഹ്വാനം ചെയ്യുകയും ചെയ്തു.
സിനിമയെ വിമർശിച്ചവർക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിച്ചു. “സിനിമയെ സിനിമയായി കാണണം” എന്ന നിലപാട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ജനറൽ സെക്രട്ടറി എം.ടി. രമേശും വ്യക്തമാക്കിയെങ്കിലും സംഘപരിവാർ വിമർശനം തുടരുകയാണ്. ചിത്രത്തിനെതിരെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ രംഗത്തെത്തി. ഹിന്ദു വിരുദ്ധ അജണ്ടയാണ് എമ്പുരാനിലുളളത് എന്നായിരുന്നു ഓർഗനൈസറിലെ ലേഖനത്തിൽ പറഞ്ഞത്. 2022-ലെ ഗുജറാത്ത് കലാപത്തിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുകയാണ് പൃഥ്വിരാജിന്റെ ലക്ഷ്യമെന്ന ആരോപണവും ലേഖനം ഉന്നയിച്ചു. മോഹൻലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നു എന്നതും ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
ഓർഗനൈസറിന്റെ ലേഖനത്തിനെതിരെ എ. എ. റഹീം എം.പി രംഗത്തെത്തി. “ബഹിഷ്കരിക്കേണ്ടത് എമ്പുരാനല്ല, ഓർഗനൈസറിലെ ലേഖനമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “എമ്പുരാൻ ഇന്ത്യ വിരുദ്ധ സിനിമയാണെന്ന് സംഘപരിവാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമയിൽ വിയോജിപ്പുകളും യോജിപ്പുകളും ഉണ്ടാകും, എന്നാൽ ആപത്തകരമായ പരാമർശങ്ങൾ ഓർഗനൈസർ ലേഖനത്തിലുണ്ട്” എന്നും എ. എ. റഹീം വ്യക്തമാക്കി.
ചിത്രത്തിന്റെ സെൻസറിംഗ് സംബന്ധിച്ച് അധികാരികളുടെ തീരുമാനത്തിന് വരും ദിവസങ്ങളിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.
Highlights: Empuraan to undergo re-censoring, censor board to review controversial scenes