Editorial

ആ നഷ്ടപ്പെട്ടത് വിദ്യാർഥികളുടെ ഭാവിയാണ്

കേരള സര്‍വകലാശാലയിലെ 71 വിദ്യാർഥികളുടെ എം.ബി.എ ഉത്തരക്കലാസ് നഷ്ടമായിരിക്കുന്നു. ഏറെ നാളായി ഒളിച്ചുവെച്ച വിഷയം, കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന സംഭവം എത്ര നിരുത്തരവാദപരമായാണ് സമീപിച്ചിരിക്കുന്നതെന്നത് ആശങ്കയുണ്ടാക്കുന്നു. യു.ജി.സിയുടെ എ പ്ളസ് എ പ്ളസ് അംഗീകാരം നേടിയ അഭിമാന നിറവിലുള്ള സർവകലാശാലയാണ് കേരള സർവകലാശാല. അവിടെയാണ് ഈ നിരുത്തരവാദപരമായ സംഭവമുണ്ടായിരിക്കുന്നത്. അഭിമാനം കൊള്ളുന്ന നമ്മുടെ ഉന്നതവിദ്യഭ്യാസ മേഖലയുടെ തകർച്ച കൂടി സൂചിപ്പിക്കുന്നുവെന്ന് സംശയിച്ചാൽ തെറ്റ് പറയാനാവില്ല. എന്തായാലും കേരളത്തിന് അപമാനമാണ്. സർക്കാരും ചാൻസിലറായ ഗവർണറും തമ്മിലുള്ള പോരിൽ സർവകലാശാലകളുടെ പ്രവർത്തനങ്ങൾ ചോദിക്കാനും പറയാനും ആരും ഇല്ലാത്ത സ്ഥിതിയാണെന്ന ആക്ഷേപത്തിൽ കാര്യമുണ്ട്. മൂല്യനിര്‍ണയത്തിന് അധ്യാപകന്റെ പക്കല്‍ കൊടുത്തയച്ച 2022-2024 ബാച്ചിലെ 71 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. കോഴ്‌സ് പൂര്‍ത്തിയായിട്ടും ഫലപ്രഖ്യാപനം നടത്താതെ സംഭവം മൂടി വയ്ക്കാനാണ് സര്‍വകലാശാല ശ്രമിച്ചത്. പത്ത് മാസം മുന്‍പ് നടത്തിയ പരീക്ഷ വീണ്ടും എഴുതണമെന്നാണ് സര്‍വകലാശാല വിദ്യാര്‍ത്ഥികളോട് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവിന് വിദ്യാര്‍ത്ഥികളെ ക്രൂശിക്കുന്ന നടപടി അംഗീകരിക്കാവുന്നതല്ല.
സ്വകാര്യ സർവകലാശാലകൾക്കും മുമ്പിൽ പതിറ്റാണ്ടുകളായി അടഞ്ഞുകിടന്ന വാതിൽ തുറന്ന് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടുകയാണ് സംസ്ഥാന സർക്കാർ. ഏറെ പ്രതീക്ഷകളോടെയും അതോടൊപ്പം തന്നെ ചെറുതല്ലാത്ത ആശങ്കയും അതിനെ ചുറ്റിപ്പറ്റി ഉയർന്നും താഴ്ന്നു നിൽക്കുന്നുണ്ട്. പക്ഷേ,എത്ര നവീനമായ മാറ്റങ്ങൾക്ക് തയ്യാറായാലും. ഇന്നും വിദ്യാർഥികളുടെ ഭാവിയെ ആശങ്കയിൽ ആക്കുന്ന വാർത്തകൾ നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ നിന്ന് ഉയർന്നു കേൾക്കുന്നത് സങ്കടകരമാണ്, പ്രതിഷേധാർഹമാണ്. കേരളത്തിലെ തന്നെ ഏറ്റവും ഉയർന്ന സർവ്വകലാശാലയായ ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ഒട്ടനവധി മഹാരഥന്മാരുടെ കൈയ്യൊപ്പ് പതിഞ്ഞ മഹത്തായ സർവകലാശാല കൂടിയായ കേരള സർവകലാശാലയിലെ ഉത്തരക്കടലാസ് കാണാതായത് ഞെട്ടലുണ്ടാക്കുന്നതാണ്. എത്രത്തോളം പുരോഗതി ഉണ്ടായി എന്ന് പറഞ്ഞാലും സാങ്കേതികമായും സാമൂഹികമായും മുന്നേറ്റങ്ങൾ ഉണ്ടായി എന്ന് അവകാശപ്പെട്ടാലും.വിദ്യാർഥികളുടെ ഭാവിയെ വച്ച് പന്താടുന്ന അങ്ങേയറ്റം നിരുത്തരവാദപരമായ അഡ്മിനിസ്ട്രേറ്റീവ് സിസ്റ്റത്തിന്റെയും അധ്യാപകരുടെയും പ്രവർത്തികൊണ്ട് വഴിയാധാരമായത് 71 ഓളം വിദ്യാർഥികളാണ്. ഈ തെറ്റ് മറച്ചുവയ്ക്കുന്നതിനു വേണ്ടി രണ്ടര വർഷമാണ് എം.ബി.എ ഫലപ്രഖ്യാപനം സർവകലാശാല വൈകിപ്പിച്ചത്. പരീക്ഷ കഴിഞ്ഞ് മൂല്യനിർണയം നടത്താൻ ഒരു അധ്യാപകന് നൽകിയ പ്രോജക്ട് ഫിനാൻസ് എന്ന വിഷയത്തിന്റെ പേപ്പറാണ് നഷ്ടപ്പെട്ടത്. അഞ്ചു കോളേജുകളിലെ വിദ്യാർത്ഥികളുടെ രാപ്പകൽ ഭേദമില്ലാത്ത കഷ്ടപ്പാടിന്റെയും അധ്വാനത്തിന്റെയും വില അലക്ഷ്യമായി ആ പേപ്പർ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനോ അല്ലെങ്കിൽ അധ്യാപകർക്കോ മനസ്സിലായിക്കൊള്ളണമെന്നില്ല. ഉത്തര കടലാസ് കൈമോശം വന്ന വിവരം പുറത്തെ വിടാതെ പുനപരീക്ഷ നടത്താൻ സർവകലാശാല ശ്രമം നടത്തിയതാണ് ഈ കൊടിയ ചതി പുറംലോകം അറിയുന്നതിന് കാരണമായത്. വീണ്ടും പരീക്ഷ നടത്തുന്നതായുള്ള അറിയിപ്പ് പേപ്പർ കാണാതായ 71 പേർക്ക് മാത്രം ലഭിച്ചപ്പോൾ നടത്തിയ അന്വേഷണമാണ് നാടിനെ നടുക്കിയ ക്രമക്കേട് വെളിച്ചത്ത് കൊണ്ടുവന്നതിൽ സുപ്രധാന പങ്കു വഹിച്ചത്. സിൻഡിക്കേറ്റിൻ്റെ നിർദ്ദേശ പ്രകാരമാണ് തെറ്റ് മറച്ചു വെച്ച് പരീക്ഷ നടത്താൻ തീരുമാനിച്ചതെന്നാണ് പറയുന്നത്. ഈ നാട്ടിലെ ഉത്തരവാദിപ്പെട്ട സ്ഥാനങ്ങളിലിരുക്കുന്നവരുടെ ഒരു ബോഡി ഈ അനീതി കുട്ട് നിൽക്കുമ്പോൾ എവിടെയാണ് ഇനി നീതി..? അടുത്തകാലത്തായി കേരളത്തിലെ രാജ്യത്തെ തന്നെ വിവിധ ഇടങ്ങളിലെയും മത്സരപരീക്ഷകളും മറ്റ് ഇതര പരീക്ഷണങ്ങളുടെയും നടത്തിപ്പിൽ കാര്യമായ അലംഭാവം നിഴലിച്ചു കാണാം. “എന്തിനോ വേണ്ടി ആർക്കോവേണ്ടി നടത്തുന്നു എന്നുള്ള രീതിയാണ്..” ഒരുതരത്തിലുമുള്ള സുരക്ഷാ സംവിധാനവും ഗൗരവം ഒന്നും തന്നെ കാണാനില്ല അറിയാനില്ല അനുഭവിക്കാനും സാധിക്കുന്നില്ല. എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളുടെ ചോദ്യപേപ്പർ വിദ്യാർത്ഥികളെ വെള്ളം കുടിപ്പിച്ച സംഭവത്തിൽ നിന്ന് മുക്തമാകുന്നതിനു മുമ്പാണ് ഇടിത്തീ പോലെ കേരള സർവ്വകലാശാലയിലെ ക്രമക്കേടിനെ മറനീക്കി പുറത്ത് വന്നത്. സാമാന്യ ബുദ്ധിയുള്ള ആൾ തയ്യാറാക്കിയാൽ ഇതിനേക്കാൾ വൃത്തിയും വെടിപ്പും വ്യക്തതയും എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിലെ ചോദ്യപേപ്പറിൽ ഉണ്ടാകും. കാരണം, മലയാളഭാഷയുമായി പുലബന്ധം പോലുമില്ലാത്തവരുടെ ബുദ്ധിയിൽ നിന്ന് എഴുതിവിട്ട ചോദ്യപേപ്പറുകൾ ആണ് വിദ്യാർത്ഥികളിൽ എത്തിയത്. ഭാവി ജീവിതത്തിന്റെ ഗതി തന്നെ നിർണയിക്കുന്ന പ്രധാനപ്പെട്ട പരീക്ഷകളുടെ ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ കാണിക്കുന്ന ഈ നിസംഗത മാപ്പർഹിക്കാത്ത അപരാധമാണ്. അറിവ് തേടിയുള്ള -മനുഷ്യന്റെ നിരന്തരമായ യാത്രയുടെയും പ്രയത്നത്തിന്റെയും ഫലമാണ് ലോകത്തിനു മുന്നിൽ അഭിമാനത്തോടെ ഉയർന്നുനിൽക്കുന്ന രാജ്യത്തിന്റെ ഭൗതിക സമ്പത്ത്. അതിനെ മൂടോടെ പിഴുതെറിയുന്ന ഇത്തരം സംഭവങ്ങൾ കേരളത്തിന്റെ വിദ്യഭ്യാസ രംഗത്തെ ലോകത്തിന് മുന്നിൽ അപമാനിക്കുന്നതാണ്. പരീക്ഷകളിൽ മാർക്ക് കുറഞ്ഞതിന് വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്ന പ്രവണത അതിഭീകരമായ തോതിൽ വർധിച്ചുവരുന്ന ഒരു കാലഘട്ടത്തിൽ ഇത്തരം തെറ്റുകൾ ആവർത്തിച്ചാൽ ആവർത്തിക്കപ്പെട്ടാൽ സമൂഹ വലിയൊരു വിപത്തിലേക്കാകും ചെന്നെത്തുക. തലമുറകളുടെ ജീവിതത്തിന്റെയും സ്വപ്നത്തിന്റെയും നേർക്ക് ഉളിയെറിയുന്ന പെരുന്തച്ചന്മാരാകരുത് അധ്യാപകരും അധികാര വർഗവും.

error: