Editorial

എമ്പുരാന് വെട്ടേൽക്കുന്നു

സിനിമാലോകമാകെ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന എമ്പുരാൻ സിനിമ ഇപ്പോൾ വിവാദത്തിലാണ്. സിനിമകൾ വിവാദത്തിലാവുന്നത് മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും എമ്പുരാൻ നേരിടുന്ന സാഹചര്യം മുമ്പ് ഒരു സിനിമക്ക് നേരെയും ഉണ്ടായിട്ടില്ല. ഇന്ത്യയിലെ തന്നെ സൂപ്പർ താരം അഭിനയിക്കുന്ന വമ്പൻ നിർമാണ കമ്പനി നിർമിച്ച സിനിമക്ക് ഇത്തരമൊരു ദുര്യോഗമോയെന്ന് മൂക്കത്ത് വിരൽവെച്ച് ആളുകൾ ചോദിക്കും. സിനിമയിലെ ചില പേരുകളും സന്ദർഭങ്ങളും ചരിത്ര സംഭവവുമായി ചേർന്ന് നിൽക്കുന്നതാണെന്ന ആക്ഷേപമാണ് നിലവിൽ സിനിമ നേരിടുന്നത്. അതിന് വ്യക്ത്യാധിക്ഷേപം മുതൽ രാജ്യദ്രോഹ കുറ്റം വരെ ഇന്നലെ വരെ ഏട്ടനെന്ന് വിളിച്ചിരുന്നവർ ഘോര ഘോരം ചാർത്തിക്കൊടുക്കുന്നുണ്ട്. സമൂഹമാധ്യമത്തിലും ഈ പോര് നിറയുകയാണ്. ഭരണകൂടങ്ങൾക്ക് വെള്ള പൂശുന്ന സൃഷ്ടികൾക്ക് മാത്രമേ ഇന്ത്യാ രാജ്യത്ത് ദീർഘായുസ് ഉണ്ടാകൂ എന്ന് തെളിയിക്കുന്നതും രാജ്യത്തിന്റെ പൈതൃകത്തിനും പാരമ്പര്യത്തിനും ജനാധിപത്യ ബോധ്യങ്ങൾക്കും എതിരെയുള്ളതുമായ കടന്നാക്രമണമാണ് എമ്പുരാൻ സിനിമക്കെതിരെയുള്ള സംഘടിത ആക്രമണമെന്ന് പറയാൻ നിർബന്ധിതമാണ്. ഒരു കൂട്ടം കലാകാരന്മാരുടെ ആത്മസൃഷ്ടിയാണ് രണ്ടര മണിക്കൂർ സ്ക്രീനിൽ എത്തുന്ന സിനിമ. കാഴ്ചക്കാരുടെ മനോവികാരങ്ങളെ ആശ്രയിച്ച് സിനിമയ്ക്ക് നല്ലതെന്നോ ചീത്തയെന്നോ സർട്ടിഫിക്കറ്റ് നൽകാം. മറ്റ് അഭിപ്രായ പ്രകടനങ്ങൾ നടത്താം. പക്ഷേ, നിഷ്ക്കരുണം അതിനെ തള്ളുന്നതും സംവിധായകനും നടനും തിരക്കഥാകൃത്തിനുമെതിരെ ചേരിതിരിഞ്ഞ് സാമൂഹിക മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും ആക്രമണങ്ങൾ അഴിച്ചുവിടുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും അഭികാമ്യമല്ല. തനിക്കെതിരെ നിരന്തരം വിമർശനാത്മകമായി കാർട്ടൂണുകൾ രചിച്ച കാർട്ടൂണിസ്റ്റ് ശങ്കറിനെ താങ്കളുടെ സൃഷ്ടികൾ മനോഹരമാക്കുന്നുണ്ട്, നിർത്തരുത്, തുടരണം എന്ന് സന്ദേശം അയച്ച പ്രധാനമന്ത്രി ഈ നാടിന്റെ മാനവികതയുടെയും ജനാധിപത്യത്തിന്റെയും സൗന്ദര്യമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും ഒരേ മനസ്സോടെ ഒരേ വികാരത്തോടെ സ്വീകരിക്കുന്ന മനോഭാവമാണ് രാജ്യത്തിൻറെ കരുത്തും ആവേശവും ദിശാബോധവും ആയി നയിക്കപ്പെടുന്നത്.
പെരുമാൾ മുരുകൻ എഴുത്ത് അവസാനിപ്പിച്ചതടക്കം മറവിയിൽ മായാത്ത മുദ്രയായി നിൽക്കുന്നു. എതിർ ശബ്ദങ്ങളെ നിഷ്കാസനം ചെയ്യാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ഉപയോഗം ചെയ്യുന്നു. അത്രമേൽ ഭീതിതമായ കറുത്ത കാലത്താണ് നാം നമ്മളായി ജീവിക്കാൻ പൊരുതേണ്ടി വരുന്നത്. എമ്പുരാനുണ്ടായ അതെ അനുഭവം കേരള സ്റ്റോറിസിനും കാശ്മീരി ഫയലിനും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇതിനിയും തുടരാനാണ് സാധ്യത. പക്ഷേ, കറുത്ത കാലത്ത് കവിതകൾ ഉണ്ടാകുമോ എന്ന് ചോദിച്ചത് പോലെ ഉണ്ടാകും കറുത്ത കാലത്തിന്റെ കവിതകൾ മറുപടിയും അനുബന്ധമായി എഴുതപ്പെട്ടിട്ടുണ്ട്. വികലമായി ചരിത്രത്തെ അവതരിപ്പിക്കുന്നത് കലാസൃഷ്ടിയാണെങ്കിലും അംഗീകരിക്കാവുന്നതല്ല. സിനിമ മനുഷ്യനെ സ്വാധീനിക്കുന്നില്ലെന്ന് പറഞ്ഞൊഴിയാനാവില്ല. എന്നാൽ സിനിമയിൽ പറയുന്നതാണ് യാഥാർഥ്യമെന്ന് കരുതാനാവില്ല. സിനിമകളിൽ എത്രയോ രാഷ്ട്രീയ നേതാക്കളെ ഒരു മര്യാദയുമില്ലാത്ത വിധം അവതരിപ്പിച്ചിട്ടുണ്ട്. വിയോജിപ്പികളെ വിമർശനത്തോടെ തന്നെ നേരിടണം. അതിന് ഭീഷണിപ്പെടുത്തുന്നത് കേരളം പോലൊരു സമൂഹത്തിന് നല്ലതല്ല. കേണൽ പദവി തിരിച്ചെടുക്കണമെന്നും അന്വേഷണ ഏജൻസി വരുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഭരണകൂടത്തോടൊപ്പം നിൽക്കുന്നവരാണ്. അതൊന്നും ശരിയായ മാർഗങ്ങളല്ല. റീ സെൻസറിങ് കഴിഞ്ഞ് എമ്പുരാൻ ഇന്ന് വീണ്ടും തിയേറ്ററികളിലെത്തുമെന്നാണ് അധികൃതർ അറിയിക്കുന്നത്. മോഹൻലാൽ പങ്കുവെച്ച ഖേദപ്രകടന കുറിപ്പ് സ്വാഗതാർഹം തന്നെ. പക്ഷേ, അത്തരമൊരു കുറിപ്പിന് മുമ്പ് ആത്മപരിശോധനയായിരുന്നു വേണ്ടിയിരുന്നത്. ഒന്നോ രണ്ടോ വ്യക്തികളുടേതല്ലല്ലോ സിനിമ, നൂറ് കണക്കിന് ആളുകൾ രാപ്പകലില്ലാതെയെടുത്ത അധ്വാനമല്ലേ?, നിർമാതാവിന് മുടക്കു മുതൽ തിരികെ കിട്ടണമെന്നതും പരിഗണിക്കേണ്ടതല്ലേ? രാഷ്ട്രീയ താൽപര്യങ്ങൾക്ക് കീഴടങ്ങുന്നതിന് മുമ്പ് ആത്മാവിഷ്കാരത്തിനോട് അൽപം ബഹുമാനം നൽകണമായിരുന്നു. ഒരു വിഭാഗമുയർത്തുന്ന വിയോജിപ്പ് മാത്രമല്ലല്ലോ പരിഗണിക്കേണ്ടത്, മറുവിഭാഗമുയർത്തിയ പിന്തുണയും കാണാൻ ബാധ്യസ്ഥരല്ലേ? ആരോടും വിരോധമോ വിദ്വേഷമോ പങ്കുവെക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്യുകയല്ലല്ലോ? സിനിമക്ക്, അത് എഴുതിയ എഴുത്തുകാരന്, സംവിധായകന്, നിർമാതാവിന് അതിന് വേണ്ടി പ്രവർത്തിച്ചവരോട് എല്ലാവർക്കും എല്ലാവരോടും പ്രതിബദ്ധതയുണ്ടാവേണ്ടതല്ലേ?. നാളെ മറ്റൊരു കൂട്ടരുടെ എതിർപ്പുയർത്തി മറ്റൊരു കലാസൃഷ്ടിയും ഇങ്ങനെ അപമാനിതമാകില്ലെന്ന് ഉറപ്പ് പറയാനാവില്ലല്ലോ? സിനിമ ഇറങ്ങിയ നാൾ മുതൽ വിവാദത്തിനിടയിലും കയ്യിലെ പണം മുടക്കി ചിത്രത്തെ നെഞ്ചോട് ചേർത്ത് നന്നായി പ്രോത്സാഹിപ്പിച്ച പ്രേക്ഷക സമൂഹത്തിന്റെ ആത്മാഭിമാനത്തെ സംരക്ഷിക്കാനുള്ള ധാർമിക ഉത്തരവാദിത്വവും കാണിക്കണമായിരുന്നു.

error: