ആശാ സമരം നടത്തേണ്ടത് ന്യൂഡൽഹിയിൽ, കേന്ദ്രത്തെ നേരിടണം; വി ശിവൻകുട്ടി
തിരുവനന്തപുരം(THIRUVANANTHAPURAM): സെക്രട്ടറിയേറ്റിന് മുന്നിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ആശാ പ്രവർത്തകർ ന്യൂഡൽഹിയിലാണ് സമരം നടത്തേണ്ടതെന്നു മന്ത്രി വി. ശിവൻകുട്ടി. വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി കേന്ദ്ര സർക്കാരിന് കൊടുത്തയക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിൽ ബിജെപിയുടെ ഇടപെടൽ ആസൂത്രിതം എന്നുമായിരുന്നു മന്ത്രിയുടെ ആരോപണം. കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടയും റെയിൻ കോട്ടും നൽകിയതുകൊണ്ടു മാത്രം ആശാ വർക്കർമാർക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ല. കേന്ദ്ര തൊഴിൽ മന്ത്രിയെ സമീപിച്ചിട്ടും മറുപടി കിട്ടിയിട്ടില്ല. സുരേഷ് ഗോപിയും ജോർജ് കുര്യനും ഈ ആവശ്യം കേന്ദ്ര സർക്കാരിനോട് ഉന്നയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ആശാ സമരം ഇരട്ടത്താപ്പ് എന്നാരോപിച്ച് കേന്ദ്രം നൽകുന്ന ഇൻസെന്റീവ് തുകയിലേക്ക് സമരക്കാർ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് മന്ത്രി വിമർശിച്ചു. ആശാ പ്രവർത്തകർക്ക് ആദ്യമായി ഓണറേറിയം നൽകിയത് ഇടതുപക്ഷ സർക്കാരാണ്. യുഡിഎഫ് കാലത്ത് 1,000 രൂപ മാത്രമായിരുന്നത് എൽഡിഎഫ് സർക്കാർ 7,000 രൂപയാക്കി ഉയർത്തിയെന്നും, നിലവിൽ 13,200 രൂപ വരെ ലഭ്യമാകുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
Highlights: Asha Protest Should Be Held in New Delhi, Central Government Must Be Confronted: V. Sivankutty