പത്തനംതിട്ടയിലെ ഏജന്റുമാർ ചതിച്ചു, വിദേശജോലിക്കെത്തിയ മലയാളി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിൻ്റെ തടവില്‍
പേരാമ്പ്ര(Kozhikode): കമ്പോഡിയയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്‍റെ തടവില്‍ കഴിയുന്ന മലയാളിയെ വിട്ടയക്കാന്‍ പതിനഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി കുടുംബം. തൊഴില്‍ തട്ടിപ്പിനിരയായി കമ്പോഡിയയിൽ എത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി രാജീവനാണ് ആറു മാസത്തോളമായി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ തടവില്‍ കഴിയുന്നത്. ആകെയുള്ള വീട് ജപ്തി ഭീഷണി നേരിടുന്ന സാഹചര്യം കൂടിയായതിനാൽ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് കുടുംബത്തിന്റെ അഭ്യർത്ഥന.
പേരാമ്പ്ര തണ്ടോറപ്പാറ സ്വദേശിയായ രാജീവനെ തായ് ലാന്‍റില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് പത്തനം തിട്ട സ്വദേശികളായ ഏജന്‍ുമാര്‍ സമീപിച്ചത്. കഴിഞ്ഞ ജൂണ്‍ പത്തിന് ബാങ്കോങ്കിലെത്തിയ രാജീവനെ ഏജന്‍റായ ജോജിന്‍ കമ്പോഡിയയിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. പിയോപെറ്റ് എന്ന സ്ഥലത്തെത്തിയ രാജീവനെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ അടുത്തേക്കാണ് എത്തിച്ചത്. തട്ടിപ്പ് മനസിലായതോടെ രക്ഷപ്പെടാന്‍ ശ്രമം നടത്തി. പിന്നീട് മറ്റൊരു സ്ഥലത്തേക്ക് എത്തിച്ച് തടവിലാക്കുകയായിരുന്നുവെന്നാണ് വിവരം.
ഇടക്ക് ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് അതുമില്ലാതായി. ഇതിനിടെയാണ് 15 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍കോള്‍ എത്തിയത്. പൈസ ആവശ്യപ്പെട്ട് വിളിക്കുന്നത് കൂടെയുള്ളവരുടെ ബന്ധുവാണ്. പ്രായമായ അമ്മക്കും മകള്‍ക്കുമൊപ്പം സിന്ധു താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലാണ്. രാജീവന്‍റെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Highlights: Pathanamthitta agents cheated; Malayali who arrived for a foreign job trapped by an online fraud gang.