Editorial

സുരേഷ്‌ഗോപി നിങ്ങൾ കേന്ദ്ര മന്ത്രിയാണ്

ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് ജനപ്രതിനിധികൾ അവരുടെ നോട്ടവും നാക്കും ശബ്ദവും ചലനങ്ങളും എല്ലാം വിലയിരുത്തപ്പെടുന്നത് ജനകീയ കോടതിയിലാണ്. അതുകൊണ്ടാണ് പരിണിത പ്രജ്ഞരായ രാഷ്ട്രീയ നേതാക്കൾ പോലും പലപ്പോഴും പറയുന്നത് ജീവിതം തുറന്ന പുസ്തകമാണെന്ന്. അത്രത്തോളം സൂക്ഷ്മവും സുതാര്യവുമായ ഇടപെടൽ നടത്തേണ്ടതുണ്ട് പൊതുപ്രവർത്തന രംഗത്ത് നിൽക്കുന്ന ഏതൊരാളും. അത് ഉത്തരവാദപ്പെട്ട മന്ത്രിപദവി പോലൊരു പ്രധാന ചുമതല നിർവഹിക്കുന്നുണ്ടെങ്കിൽ കൂടുതൽ ഉത്തരവാദിത്തമായി. രാഷ്ട്രീയ വിമർശനത്തിനേക്കാളുപരിയായുള്ള അഭിനയങ്ങൾ അപക്വമാണ്. വെള്ളിത്തിരയിലെ വേഷംകെട്ടലുകളല്ല യഥാർഥ ജീവിതത്തിൽ മനുഷ്യൻ അനുഭവിക്കുന്നത്. അമാനുഷകതകളോട് മനുഷ്യന് എപ്പോഴും ആരാധനയാണ്. പക്ഷേ, അമാനുഷകത യാഥാർഥ്യവുമായി ഏറെ അകന്ന് നിൽക്കുന്നതാണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് കയർത്തും രോഷം കൊണ്ടും ഭീഷണിപ്പെടുത്തിയും നടത്തിയ പ്രസ്താവന ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്നയാൾക്കെന്നല്ല, പൊതുപ്രവർത്തനരംഗത്തുള്ള ആർക്കും ഉണ്ടാവാൻ പാടില്ലാത്തതാണ്. ജനാധിപത്യത്തിന്റെ നാലാംതൂണെന്നാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്. ഭരണകൂടങ്ങൾക്കുള്ള തിരുത്തലിലെ നിർണായക കണ്ണിയാണത്. ജനങ്ങൾ നീതി-നിയമസംവിധാനം പോലെ അത്രമേൽ വിശ്വാസത്തോടെ സൂക്ഷിക്കുന്ന ഒന്ന്. നിങ്ങളാരാണെന്നും, ആരോടാണ് ചോദിക്കുന്നതെന്നുമുള്ള ഭാഷ അത്രമേൽ നികൃഷ്ടമാണ്. ജനങ്ങൾ വോട്ട് ചെയ്ത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി, അയാൾ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിപദവിയിലിരിക്കുന്നു. രാഷ്ട്രീയത്തിലുപരിയായി നാടിനോടും ജനങ്ങളോടും ഉത്തരവാദിത്തമേറെയാണ്. ചോദ്യങ്ങളോട് മറുപടിയുണ്ടെങ്കിൽ നൽകുക, ഇല്ലെങ്കിൽ പ്രതികരിക്കാനില്ലെന്ന് പറഞ്ഞൊഴിയുക. അതാണല്ലോ മര്യാദ. രാഷ്ട്രീയക്കാരൻ നല്ല നടൻ കൂടിയാവണമെന്ന് പറയും. പക്ഷേ, അയാൾ എപ്പോഴും അഭിനയിക്കില്ല. ഇവിടെ സുരേഷ്ഗോപി സഭയിലും പൊതുയിടങ്ങളിലുമെല്ലാം അഭിനേതാവായി നടക്കുകയാണ്. വെള്ളിത്തിരയിലെ ഭരത്ചന്ദ്രൻ ഡയലോഗുകളും വീശിയടിക്കുന്നു. മാധ്യമങ്ങളോട് സുരേഷ്ഗോപിയുടെ ഈ വിധമുള്ള പ്രതികരണങ്ങൾ ആദ്യത്തേതല്ല, മുമ്പുണ്ടായപ്പോഴും വിടാതെ തുടരുന്നത് അവരുടെ ചുമതലയും അവരെ നിയോഗിച്ചിരിക്കുന്ന ഉത്തരവാദിത്തവുമായതു കൊണ്ടാണ്. അവരെ അധിക്ഷേപിച്ചത് കൊണ്ട് ചോദ്യങ്ങളില്ലാതാകുന്നില്ലല്ലോ? ഗസ്റ്റ് ഹൗസിൽ നിന്നും ഇറക്കിവിടുകയും വിലക്കേർ‍പ്പെടുത്തുകയും ചെയ്യുന്നത് എന്തൊരു ഭീരുത്വമാണ്. കേന്ദ്ര മന്ത്രിയെന്ന ഭരണഘടന പദവിയുടെ അന്തസ്സും വിശുദ്ധിയും പവിത്രതയും ഇല്ലാതാക്കുന്ന നടപടികൾ ഭൂഷണമല്ല. സിനിമ താരമായി ജനങ്ങൾക്കിടയിൽ നിറഞ്ഞ നിന്ന് ഒരാൾ എന്ന ചിന്തയിലാണ് ഇപ്പോഴും ഇദ്ദേഹം പെരുമാറുന്നത്. വഹിക്കുന്ന പദവിയുടെ ഗൗരവമോ പക്വതയോ ഒന്നും ലവലേശം തൊട്ടു തീണ്ടിയിട്ടില്ല എന്നതാണ് വസ്തുത. സങ്കടകരവും പ്രതിഷേധാർഹവുമാണിത്. സുരേഷ് ഗോപി കഥപാത്രങ്ങളുടെ മാനറിസങ്ങളുടെ രൂക്ഷത ഭൂരിഭാഗവും അനുഭവിക്കേണ്ടി വന്നിട്ടുള്ളത് മാധ്യമങ്ങളാണ്. കഴിഞ്ഞ വർഷം കോഴിക്കോട് സ്വകാര്യ ഹോട്ടലിൽ വെച്ച് ചോദ്യങ്ങൾ ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെച്ചതും നിരസം രേഖപ്പെടുത്തിയിട്ടും വീണ്ടും അത് തുടർന്നതും വിവാദമായപ്പോൾ കരുതലിൻ്റെയും വാത്സല്യത്തിൻ്റെയും തലോടൽ എന്ന് വിശദീകരിച്ചതുമാണ് ആരംഭം. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ തുടക്കത്തിൽ തൃശൂരിലെ ആദിവാസി കോളനിയിൽ പരിപാടിയ്ക്ക് ആളില്ലാത്തതിലും വോട്ട് ചേർക്കാത്തതിലും അണികളോടായിരുന്നു അരിശം. പിന്നെ കിട്ടിയിടങ്ങളിൽ എല്ലാം എൻ്റെ വഴി എൻ്റെ അവകാശമാണ്. സിനിമ മേഖലയിൽ കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി മീറ്റു വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സിനിമാതാരം കൂടിയായ കേന്ദ്രമന്ത്രിയോട് അഭിപ്രായം ആരാഞ്ഞപ്പോൾ മാധ്യമങ്ങൾക്ക് കിട്ടിയ ഇറച്ചിക്കഷണം എന്നാണ് അതിനെ ആക്ഷേപിച്ചത്. പൊതുപ്രവർത്തകന്റെ സാമൂഹിക മര്യാദകൾ ഒന്നും തനിക്ക് ബാധക പെട്ടതല്ല. എല്ലാവരും എല്ലായിപ്പോഴും എന്നെ പുകഴ്ത്തുകയും എനിക്ക് കീഴ്പെട്ടു നിൽക്കുകയും വേണം എന്നുള്ള സിനിമകളിലെ കഥാപാത്രങ്ങൾ ആയിരുന്ന ഫ്യൂഡൽ മാടമ്പി മനോഭാവമാണ് സുരേഷ് ഗോപി എന്ന വ്യക്തിയെ നയിക്കുന്നത്. ഇത്തരം ജന്മങ്ങളെ കുറിച്ചാണ് കുമാരനാശാൻ ഇങ്ങനെ എഴുതിയത് “ഒടുവിൽ അരിശം തീരാൻ അവൻ പുരയുടെ ചുറ്റും മണ്ടി നടന്നു”…

error: