മുണ്ടൂരിലെ കാട്ടാന ആക്രമണം: കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, പ്രതിഷേധം തുടരുന്നു
പാലക്കാട്(Palakkad): മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. കയറാംകോട് സ്വദേശി അലനെ(22) ഇന്നലെ വൈകീട്ടാണ് കണ്ണാടന്‍ചോലയ്ക്ക് സമീപത്ത് വെച്ച് കാട്ടാന ആക്രമിച്ചത്. പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. അലന്റെ മാതാവ് വിജിക്കും കാട്ടാന ആക്രമണത്തില്‍ സാരമായി പരിക്കേറ്റിരുന്നു. വിജി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
സംഭവത്തില്‍ പ്രതിഷേധവുമായി സിപിഐഎം രംഗത്തെത്തി. മുണ്ടൂര്‍ പഞ്ചായത്ത് പരിധിയില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 7.30ന് കപ്ലിപ്പാറ മുതല്‍ യുവാവിനെ കാട്ടാന ആക്രമിച്ച കണ്ണാടന്‍ചോല വരെ പ്രതിഷേധ മാര്‍ച്ചും നടത്തുമെന്ന് സിപിഐഎം അറിയിച്ചു. മുണ്ടൂര്‍ കയറാംകോട് മേഖലയില്‍ കാട്ടാനകള്‍ നിലയുറപ്പിച്ചിട്ടും, ജനങ്ങളെ വിവരം അറിയിക്കുന്നതില്‍ വനം വകുപ്പിന് വീഴ്ച സംഭവിച്ചു എന്ന് ആരോപിച്ചാണ് സിപിഐഎം പ്രതിഷേധം. ഇന്ന് രാവിലെ 10 മണിക്ക് ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒയുടെ ഓഫീസും ഉപരോധിക്കും.
Highlights: Palakkad Wild Elephant Attack Follow Up