ഗോകുലം ഗോപാലനെ വിടാതെ ഇഡി; വീണ്ടും നോട്ടീസ് അയച്ചു
കൊച്ചി(Kochi): വ്യവസായിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലനെ വിടാതെ ഇ ഡി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി വീണ്ടും നോട്ടീസയച്ചു. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. നേരിട്ട് എത്തുകയോ പ്രതിനിധിയെ അയക്കുകയോ ചെയ്യാമെന്നും ഇഡി പറഞ്ഞു. ഇന്നലെ കൊച്ചി ഓഫീസിൽ ഗോകുലം ഗോപാലനെ 6 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു.
ഗോകുലം ഗോപാലനെതിരായ ഇഡി അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിലും അദ്ദേഹത്തിന്റെ മൊഴികളിലുമുള്ള പരിശോധനയാണ് നടക്കുന്നത്. 595കോടി രൂപയുടെ ഫെമ ചട്ടലംഘനം പ്രാഥമികമായി ഇഡി കണ്ടെത്തി. എന്നാൽ കൂടുതൽ തുകയിൽ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വിദേശത്ത് നിന്ന് ചട്ടം ലംഘിച്ച് എത്തിയ പണം എന്ത് ആവശ്യത്തിന് ഗോകുലം ഗ്രൂപ്പ് ഇവിടെ ചിലവഴിച്ചു എന്നതിലടക്കമാണ് ഇഡി പരിശോധന. വിവാദമായ എംപുരാൻ ചിത്രം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചപ്പോഴാണ് നിർമ്മാതാവിന് ഇഡി ഓഫീസിൽ കയറി ഇറങ്ങേണ്ടി വരുന്നത്.
Highlights: ED does not release Gokulam Gopalan; Notice sent again