സുപ്രീംകോടതി ഉറപ്പിച്ചു പറയുന്നു ഭരണഘടനക്ക് മുകളിലല്ല ആരും
രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തില്‍ നിന്നും സുപ്രധാനമായ വിധിയുണ്ടായിരിക്കുന്നു. നിയമസഭയും പാര്‍ലമെന്റും പാസാക്കുന്ന ബില്ലുകള്‍ അനധികൃതമായി തടഞ്ഞു വയ്ക്കുന്നതിന് ഗവര്‍ണര്‍മാര്‍ക്ക് യാതൊരുവിധ വീറ്റോ പവറും ഇല്ലെന്നും അത്തരം പ്രവൃത്തികള്‍ ഭരണഘടനാ വിരുദ്ധമാണെന്നും സംശയങ്ങള്‍ക്കിടയില്ലാത്ത വിധം കോടതി വ്യക്തമാക്കുന്നു. നീതിന്യായ രംഗത്തും രാജ്യത്തിന്റെ ഭരണനിര്‍വഹണ രംഗത്തും ചരിത്രപരമായ ഇടപെടലാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. തമിഴ്‌നാട് ഗവണ്‍മെന്റ് പാസാക്കിയ നിയമസഭയില്‍ അംഗീകരിക്കപ്പെട്ട ബില്ലുകള്‍ മാസങ്ങളായി ഒപ്പിടാതെ തടസം നില്‍ക്കുകയും തിരിച്ചയക്കുകയും ചെയ്യുന്ന ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ ഏകാധിപത്യ ശൈലിയില്‍ പ്രതിഷേധിച്ച് സുപ്രീംകോടതിയില്‍ തമിഴ്‌നാട് ഗവണ്‍മെന്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രധാനമായ വിധി ചൊവ്വാഴ്ച ഉണ്ടായിരിക്കുന്നതെങ്കിലും ഇത് രാജ്യത്തെ പ്രത്യേക സാഹചര്യത്തില്‍ എല്ലാവരും ആഗ്രഹിക്കുന്നത് കൂടിയാണ്. ബില്ലുകളില്‍ മൂന്നുമാസത്തിനകം തന്നെ തീരുമാനമെടുക്കണമെന്നും ഗവര്‍ണര്‍മാരുടെ അധികാര അവകാശങ്ങള്‍ക്ക് കൃത്യവും വ്യക്തവും ആധികാരികവുമായ അതിര്‍വരമ്പുകള്‍ ഉണ്ടെന്നും അടിവരയിടുന്നതും പറഞ്ഞുവെക്കുന്നതും ആണ് സുപ്രീംകോടതിയില്‍ നിന്ന് കേട്ട വാക്കുകള്‍. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒതുക്കുന്ന കേന്ദ്രസര്‍ക്കാരിന് കൂടിയുള്ള താക്കീതായി സുപ്രീംകോടതി വിധി വിലയിരുത്തപ്പെടുകയാണ്. ബില്ലുകള്‍ അനിശ്ചിതകാലം പിടിച്ചുവയ്ക്കുന്ന ഗവര്‍ണ്ണര്‍മാരുടെ നീക്കം ചെറുക്കാന്‍ ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിധി കരുത്താകും. വീറ്റോ അധികാരം ഗവര്‍ണ്ണര്‍മാര്‍ക്കില്ല എന്ന കോടതി നിരീക്ഷണവും ഫെഡറല്‍ മൂല്യങ്ങള്‍ നിലനിറുത്തുന്നതില്‍ നിര്‍ണ്ണായകമാകും. ജനങ്ങളുടെ ശബ്ദമായ നിയമനിര്‍മ്മാണ സഭകളില്‍ ജനങ്ങളുടെ അഭിലാഷത്തെയും അവകാശങ്ങളെയും മുന്‍നിര്‍ത്തി പാസാക്കുന്ന ബില്ലുകള്‍ രാഷ്ട്രീയ വിവേചനത്തിന്റെ പേരില്‍ അനന്തമായി നീട്ടി വയ്ക്കുന്നതിന് രാഷ്ട്രപതിക്ക് പോലും അധികാരമില്ല. രാജ്യം ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ ഏജന്റുകളായി വര്‍ത്തമാനകാലത്ത് സംസ്ഥാന ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കുന്നത് സുഗമമായ ജനാധിപത്യത്തിനും പാര്‍ലമെന്ററി സംവിധാനത്തിനും പൊതുശല്യമായി മാറിയിരുന്നു. ആര്‍.എന്‍ രവിയെ പോലെ കേരള സര്‍ക്കാരുമായി ശീത സമരത്തില്‍ ഏര്‍പ്പെട്ടിരുന്ന ഗവര്‍ണര്‍ ആയിരുന്നു മുഹമ്മദ് ആരിഫ് ഖാന്‍. ഭരണഘടനാ പദവിയിലിരിക്കുന്നവര്‍ രാഷ്ട്രീയ പ്രീണന പ്രവൃത്തികളില്‍ ഏര്‍പ്പെടേണ്ടവരല്ലെന്ന് അറിയാത്തവരല്ല, ഇവരാരും. പക്ഷേ, തനിക്ക് കിട്ടേണ്ട ആനുകൂല്യങ്ങളിലേക്കും അധികാരത്തിന്റെ ഹുങ്കും പ്രയോഗിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാ പദവിയിലിരിക്കുന്നവര്‍ക്ക് യോജിച്ചതല്ല. കക്ഷിരാഷ്ട്രീയപരമായി നേട്ടങ്ങള്‍ ഇല്ലാതിരിക്കുന്ന സംസ്ഥാനങ്ങളില്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ വ്യക്തിത്വങ്ങളെ ഗവര്‍ണര്‍മാരാക്കി നിയമിച്ച് സംസ്ഥാനങ്ങളില്‍ ഭരണ സ്തംഭനം സൃഷ്ടിച്ച് നേട്ടം കൊയ്യാമെന്ന കേന്ദ്ര സര്‍ക്കാരിന് കൂടിയുള്ള പ്രഹരമാണ് സുപ്രീംകോടതി വിധിയെന്ന് കരുതിയാല്‍ തെറ്റ് പറയാനാവില്ല. അത്തരം രാഷ്ട്രീയ ദുഷ്ടലാക്കുകള്‍ക്ക് കൂടിയുള്ള കാരണത്തടിയാണ് സുപ്രീംകോടതിയുടെ വിധി. കേരളം, തമിഴ്‌നാട്, പഞ്ചാബ്, പശ്ചിമബംഗാള്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍ – സര്‍ക്കാര്‍ പോരില്‍ നിര്‍ണ്ണായകമാണ് സുപ്രീംകോടതി രണ്ടംഗ ബഞ്ചിന്റെ വിധി. ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകളില്‍ അടയിരിക്കാന്‍ അധികാരമില്ലെന്ന് നേരത്തെ സുപ്രീംകോടതി വിധിച്ചിരുന്നു. രാഷ്ട്രപതിക്ക് അയച്ച് ഇവ വൈകിപ്പിക്കാനുള്ള നീക്കത്തിന് ഇന്നത്തെ വിധി തടയിട്ടിരിക്കുയാണ്. ഗവര്‍ണറെ കോടതിയില്‍ അറ്റോണി ജനറല്‍ ന്യായീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് എതിരായുള്ള മുന്നറിയിപ്പ് കൂടിയാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായാണ് ഗവര്‍ണര്‍ പെരുമാറിയതെന്ന പരാമര്‍ശം വന്ന സാഹചര്യത്തില്‍ തമിഴ്‌നാട് ഗവര്‍ണ്ണര്‍ രാജിവയ്ക്കുമോ എന്ന ചോദ്യം പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. ഭരണഘടനയില്‍ ബില്ല് പിടിച്ചു വയ്ക്കാനുള്ള അധികാരം ഗവര്‍ണര്‍മാര്‍ക്കുണ്ട്. എന്നാല്‍ നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ അട്ടിമറിക്കാനാണ് ഈ വ്യവസ്ഥ അടുത്തകാലത്തായി ദുരുപയോഗം ചെയ്യുന്നത്. മൂന്നു മാസത്തിനകം തീരുമാനം എന്ന നിര്‍ദ്ദേശം കോടതി വച്ചതോടെ ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും ഗവര്‍ണ്ണര്‍മാരുടെ പരിഗണനയിലുള്ള ബില്ലുകളില്‍ തീരുമാനം വൈകാതെ ഉണ്ടാകണം. ഫെഡറല്‍ സംവിധാനത്തില്‍ ഭരണം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്നും ഗവര്‍ണ്ണര്‍ക്കല്ലെന്നും സുപ്രീംകോടതി ഈ വിധിയിലും അടിവരയിടുകയാണ്. ഫെഡറല്‍ വിഷയങ്ങളില്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കിടയില്‍ തുടങ്ങിയിരിക്കുന്ന സംയുക്ത നീക്കങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതാണ് കോടതി വിധി. ജനാധിപത്യത്തെ ശാക്തീകരിക്കുന്നതും പാര്‍ലമെന്ററി സംവിധാനത്തെ ജനകീയവും സുതാര്യവും അന്തസ്സും ആക്കുന്ന സുപ്രീം കോടതിയുടെ നിലപാടിന് അഭിവാദ്യം. ഭരണഘടനയുടെ തത്വസംഹിതകളെയും ആശയധാരകളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സ്വാര്‍ത്ഥമായ ആശയങ്ങളുടെ പിന്‍പറ്റി അധികാരശ്രേണിയില്‍ ഇരിക്കുന്നവര്‍ക്ക് പ്രഹരത്തില്‍ നിന്ന് രാജ്യത്തിന്റെ, ആത്മാവിന്റെ ശക്തി ആയ ഭരണഘടനയുടെ മൂല്യങ്ങളെയും കരുത്തിനെയും ഇനിയെങ്കിലും അവര്‍ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നു.