ഗുജറാത്തിലെ ഒത്തുകൂടൽ കോൺഗ്രസിന് ഊർജമേകുമോ ?
ഇന്ത്യ മഹാരാജ്യത്തിൻ്റെ ജനിതകം പേറുന്ന കോൺഗ്രസ് 64 വർഷത്തിന് ശേഷം എ.ഐ.സി.സി സമ്മേളനം നടത്തുകയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി അധികാരത്തിന് പുറത്താണ് കോൺഗ്രസ്. ഇക്കാലയളവിനിടയിൽ പല മൂടി ചൂടാമന്നന്മാരും പുതിയ ലാവണങ്ങളിലേക്ക് ചേക്കേറി. അങ്ങനെയൊക്കെ സംഘടനാ ശരീരത്തിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ കൂടി നേരിടുന്ന പശ്ചാത്തലത്തിലാണ് ഗാന്ധിജിയുടെയും സർദാർ വല്ലഭായി പട്ടേലിന്റെയും സ്മരണകൾ പറഞ്ഞുനിൽക്കുന്ന സമാനതകളില്ലാത്ത ഭൂമിയിൽ ഗുജറാത്തിന്റെ മണ്ണിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആ സമ്മേളനം അവസാനിക്കുന്നത്. ടിസിസി അധിക്ഷ പദവിയിൽ എല്ലാ ജനവിഭാഗങ്ങൾക്കും പ്രാതിനിധ്യം പുറപ്പാക്കുന്നത് ഉൾപ്പെടെയുള്ള ഭരണഘടന ഭേദഗതികൾ അടക്കം വൻ മാറ്റത്തിന് ഒരുങ്ങുകയാണ് എ.ഐ.സി.സി സമ്മേളനത്തോടെ കോൺഗ്രസ്. സ്വാതന്ത്ര്യ സമരത്തിന്റെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ചരിത്രവും പാരമ്പര്യവും അടയാളപ്പെടുത്തുന്ന അഹമ്മദാബാദ് സമ്മേളനം ബി.ജെ.പിക്കെതിരെയുള്ള ശക്തമായ രാഷ്ട്രീയ സന്ദേശം കൂടിയാണ്. സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ സ്മരണകൾ ആർത്തലയ്ക്കുന്ന സബർമതി നദിയുടെ തീരത്ത് നടക്കുന്ന സമ്പൂർണ്ണ പൊതുസമ്മേളനം ജനാധിപത്യത്തെയും മത നിരപേക്ഷ മൂല്യങ്ങളെയും വീണ്ടെടുക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ ശംഖൊലി മുഴക്കുന്നതായി. സംഘടനാപരമായ വിലയിരുത്തലുകൾക്കും തിരുത്തലുകൾക്കും തെറ്റും ശരിയും കണ്ടെത്തിയുള്ള തുറന്ന ചർച്ചകൾക്ക് ഒപ്പം തന്നെ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക-വിദേശ-കാർഷിക നയങ്ങളെ രാഷ്ട്രീയമായി നേരിടാനുള്ള തയ്യാറെടുപ്പിന് കൂടി സമ്മേളനം സജ്ജമാണെന്നാണ് നേതാക്കൾ പറയുന്നത്. 1961 ലാണ് ഗുജറാത്തിൽ അവസാനമായി എ.ഐ.സി.സി സമ്മേളനം നടന്നത്. ന്യായ് പഥ്: സങ്കൽപ്പ്, സമർപ്പൺ സംഘർഷ് എന്ന മുദ്രാവാക്യം ഉയർത്തി ഗുജറാത്തിൻ്റെ മണ്ണിൽ പൂർണ്ണമായ എ.ഐ.സി.സി സമ്മേളനം ഇന്ത്യ ഒട്ടാകെയുള്ള മഹാ ഭൂരിപക്ഷം അണികളിലും ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ഉത്തരവാദിത്വത്തിന്റെയും ചെറുകണിക്കയെങ്കിലും പാകിയിട്ടുണ്ട്. തുറന്ന ചർച്ചകളും ആത്മവിമർശനങ്ങളും ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് അനിവാര്യമാണ്. ചെയ്യുന്നതെല്ലാം ശരിയെന്ന മിഥ്യാധാരണയിൽ പ്രവർത്തിച്ചതിന്റെ തിക്ത ഫലങ്ങളിലൂടെയാണ് കോൺഗ്രസ് ഇപ്പോൾ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഓരോ ചുവടും ഓരോ വാക്കും ഓരോ പ്രവർത്തിയും സസൂഷ്മമായ ശ്രദ്ധയോടെ വേണം ചെയ്യാൻ. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നിർജീവമായ ഇന്ത്യ മുന്നണി കോൺഗ്രസിന് സംബന്ധിച്ച് ഏറ്റവും വലിയ തലവേദനയായി മാറുന്നുണ്ടോ എന്ന് സംശയം രാഷ്ട്രീയ സമൂഹത്തിലും പൊതുജനങ്ങൾക്കിടയിലും ഒന്നാകെ ഉണ്ട്. വഖഫ് ഭേദഗതി ബില്ലിനെതിരെ സഭകളിൽ ഒന്നിച്ച് നിൽക്കാനായെങ്കിലും പ്രതിപക്ഷം എന്ന നിലയിൽ രാജ്യത്തെ ബാധിക്കുന്ന തന്ത്രപ്രധാനമായ വിഷയങ്ങളിൽ സമയബന്ധിതമായി ഇടപെടുന്നതിൽ കോൺഗ്രസ് പുലർത്തുന്ന കാലതാമസം വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. വ്യക്തികൾക്കപ്പുറം ആശയത്തെ നെഞ്ചേറ്റിയ കോൺഗ്രസ് എന്ന വികാരത്തോടൊപ്പം നിലനിൽക്കുന്ന ജനലക്ഷങ്ങളുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്ന ഇത്തരം സമീപനങ്ങൾ തിരുത്തൽ കൂടി എ.ഐ.സി.സി സമ്മേളനത്തോടെ നവ ഊർജത്തിൽ കോൺഗ്രസിന് ചെയ്യാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു. ഇന്ത്യയിലെ വോട്ടിംഗ് സിസ്റ്റത്തിൽ പഴയ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന തിരുത്തൽ നിർദേശിച്ചാണ് ഐ.സി.സി സമ്മേളനത്തിന്റെ പൊതുസമ്മേളനം പൂർത്തിയായത്. ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യമാണ് വോട്ട് അതിനെ ഹൈജാക്ക് ചെയ്യുമ്പോൾ ജനാധിപത്യത്തിന്റെ മരണ മണിയാണ് മുഴങ്ങുന്നത്. ഡി.സി.സി അധ്യക്ഷപദവി ഉൾപ്പെടെ എല്ലാ ജനവിഭാഗങ്ങൾക്കും പ്രാധിനിത്യം ഒരുക്കണമെന്നും പുതിയ കാലത്തിന്റെ മാറ്റങ്ങൾക്ക് പാർട്ടി എന്ന വാതിലുകൾ ആകണം എന്നുമുള്ള വാക്കുകളെ പ്രതീക്ഷയോടുകൂടി തന്നെ വരവേൽക്കുമ്പോഴും ഇത് കോൺഗ്രസ് അല്ലേ എന്നാ അടക്കം പറച്ചിൽ ഉണ്ട് എന്നുള്ളത് വസ്തുതയാണ്. അത് ആവർത്തിക്കാതിരിക്കുകയാണ് വേണ്ടത്. പറഞ്ഞതും തിരുത്തേണ്ടതും ഒരുപോലെ ഒന്നായി മാറുമോയെന്നതാണ് നാട് ഉറ്റുനോക്കുന്നത്.