എല്ലാം നഷ്ടപ്പെട്ടവരോട് അൽപം അനുകമ്പ കാണിക്കൂ
ഒരു വർഷം തികയാൻ ഏതാനും മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഇപ്പോഴും ആ രാത്രിയുടെ ഞെട്ടലും വിറയിലും വിട്ടുമാറാത്തത് ഒരു നാടിനു മാത്രമല്ല ഈ രാജ്യത്തിന് ആകെയാണ്. പ്രധാനമന്ത്രിയടക്കം നേരിട്ടെത്തി ദുരന്തത്തിൻ്റെ വ്യാപ്തിയും ദുരിതബാധിതരുടെ അവസ്ഥയും മനസ്സിലാക്കിയിട്ടും കരിങ്കല്ലിന് ചിലപ്പോൾ അനക്കമുണ്ടായാലും തങ്ങളുടെ ഭാഗത്ത് നിന്ന് നെല്ലിട സഹായം ലഭിക്കുമെന്ന് കരുതേണ്ടെന്ന് മനോഭാവമാണ് കേന്ദ്ര സർക്കാരിന്. സാമ്പത്തികമായി ഒരു ഔദാര്യം പോലെ സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാതം ബാക്കി നിൽക്കെ കടമായിട്ട് അനുവദിച്ച പണമല്ലാതെ ഒരു വക മുണ്ടക്കൈയിലെയും ചുരൽമലയിലെയും പാവങ്ങൾക്ക് വേണ്ടി നൽകാനുള്ള താൽപ്പര്യമോ നടപടിയോ കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്ന് കാണുന്നില്ല. ഇതിനിടയിലാണ് ഇരുട്ടടി പോലെ ദുരിതബാധിതരുടെ വായ്പകൾ വില്ലനായി മാറുന്നത്. പ്രത്യേക സാഹചര്യം മനസിലാക്കി കേരള ബാങ്ക് എല്ലാ വായ്പകളും എഴുതിത്തള്ളി. പക്ഷേ, മറ്റു ബാങ്കുകളും കേന്ദ്ര സർക്കാരും ഇത്തരം വായ്പകൾക്ക് മൊറട്ടോറിയം മാത്രമാണ് പ്രഖ്യാപിച്ചത്. ജീവനോപാധികൾ നഷ്ടപ്പെട്ട് ജീവിക്കുന്നവരാണ് മുണ്ടക്കൈയിലും ചൂരൽ മലയിലും അവശേഷിക്കുന്ന മനുഷ്യർ, അവർ എവിടുന്നാണ് ഈ പണം അടയ്ക്കുക. മനുഷ്യത്വരഹിതമായ കേന്ദ്രസർക്കാരിന്റെ പ്രവൃത്തികൾ എല്ലാ അതിർവരമ്പുകളും ലംഘിച്ച് പോകുന്ന പശ്ചാത്തലത്തിലാണ് ജുഡീഷ്യറിക്ക് ഇടപെടേണ്ടിവന്നത്. വായ്പകൾ എഴുതിത്തള്ളണമെന്ന് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ഉത്തരവിലൂടെ ആവശ്യപ്പെട്ടതും ഈ സാഹചര്യത്തിലാണ്. അവിടെയും മുട്ടാ പോക്ക് ന്യായങ്ങൾ പറഞ്ഞ് തടി തപ്പാൻ ശ്രമിക്കുകയാണ് കേന്ദ്രം. കോവിഡ് കാലഘട്ടത്തിൽ എം.എസ്.എമ്മുകളുടെ വായ്പകൾ എഴുതിത്തള്ളാനാവില്ലെന്നത് ചൂണ്ടിക്കാട്ടി കേന്ദ്രം കോടതിയെ സമീപിച്ചപ്പോൾ ലഭിച്ച മറുപടിയാണ് ഈ കേസിൽ കേന്ദ്രമുയർത്തുന്ന മറുവാദം. ഒരിക്കലും കോവിഡ് കാലവുമായി താരതമ്യപ്പെടുത്താനാവാത്ത സ്ഥിതിവിശേഷമാണ് മുണ്ടക്കൈ- ചുരൽമല ദുരന്തഭൂമിയിൽ ഉള്ളത്. താൽക്കാലികമായ ഒരവസ്ഥ മാത്രമായിരുന്നു കോവിഡ് അനുബന്ധ ലോക്ക് ഡൗൺ. ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ പതിമൂന്നാം വകുപ്പ് അനുസരിച്ച് വായ്പ എഴുതിത്തള്ളൽ അടക്കം ചെയ്യാവുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ പുലർത്തുന്ന കടുംപിടുത്തം, അനാഥമാക്കപ്പെട്ട ജീവിതങ്ങൾ, സർവ്വതും നഷ്ടപ്പെട്ട സങ്കടങ്ങൾ അങ്ങനെ മനുഷ്യജീവിതത്തിൽ കരിനിഴൽ വീഴ്ത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പതിയെ പതിയെ ജീവിതത്തിലേക്കും മടങ്ങിവരുന്ന നമ്മുടെ സഹോദരങ്ങളോട് അല്പമെങ്കിലും കാരുണ്യവും മനുഷ്യത്വവും കാണിക്കാനുള്ള മനസ്സ് കേന്ദ്ര അധികാരി വർഗ്ഗത്തിന് ഉണ്ടാവണം. ഒരു നാടിനാണ് തിരിച്ചു വരേണ്ടത് ഒരുപാട് മനുഷ്യർക്ക് ഇനിയും ജീവിക്കേണ്ടതുണ്ട്. വേർപെട്ടുപോയ മനുഷ്യരെ ഓർത്ത് സങ്കടപ്പെടാനോ നഷ്ടപ്പെട്ടവയെ ഓർത്ത് തളർന്നിരിക്കാൻ കേരളം പഠിച്ചിട്ടില്ല. തോറ്റുപോയ ഇടത്തുനിന്ന് പതറിപ്പോയി ഇടത്തുനിന്ന് വീണിടത്ത് നിന്ന് ഉയർത്തെഴുന്നേറ്റ ഉയരങ്ങൾ കീഴടക്കിയ അതിജീവനത്തിന്റെ മഹിതമായ ചരിത്രമാണ് ഈ നാടിന്റെ സിരകളിൽ ഒഴുകുന്ന രക്തം. അടിച്ചമർത്തും തോറും വളർച്ച വ്യാപിക്കാൻ ഒരു നാട് ഒന്നടങ്കം ശ്രമിക്കുമ്പോൾ സങ്കുചിതമായ താല്പര്യങ്ങളും നൂലാമാലകളും ഉയർത്തി അതിനെ തടയിടാൻ ശ്രമിക്കുന്നത് ഏറ്റവും ഹീനവും പൈശാചികവുമായ മനസ്സിന് ഉടമകളായവർക്ക് മാത്രമേ കഴിയൂ. ജനാധിപത്യം പുലരുന്ന നാട്ടിൽ മനുഷ്യന്റെ അവകാശങ്ങൾക്ക് വേണ്ടി കോടതികൾക്ക് നിരന്തരം ശബ്ദിക്കേണ്ടി വരുന്നത് ഏറെ വേദനാജനകമാണ്. ജനങ്ങളുടെ അഭിലാഷങ്ങളെയും അവകാശങ്ങളെയും സംരക്ഷിക്കാനും നടപ്പിലാക്കി കൊടുക്കാനും ഉത്തരവാദിത്തപ്പെട്ടവർ നിരുത്തരവാദപരമായി പെരുമാറുമ്പോൾ കാലത്തിന്റെ കോടതിയിൽ അതിനൊരിക്കലും മാപ്പ് ഉണ്ടാവില്ല. അത്താഴപ്പട്ടിണിക്കാരന്റെ പാത്രത്തിൽ നിന്ന് മോഷ്ടിക്കുന്നതിനേക്കാൾ വലിയ പാപമാണിത്.