International

ആശങ്ക ഒഴിയാതെ യുഎസ് ഓഹരി വിപണി; പ്രധാന സൂചികകൾ വീണ്ടും താഴേക്ക്

വാഷിങ്ടൺ(Washington): ആശങ്ക ഒഴിയാതെ യുഎസ് ഓഹരി വിപണി. മറ്റ് രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരുന്ന ഇറക്കുമതി ചുങ്കം മരവിപ്പിച്ച പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നടപടിക്ക് പിന്നാലെ ഓഹരി വിപണയിൽ കുതിപ്പ് ഉണ്ടായെങ്കിലും ആശങ്ക ഒഴിയുന്നില്ല. പ്രധാന സൂചികകൾ വീണ്ടും മലക്കം മറഞ്ഞു. അതേസമയം ചൈനക്കെതിരെ അമേരിക്കൻ തീരുവ 145 ശതമാനമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ചൈനയുമായി അമേരിക്ക ചർച്ചകൾക്ക് തയ്യാറാണ്. എന്നാൽ, ചൈന ആദ്യം മുന്നോട്ട് വരണമെന്നാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെടുന്നത്. അതേസമയം, യുഎസ് സിനിമകളുടെ ഇറക്കുമതി പരിമിതപ്പെടുത്തുമെന്ന് ചൈന വ്യക്തമാക്കി.

ട്രംപിന്‍റെ ‘പ്രതികാര ചുങ്കത്തി’നെതിരെ ഏതറ്റം വരെയും പോകുമെന്നാണ് ചൈനയുടെ നിലപാട്. ഇതോടെയാണ്  യുഎസ് ഓഹരി വിപണികൾ കീഴ്മേൽ മറിഞ്ഞത്. ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് മേൽ ചുമത്തിയ അധിക തീരുവ പ്രഖ്യാപനം ട്രംപ് മരവിപ്പിച്ചതോടെ ഇന്നലെ അമേരിക്കൻ ഓഹരി വിപണി കുതിച്ചുയർന്നിരുന്നു. ട്രംപിൻ്റെ പുതിയ തീരുമാനത്തിൻ്റെ പ്രതിഫലനം ഇന്ത്യയിലടക്കമുള്ള ഓഹരി സൂചികകളിലും പ്രതിഫലിച്ചിരുന്നു. ചൈന ഒഴികെയുള്ള അറുപതോളം രാജ്യങ്ങൾക്കായിരുന്നു ഡോണൾഡ് ട്രംപിന്റെ ഇളവ്.

അതേസമയം യുഎസ് പ്രസിഡൻ്റിൻ്റെ നടപടിക്ക് അതേ ഭാഷയിൽ തിരിച്ചടിച്ച ചൈനയ്ക്കുള്ള തീരുവ 145 ശതമാനമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ചൈന 84 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. യുഎസ് ഉൽപന്നങ്ങളുടെ തീരുവ 34 ശതമാനത്തിൽ നിന്നാണ് 84 ശതമാനമാക്കി ചൈന ഉയർത്തിയത്. ഇതോടെയാണ് ട്രംപ് ചൈനയ്ക്ക് മേല്‍ അധിക തീരുവ ഏര്‍പ്പെടുത്തിയത്.

പ്രതികാരച്ചുങ്കം ചുമത്തിയ രാജ്യങ്ങളെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തെ രംഗത്ത് വന്നിരുന്നു. തന്നോട് ചർച്ച നടത്താൻ ശ്രമിക്കുന്ന രാജ്യങ്ങൾ, എന്തിനും തയ്യാറാണെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. ഒത്തു തീ‍ർപ്പിലെത്താൻ രാജ്യങ്ങൾ വിളിച്ചു കെഞ്ചുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു.

Highlights: “Concerns persist in the US stock market; major indices dip again.”

error: