ആധാർ കാർഡിനും സ്വന്തമായി ആപ്പ്: ഉപയോഗം എളുപ്പം, നിയന്ത്രണം ഉപയോക്താവിന്റെ കയ്യിൽ
ആധാർ കാർഡിന്റെ ഡിജിറ്റൽ അവതാരമായ പുതിയ ആപ്പ്, രാജ്യത്തെ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനം കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കുന്നു. ഇനി ആധാർ കാർഡിന്റെ ഹാർഡ് കോപ്പി കാണിക്കേണ്ടതോ, ഫോട്ടോകോപ്പി നൽകേണ്ടതോ ആവശ്യമില്ല. ക്യൂആർ കോഡ് സ്കാൻ ചെയ്താൽ ആധാർ വിവരങ്ങൾ പരിശോധിക്കാവുന്ന സംവിധാനമാണ് ആപ്പിലൂടെ നടപ്പിലാക്കുന്നത്.
ഉപയോക്താവിന് നിയന്ത്രണം
ആധാർ വിവരങ്ങൾ ഏത് സേവനത്തിനും ലഭ്യമാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഉപയോക്താവിനാണ്. ഇത് സ്വകാര്യതയ്ക്ക് കൂടുതൽ ഉറപ്പ് നൽകുന്ന ഘടകമായി കേന്ദ്രം വിലയിരുത്തുന്നു.
എഐയും ഫെയ്‌സ് ഐഡിയും
ആപ്പിന്റെ പ്രധാന സവിശേഷതകളിലൊന്നാണ് അതിന്റെ ആധുനിക സാങ്കേതികത. ഫെയ്‌സ് ഐഡി അംഗീകാരം, നിർമ്മിത ബുദ്ധിയുടെ പിന്തുണ, അത്യാധുനിക എൻക്രിപ്ഷൻ സംവിധാനം എന്നിവയിലൂടെ സുരക്ഷയുടെ ഉയർന്ന നിലവാരം ഉറപ്പാക്കുന്നു. സേവനദായകരും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകൾ അതിവേഗവും കൃത്യതയോടെയുമാകുന്നു.
ബീറ്റാ ടെസ്റ്റിംഗ് പുരോഗമിക്കുന്നു
ആപ്പിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ (ബീറ്റാ ടെസ്റ്റിംഗ്) വിവിധ സംസ്ഥാനങ്ങളിൽ ആരംഭിച്ചിട്ടുള്ളതായി അധികൃതർ അറിയിച്ചു. ഉപയോക്താക്കളിൽ നിന്നും സേവനദായകരിൽ നിന്നും ലഭിക്കുന്ന ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കിയാണ് നികത്തേണ്ട ഒറ്റപ്പെട്ട പോരായ്മകൾ പരിഹരിക്കപ്പെടുന്നത്.
ഡിജിറ്റൽ ഇന്ത്യയിലേക്കൊരു കടന്നു ചാട്ടം
കേന്ദ്രസർക്കാരിന്റെ ‘ഡിജിറ്റൽ ഇന്ത്യ’ ദൗത്യത്തിന് കൂടി ഇതുവഴി വലിയ പിന്തുണ ലഭിക്കും. ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടിയത് പോലെ, “ഇതിലൂടെ ഇന്ത്യയിലെ തിരിച്ചറിയൽ സംവിധാനം ലോക തലത്തിൽ മാതൃകയാകും.”
Highlights: Aadhaar Gets Its Own App: Easy to Use, Control in the Hands of the User