National

ആർത്തവത്തിന്റെ പേരിൽ ദളിത് വിദ്യാർഥിനിയെ ഹാളിന് പുറത്ത് നിർത്തി പരീക്ഷ എഴുതിച്ച സംഭവം; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

ചെന്നൈ(Chennai): ആർത്തവത്തിന്റെ പേരിൽ ദളിത് വിദ്യാർഥിനിയെ ഹാളിന് പുറത്ത് നിർത്തി പരീക്ഷ എഴുതിച്ച സംഭവത്തിൽ പ്രിൻസിപ്പലിന് സസ്പെൻഷൻ. കോയമ്പത്തൂർ ജില്ലയിലെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന 13 വയസുള്ള ദളിത് പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം സ്കൂൾ അധികൃതർ പരീക്ഷ ഹാളിന് പുറത്ത് ഇരുന്ന് പരീക്ഷ എഴുതിപ്പിച്ചത്.

സംഭവത്തിന്റെ വീഡിയോ പ്രചരിക്കുകയും വലിയ വിമർശനം ഉയരുകയും ചെയ്തിരുന്നു. പിന്നാലെയാണ് പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തത്. വലിയ തോതിൽ പ്രതിഷേധം ഉയർന്നതോടെ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് പെൺകുട്ടിക്കൊപ്പം നിൽക്കുകയും സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തതായി പ്രഖ്യാപിക്കുകയും ചെയ്തുവെന്ന് വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി പറഞ്ഞു.


‘സ്വകാര്യ സ്കൂളിനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്,’ മന്ത്രി പറഞ്ഞു. എന്നാൽ പെൺകുട്ടിയുടെ ആദ്യത്തെ ആർത്തവചക്രമായതിനാൽ പ്രത്യേകം പരീക്ഷ എഴുതിക്കണമെന്ന് സ്കൂൾ മാനേജ്മെന്റിനോട് അഭ്യർഥിച്ചത് പെൺകുട്ടിയുടെ അമ്മയാണെന്ന് സ്കൂൾ അധികൃതർ ആരോപിച്ചു.

കോയമ്പത്തൂര്‍ ജില്ലയിലെ കിണത്തുകടവ് താലൂക്കിലെ സെങ്കുട്ടായിപാളയം ഗ്രാമത്തിലെ സ്വാമി ചിദ്ഭവന്ദ മെട്രിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വിദ്യാര്‍ഥി പഠിക്കുന്നത്.

സ്കൂളിലെ കറസ്പോണ്ടന്റ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ, പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് (എസ.സി/എസ്.ടി ) ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കോയമ്പത്തൂർ പൊലീസ് കേസെടുത്തു.

Highlights: Menstruating Dalit girl made to write exam outside classroom in Coimbatore; principal suspended

error: