10,000 കോടി രൂപയുടെ എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതി എവിടെ: പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി
ന്യൂഡൽഹി(New Delhi): എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് (ഇ.എൽ.ഐ) പദ്ധതിയുടെ നടത്തിപ്പിൽ വന്ന അപാകതയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. ഏകദേശം ഒരു വർഷം മുമ്പ് ആരംഭിച്ച ഈ പദ്ധതി ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.
2024ലെ തെരഞ്ഞെടുപ്പിന് ശേഷം, പ്രധാനമന്ത്രി മോദി എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതി വളരെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ചു. നമ്മുടെ യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് വാഗ്ദാനം ചെയ്തു. പദ്ധതി പ്രഖ്യാപിച്ചിട്ട് ഏകദേശം ഒരു വർഷമായി. പക്ഷെ പദ്ധതി നടപ്പാക്കുന്നതിനായി സർക്കാർ ഒന്നും തന്നെ ചെയ്തിട്ടില്ല. കൂടാതെ അതിന് 10,000 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ തൊഴിലില്ലായ്മയെ പ്രധാനമന്ത്രി എത്രത്തോളം ഗൗരവമായാണ് കാണുന്നതെന്ന് ഇതിലൂടെ വ്യക്തമാണല്ലോ,’ രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
2024-25 ലെ കേന്ദ്ര ബജറ്റിന്റെ ഭാഗമായാണ് ധനമന്ത്രി നിർമല സീതാരാമൻ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് തൊഴിൽ പ്രോത്സാഹനം നൽകാൻ പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴിൽ എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ്പദ്ധതി പ്രഖ്യാപിച്ചത്.
രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് രണ്ട് കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഇ.എൽ.ഐ പദ്ധതി ലക്ഷ്യമിടുന്നത്. ഇത് തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും ഉപജീവനമാർഗം മെച്ചപ്പെടുത്തുകയും ചെയ്യും.
2024-25 ലെ കേന്ദ്ര ബജറ്റിൽ ഇ.എൽ.ഐ പദ്ധതിക്കായി മൂന്ന് സ്കീമുകൾ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ പാക്കേജിന്റെ ഭാഗമായി അഞ്ച് വർഷത്തെ കാലയളവിൽ 4.1 കോടി യുവാക്കൾക്ക് തൊഴിൽ, വൈദഗ്ധ്യം, മറ്റ് അവസരങ്ങൾ എന്നിവ സുഗമമാക്കുന്നതിനുള്ള പദ്ധതികളുടെയും സംരംഭങ്ങളുടെയും പാക്കേജിന്റെ ഭാഗമായിട്ടാണ് ഇത് പ്രഖ്യാപിച്ചത്. ഇതിനായി രണ്ട് ലക്ഷം കോടി രൂപയുടെ കേന്ദ്ര വിഹിതം അനുവദിച്ചിട്ടുണ്ട്.
എന്നാൽ പദ്ധതി കൃത്യമായി നടക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ‘നിങ്ങൾ എല്ലാ ദിവസവും പുതിയ മുദ്രാവാക്യങ്ങളും പുതിയ സ്കീമുകളും സൃഷ്ടിക്കുമ്പോൾ, നമ്മുടെ യുവാക്കൾ ഇപ്പോഴും അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഇന്ത്യയ്ക്ക് ആവശ്യമുള്ള കോടിക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നിങ്ങളുടെ കൃത്യമായ പദ്ധതി എന്താണ്, അതോ ഇത് മറ്റൊരു ജംലയാണോ?,’ അദ്ദേഹം ചോദിച്ചു.
വലിയ കോർപ്പറേറ്റുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചും, ന്യായമായ ബിസിനസുകളേക്കാൾ കൂട്ടാളികളെ പ്രോത്സാഹിപ്പിച്ചും, ഉത്പാദനത്തേക്കാൾ അസംബ്ലിക്ക് മുൻഗണന നൽകിക്കൊണ്ടും, ഇന്ത്യയുടെ തദ്ദേശീയമേഖലയെ അവഗണിച്ചുകൊണ്ടും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല എന്നും അദ്ദേഹം വിമർശിച്ചു.
Highlights: Where has ₹10,000 crore ELI scheme disappeared?: Rahul Gandhi to PM Modi