‘ധർമ്മോ രക്ഷതി’ പറഞ്ഞ് എൻ. പ്രശാന്ത്; പരിഹാസ പോസ്റ്റ് ചർച്ചയാകുന്നു
തിരുവനന്തപുരം(THIRUVANANDAPURAM): ഐഎഎസ് ചേരിപ്പോരിന്റെ പശ്ചാത്തലത്തിൽ സസ്‌പെൻഷനിൽ കഴിയുന്ന കൃഷിവകുപ്പ് മുൻ സെക്രട്ടറി എൻ. പ്രശാന്തിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.
നേരത്തെ എൻ. പ്രശാന്ത് ഉന്നയിച്ച പരാതികൾ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നേരിട്ട് കേൾക്കണമെന്ന് ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 16-ന് ഹിയറിങിന് ഹാജരാകണമെന്നു ആവശ്യപ്പെട്ട് എന്. പ്രശാന്തിന് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ഹിയറിങ് പ്രകൃതത്തിൽ വ്യക്തത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓഡിയോയും വീഡിയോയും റെക്കോർഡ് ചെയ്യുകയും ലൈവ് സ്ട്രീമിങ്ങ് നടത്തുകയും വേണമെന്നതാണ് എൻ. പ്രശാന്തിന്റെ ആവശ്യം. ഇതിനെതിരെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ കഴിഞ്ഞ ദിവസം ഔദ്യോഗികമായി നിലപാട് അറിയിച്ച് ഈ ആവശ്യം നിരസിക്കുകയായിരുന്നു.
എൻ പ്രശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ –
‘‘സിവിൽ സർവീസ് അക്കാദമി: പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന പ്രൊഫ. അടിമക്കണ്ണ് അതിനായി ഉപയോഗിക്കുന്ന വിഡിയോ നമുക്ക് കാണാം. ബ്ലാക്ക് ആന്റ് വൈറ്റ് വിഡിയോ ആണ് നാസ പുറത്ത് വിട്ടത്. ഒന്നും തോന്നരുത്.
ഗോഡ്ഫാദറില്ലാത്ത, വരവിൽ കവിഞ്ഞ് വരുമാനമില്ലാത്ത, ക്രിമിനൽ കേസുകളൊന്നും ഇല്ലാത്ത, പീഡോഫീലിയ കേസ് ഒതുക്കിത്തീർക്കാനില്ലാത്ത, തമിഴ്‌നാട്ടിൽ ടിപ്പറും കാറ്റാടിപ്പാടങ്ങളുമില്ലാത്ത, ബന്ധുക്കൾക്ക് ബാറില്ലാത്ത, പത്രക്കാർ പോക്കറ്റിലില്ലാത്ത, ഡാൻസും പാട്ടുമറിയാത്ത, മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളില്ലാത്തവർക്ക് മാത്രമാണീ ക്ലാസ് ബാധകം. പ്രൊഫ. അടിമക്കണ്ണിന്റെ ക്ലാസ്സിൽ ശ്രദ്ധിക്കാതിരുന്നവർ ആത്മാഭിമാനം, നീതി, ന്യായം, സുതാര്യത, നിയമം, ഭരണഘടന എന്നൊക്കെ പുലമ്പും. കാര്യമാക്കണ്ട. ധർമ്മോ രക്ഷതി രക്ഷതി രക്ഷിതഃ.’’
Highlights: Dharmo Rakshati,” Says N. Prasanth; Satirical Post Sparks Discussion