വർണ്ണവെറിയുടെ രസതന്ത്രം
പ്രകാശ് നാരായണൻ പി
കേരളത്തിലെ മുതിർന്ന ഐ എസ് ഓഫീസറും ചീഫ് സെക്രട്ടറിയായ ശാരദ മുരളീധരൻ തനിക്കുണ്ടായ വർണ്ണ വിവേചനത്തെ നിറം സംബന്ധിച്ച് ഖേദിച്ച് പ്രതിപാദിച്ചത് പുറത്തിറങ്ങിയ ‘അരിക്’ എന്ന സിനിമയുമായി ചേർത്തുവയ്ക്കുമ്പോഴാണ് ഇന്നും പലരുടെയും ഉള്ളിന്റെയുള്ളിൽ അടിഞ്ഞിരിക്കുന്ന വർണ്ണവെറിയുടെ വിഷബീജങ്ങൾ തിരിച്ചറിയപ്പെടുന്നത്.
അരികുവൽക്കരിക്കപ്പെട്ടവരുടെ കഥ:
അരിക് സിനിമ – അറുപതുകൾ മുതൽ വർത്തമാനകാലം വരെ നീണ്ട അരനൂറ്റാണ്ടിലധികം കേരളത്തിൻ്റെ സാമൂഹ്യ ജീവിതത്തിൽ അരിക് വൽക്കരിക്കപ്പെടുവരുടെ കഥ പറയുന്നു. അറുപതുകളിൽ ജാതിശ്രേണിയിൽ മുകളിൽ നിൽക്കുന്നവരോട് കീഴാളജനത ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങിയ കാലമായിരുന്നു.
ഇന്ന് അതിൽ നിന്ന് വന്ന മാറ്റങ്ങളും സിനിമ ആവിഷ്കരിക്കുന്നുണ്ട്. കൂലിപ്പണിക്കാരനായ കണ്ടൻകോരൻ വളരെ ബുദ്ധിമുട്ടിയാണെങ്കിലും മകൻ ശങ്കരന് വിദ്യഭ്യാസം നൽകുന്നു. ശങ്കരൻ പത്രമാഫീസിൽ ജോലി ചെയ്തു അങ്കണവാടി പ്രവർത്തകയായ ഭാര്യയോടൊപ്പം കുടുംബം പുലർത്തുകയും മകൾ ശിഖയെ പഠിപ്പിച്ച് ജഡ്ജിയാക്കുകയും ചെയ്യുന്നു. “പണ്ട് ജാതി വെറിയുള്ളവർ അത് നേരിട്ട് കാണിച്ചിരുന്നതിനാൽ നമുക്ക് അവരെ അറിയാൻ കഴിയും.
എന്നാൽ ഇന്ന് അങ്ങനെയുള്ളവരുടെ ഉള്ളിലാണ് അത് അതുകൊണ്ട് തിരിച്ചറിയാൻ കഴിയില്ല.” കണ്ടൻകോരൻ്റെ വാക്കുകൾ കാലാന്തരത്തിൽ വർണ്ണവെറിക്കുണ്ടായ വ്യതിയാനം സൂചിപ്പിക്കുന്നു. ജഡ്ജിയായി വന്ന ശിഖയെക്കുറിച്ച് വക്കിൽ പറയുന്നത്” ത്രീ വിക്രമൻ സാറൊക്കെയിരുന്ന സീറ്റാണ്, നിറം കണ്ടാൽ തന്നെ അറിയാം മറ്റേതാണെന്ന്” ആ വക്കീലിന് ശിഖയുടെ അമ്മ മുഖമടച്ച് അടി കൊടുക്കുന്നതോടുകൂടിയാണ് ചലച്ചിത്രം അവസാനിക്കുന്നത്.
വർണ്ണവെറിക്ക് നേരെയുള്ള കനത്ത പ്രഹരമായി ഇതിനെ വായിക്കാം. ഇതിനിടയിൽ സംവരണത്തിനെതിരെ ജാതിശ്രേണിയിലുയർന്നവർ ഉന്നയിക്കുന്ന അഭിപ്രായങ്ങളും കടന്നുവരുന്നു. വടക്കെ ഇന്ത്യയിൽ ഇന്നും ദളിതരെ നേരിട്ട് ചവിട്ടിമെതിക്കുന്നതും അപമാനഭാരത്താൽ ദളിത് യുവാവ് ആത്മഹത്യ ചെയ്യുന്നതുമെല്ലാം ചിത്രത്തിലുണ്ട്.
അങ്ങനെ കേരളവും ഇതര സംസ്ഥാനങ്ങളും തമ്മിലുള്ള വർണ്ണവെറിയിലെ വ്യത്യാസവും ചിത്രീകരിക്കുന്നു. അതിനുള്ള കാരണവും സിനിമ അടയാളപ്പെടുത്തുന്നുണ്ട്.
വർണ്ണവെറിയുടെ അടിവേരുകൾ:
ആര്യൻ അധിനിവേശത്തോടുകൂടി ഇന്ത്യയിൽ വർണ്ണ(ജാതി)വ്യവസ്ഥ ദൃഢമായതോടെ വെയിലേറ്റ് ദേഹാധ്വാനമുള്ള ജോലിയിൽ ഏർപ്പെട്ടു. ജാതിശ്രേണിയിൽ ഉയർന്നവരാകട്ടെ അറയിൽ കിടന്നുറങ്ങുകയും ദൈവത്തെ പൂജിക്കുകയും ചെയ്തു.
അതുകൊണ്ടുതന്നെ ആദ്യം പറഞ്ഞ അവരുടെ നിറം താരതമ്യേന കറുപ്പും, രണ്ടാമത്തെ വിഭാഗം വെളുത്തവരുമായി. ഇവിടെ തിയോക്രാറ്റിക്ക് ഫ്യൂഡലിസമാണ് നിലനിന്നത് എന്നതുകൊണ്ട് തന്നെ കീഴാളന്റെ അധമർണ്ണത്വം അവൻ കൂടി അംഗീകരിക്കുന്നതായിരുന്നു.
സ്വാഭാവികമായും അത് നിറത്തിലും പ്രതിഫലിച്ചു. സ്വന്തം ജാതിയോടുള്ള അധമർണ്ണ മനോഭാവം നിറത്തോടുമുണ്ടായി. ബ്രിട്ടീഷ്കാരുടെ വരവോടുകൂടി ഇതു കൂടുതൽ ദൃഢമായി .വെള്ളക്കാരോട് ചേർന്ന് നിന്നിരുന്ന അവരെല്ലാം ജാതിശ്രേണിയിൽ ഉന്നതരായ നാടുവാഴികളും മറ്റുമായിരുന്നല്ലൊ വെള്ളക്കാരെ സംബന്ധിച്ച് ഇന്ത്യക്കാരെല്ലാം കറുത്ത വർവർഗ്ഗക്കാരായിരുന്നെങ്കിലും വെള്ളക്കാരോട് അടുത്തു നിൽക്കുന്നവരുടെ നിറത്തിനും കൂടുതൽ മാന്യത കൈവന്നു.
കേരളീയ സമൂഹം ഇതര ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ വിദ്യഭ്യാസപരമായും മറ്റും പുരോഗതി പ്രാപിച്ചത് കൊണ്ട് തന്നെ ഇവിടെ നേരിട്ട് ജാതി ചോദിക്കുന്നതും മറ്റും അത്ര പ്രകടമല്ല. വിവാഹ പരസ്യം പോലുള്ളയിടങ്ങളിൽ ജാതിയും നിറവും സ്ഥാനം പിടിക്കുന്നുണ്ടുതാനും.
ഉള്ളിന്റെയുള്ളിൽ കിടക്കുന്ന ഈ വിവേചനം ചില സന്ദർഭങ്ങളിൽ മറ നീക്കി പുറത്തുവരും. അത്തരം സന്ദർഭങ്ങളിൽ ആണ് ശാരദ മുരളീധരനും, ആർ എൽ വി രാമകൃഷ്ണനുമെതിരേയും കൂടൽമാണിക്യ ക്ഷേത്രത്തിലും നാം കണ്ടത്.ചില സെലിബ്രിറ്റികൾ പോലും അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം എന്ന് പറയുന്നതും നൂറ്റാണ്ടുകളെ നിലനിൽക്കുന്ന അധമർണ്ണ മനോഭാവത്തിന്റെ ബഹിർസ്ഫുരണമാണ്.
കീഴാളന്റെ നിറം കൂടിയായതുകൊണ്ട് തന്നെയാണ് കറുപ്പിന് ഇത്ര അവമതി നേരിടേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ വർണ്ണവിവേചനത്തിനെതിരായ ശരിയായ പോരാട്ടത്തിലൂടെ മാത്രമേ ഈ അവസ്ഥ കുറിച്ച് കടക്കാനാകൂ. ആശയതലത്തിൽ അത്തരം മാനസികാവസ്ഥ ഉന്മൂലനം ചെയ്യുന്നതിനുള്ള ബോധവൽക്കരണം ആവശ്യമാണ്. എല്ലാ തരത്തിലുമുള്ള അടിച്ചമർത്തലുകൾക്ക് വിധേയരാകുന്നവരുടെ വിമോചനപ്രവർത്തനവുമായി ഇതിനെ കണ്ണിചേർക്കുകയും വേണം.
Highlights: The chemistry of color